ഷാർജ: ഷാർജയിൽ വാഹനം എഞ്ചിൻ ഓഫ് ആക്കാതെയും ഡോർ ലോക്ക് ചെയ്യാതെയും പുറത്തിറങ്ങിയാൽ കനത്ത പിഴ. നിയമലംഘകരിൽ നിന്നും 300 ദിർഹം പിഴ ഈടാക്കാനാണ് തീരുമാനം.

ഇത്തരത്തിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയതായുള്ള പരാതികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. 'വാഹനങ്ങൾ സംരക്ഷിക്കുക, സുരക്ഷിതത്വം ഉറപ്പുവരുത്തുക' എന്ന തലക്കെട്ടിൽ ഷാർജ പൊലീസ് ആരംഭിച്ചിരിക്കുന്ന കാമ്പയിനിന്റെ ഭാഗമായാണ് പൊലീസിന്റെ പുതിയ അറിയിപ്പ്.

വാഹനങ്ങൾ നിർത്തിയിട്ട് സാധനങ്ങൾ വാങ്ങിക്കുവാൻ സൂപ്പർ മാർക്കറ്റുകളിലേക്ക് പോകുന്നതും റെസ്റ്റോറന്റുകളിൽ ഭക്ഷണങ്ങൾക്ക് ഓർഡർ നൽകുന്നതിനുമാണ് പലരും വാഹനങ്ങൾ ഓഫ് ചെയ്യാതെ ഇറങ്ങിപ്പോവുന്നത്. എന്നാൽ അവസരം മുതലെടുത്ത്
മോഷണം സംഘം വാഹനത്തിലെ വിലപിടിപ്പുള്ള സാധനങ്ങളും ചിലപ്പോൾ വാഹനങ്ങൾ തന്നെ കളവു ചെയ്യുന്നതായാണ് കണ്ടുവരുന്നത്. ഇത്തരം മോഷണങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കാനും സാധ്യതയില്ല.