ദുബൈ: ദുബയിൽ ഹെൽത്ത് ഇൻഷ്യൂറൻസും വിസയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇൻഷ്യൂറൻസ് ഇല്ലാത്ത തൊഴിലാളികൾക്ക് വിസ ലഭിക്കണമെങ്കിലോ പുതുക്കണമെങ്കിലോ ഇൻഷ്യൂറൻസ് നിർബന്ധമാക്കുന്നതാണ് പുതിയ പദ്ധതി. ഓഗസ്റ്റ് ഒന്നുമുതൽ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് ദുബൈ ഹെൽത്ത് അഥോറിറ്റി (ഡി.എച്ച്.എ.) പത്രക്കുറിപ്പിൽ അറിയിച്ചു.

പുതിയ നിയമ പ്രകാരം നൂറോ അതിന് മുകളിലോ ജീവനക്കാരുള്ള കമ്പനികൾക്ക് കീഴിൽ വിസ ലഭിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും ഇൻഷുറൻസ് നിർബന്ധമാകും. എമിറേറ്റിൽ താമസിക്കുന്ന മുഴുവൻ ആളുകൾക്കും ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2014 ഫെബ്രുവരിയിലാണ് സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് ദുബൈ ഗവൺമെന്റ് തുടക്കമിട്ടത്.

മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ രണ്ടാംഘട്ടത്തിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന് അവസരം നൽകിയിരുന്നത് നൂറിനും 999നുമിടയിൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് . ജൂലായ് 31നകം ഈ കമ്പനികളിൽനിന്നുള്ള ആറുലക്ഷം ജീവനക്കാർ പദ്ധതിയിൽ പങ്കാളികളാകുമെന്ന പ്രതീക്ഷ ഡി.എച്ച്.എ. ഡയറക്ടർ ഹുമൈദ് മുഹമ്മദ് ഉബൈദ് അൽ ഖതമി പങ്കുവച്ചു. ആദ്യഘട്ടത്തിൽ, ആയിരവും അതിനുമീതെയും ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് സമയം അനുവദിച്ചിരുന്നത്. ഇരുഘട്ടങ്ങളിലുമായി ഇതുവരെ 12 ലക്ഷം ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.

രണ്ടാംഘട്ട ഇൻഷുറൻസ് പദ്ധതിയുടെ അവസാന ദിവസമായ ജൂലായ് 31 ന് തൊട്ടടുത്ത ദിവസം മുതൽ തന്നെ പുതിയ നിബന്ധന പ്രാബല്യത്തിൽ വരും. ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുത്തി ഇൻഷുറൻസ് നിർബന്ധമാക്കപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാർക്കായിരിക്കും നിബന്ധന ബാധകമാകുന്നത്. അതേസമയം മൂന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പുതിയ നിബന്ധന ഇപ്പോൾ ബാധകമാകില്ല.

ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന് 2016 ജൂൺ വരെ സമയം അനുവദിച്ചിട്ടുണ്ട്. ജീവനക്കാരുടെ സ്‌പോൺസർഷിപ്പിലുള്ള ഭാര്യ, മക്കൾ, മറ്റ് ആശ്രിതർ തുടങ്ങിയവർക്ക് ഇൻഷുറൻസ് ഉറപ്പാക്കുന്നതിനുള്ള സമയപരിധിയും 2016 ജൂണിലാണ് അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങൾക്കും വിസ ലഭിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാകില്ല.

വിവിധഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുമായി സഹകരിക്കുന്നതിന് അംഗീകാരമുള്ള 45 ഇൻഷുറൻസ് കമ്പനികൾ എമിറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. ഇൻഷുറൻസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്www.ishad.ae എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.