കൊച്ചി: പരസ്യമായി സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ സർക്കാർ പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹർജി ഹൈക്കോടതി തള്ളി. മാഞ്ഞൂരാനെതിരായ കേസ് റദ്ദാക്കാനാകില്ലെന്നു പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. കേസിൽ കുറ്റപത്രം ഇപ്പോൾ വിചാരണക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസ് ഇപ്പോൾ റദ്ദാക്കാനാകില്ലെന്നും ഹൈക്കോടതിയിൽ പൊലീസ് അറിയിച്ചു. പൊലീസിന്റെ വിശദീകരണത്തെ തുടർന്ന് എഫ്‌ഐആർ റദ്ദാക്കണമെന്ന മാഞ്ഞൂരാന്റെ ഹർജി ഹൈക്കോടതി തള്ളി.

പൊലീസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജി അപ്രസക്തമാണെന്നു നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പരസ്യമായി പൊതുവഴിയിൽ സ്ത്രീയെ കടന്നു പിടിക്കാൻ ശ്രമിച്ച കേസിലാണ് ഗവൺമെന്റ് പ്ലീഡറായ ധനേഷ് മാത്യു മാഞ്ഞൂരാനെ അറസ്റ്റ് ചെയ്തത്. ഇതേതുടർന്ന് മാഞ്ഞൂരാനെതിരായ വാർത്ത റിപ്പോർട്ട് ചെയ്തതിന് അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തി. കോടതി വളപ്പിൽ മാദ്ധ്യമപ്രവർത്തകരെ അഭിഭാഷകർ ആക്രമിച്ചതടക്കം ഇതിന്റെ പേരിലായിരുന്നു.