ദുബൈ: ദുബായിൽ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ദുരുപയോഗം ചെയ്താൽ കനത്ത പിഴ ഈടാക്കാൻ നീക്കം. നിയമലംഘകർക്ക് 5000 ദിർഹം വരെ പിഴ ചുമത്തുമെന്ന് ദുബൈ ഹെൽത്ത് അഥോറിറ്റി അറിയിച്ചു. ഒരാളുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡ് മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല.

56 തരം നിയമലംഘനങ്ങൾക്ക് 500 മുതൽ 3.5 ലക്ഷം ദിർഹം വരെ പിഴ ചുമത്താനാണ് ആരോഗ്യ ഇൻഷുറൻസ് നിയമത്തിൽ വ്യവസ്ഥയുള്ളത്.ജൂൺ 30ഓടെ ദുബൈയിലെ താമസക്കാർക്കെല്ലാം ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാവുകയാണ്. ജൂലൈ ഒന്ന് മുതൽ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകാത്ത കമ്പനികൾക്ക് വൈകുന്ന ഓരോ ദിവസത്തിനും 500 ദിർഹം വീതം പിഴ ചുമത്തും.

കുടുംബാംഗങ്ങളെ ഇൻഷുറൻസ് പരിധിയിൽ പെടുത്താത്ത സ്‌പോൺസർമാർക്കും ഇതേ പിഴയുണ്ടാകും. അടിയന്തര ഘട്ടങ്ങളിൽ ജീവനക്കാരുടെ ചികിത്സാ ചെലവുകൾ വഹിക്കാത്ത തൊഴിലുടമകൾക്കും സ്‌പോൺസർമാർക്കും 1000 ദിർഹമാണ് പിഴ. നിയമം അനുശാസിക്കുന്ന വിധത്തിൽ ഉപഭോക്താക്കൾക്ക് സേവനം നൽകാത്ത ഇൻഷുറൻസ് കമ്പനികൾക്ക് 50,000 ദിർഹം പിഴ ചുമത്തുമെന്നും ദുബൈ ഹെൽത്ത് അഥോറിറ്റി വ്യക്തമാക്കി.

25 ശതമാനം താമസക്കാർ കൂടി ആരോഗ്യ ഇൻഷ്വറൻസ് പരിധിയിൽ വരാനുണ്ട്. ഇസ്ആദ് എന്ന് പേരിട്ട നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി മൂന്ന് ഘട്ടങ്ങളായാണ് നടപ്പാക്കിയത്. 1000ലധികം ജീവനക്കാരുള്ള കമ്പനികൾക്ക് ആദ്യഘട്ടത്തിലും 100 മുതൽ 999 വരെ ജീവനക്കാരുള്ള കമ്പനികൾക്ക് രണ്ടാം ഘട്ടത്തിലും ഇൻഷുറൻസ് നിർബന്ധമാക്കി. 100ൽ താഴെ ജീവനക്കാരുള്ള കമ്പനികളാണ് മൂന്നാം ഘട്ടത്തിൽ വരുന്നത്. ഇത്തരം കമ്പനികൾ ജൂൺ 30നകം എല്ലാ ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം.

ഇതോടൊപ്പം കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഇൻഷുറൻസ് പരിധിയിൽ വരും. ജീവനക്കാരുടെ ഇൻഷ്വറൻസ് ചെലവ് വഹിക്കേണ്ടത് കമ്പനികളാണെങ്കിലും കുടുംബാംഗങ്ങളുടേതും വീട്ടുജോലിക്കാരുടേതും സ്‌പോൺസർമാർ നൽകണം. താമസ കുടിയേറ്റ വകുപ്പുമായി ഇൻഷ്വറൻസ് സംവിധാനത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് വിസ അനുവദിക്കുകയോ പുതുക്കുകയോ ചെയ്യില്ല. ജീവനക്കാർക്ക് ഇൻഷ്വറൻസ് നൽകാത്ത കമ്പനികൾക്ക് 500 മുതൽ 1,50,000 ദിർഹം വരെ പിഴ ചുമത്തും.

നിയമലംഘനം ആവർത്തിച്ചാൽ പിഴ അഞ്ച് ലക്ഷം ദിർഹം വരെയാകും. ദുബൈ ഹെൽത്ത് അഥോറിറ്റിയുടെ അംഗീകാരമുള്ള 46 ആരോഗ്യ ഇൻഷ്വറൻസ് കമ്പനികളാണുള്ളത്. ഏറ്റവും കുറഞ്ഞ വാർഷിക പ്രീമിയം 500 700 ദിർഹമാണ്. പരമാവധി 1.5 ലക്ഷം ദിർഹത്തിന്റെ ചികിത്സക്ക് വരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും