ദുബായ്: എമിറേറ്റിലെ ട്രാഫിക് നിയമത്തിൽ വീണ്ടും പരിഷ്‌ക്കാരം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറക്കി. രണ്ടു വാഹനങ്ങൾ തമ്മിൽ മതിയായ അകലം സൂക്ഷിക്കാത്തവർക്ക് 400 ദിർഹം പിഴ ശിക്ഷ നൽകും. കൂടാതെ നാല് ബ്ലാക്ക് പോയിന്റുകളും ഇടാക്കുമെന്ന് അൽ ബയാൻ റിപ്പോർട്ട് ചെയ്യുന്നു.

എമിറേറ്റിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ഭൂരിഭാഗവും രണ്ടു വാഹനങ്ങൾ തമ്മിൽ വേണ്ടത്ര അകലം സൂക്ഷിക്കാത്തതുകൊണ്ടാണെന്നാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഡ്രൈവർമാർ ഇക്കാര്യത്തിൽ ഏറെ അലംഭാവം കാട്ടുന്നുണ്ടെന്നും ഇത് ഒഴിവാക്കാൻ പിഴ ഈടാക്കുകയെന്നതാണ് പോംവഴിയെന്നുമാണ് വിലയിരുത്തിയിരിക്കുന്നത്. രണ്ടു വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം സൂക്ഷിക്കുന്നതിന് ടേൽ ഗേറ്റിങ് എന്നാണ് പറയുന്നത്. ഇത് ലംഘിക്കുന്നവർക്കാണ് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

മിനിസ്ട്രിയുടെ കണക്ക് അനുസരിച്ച് ഒരു വർഷം 84,000 ട്രാഫിക് നിയമലംഘനങ്ങളാണ് നടക്കുന്നത്. ഇതിൽ വാഹനങ്ങൾ തമ്മിൽ കൃത്യ അകലം സൂക്ഷിക്കുന്നത് അവഗണിക്കുന്നതും ഉൾപ്പെടും. ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് ഇന്റീരിയർ മിനിസ്ട്രി ട്രാഫിക് കാമ്പയിനുകൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത്തരത്തിൽ ഗുരുതരമായ ട്രാഫിക് നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി അവർക്ക് ബോധവത്ക്കരണവും നടത്തി വരുന്നുണ്ട്.