ചെന്നൈ: വിവാദമായ ജെല്ലിക്കെട്ടിനെ പിന്തുണച്ച് തമിഴ് സൂപ്പർ താരം ധനുഷ് രംഗത്ത്. മൃഗസംരക്ഷണ സംഘടനയായ പേട്ടയുമായി ബന്ധമില്ലെന്നും താരം ട്വിറ്ററിൽ കുറിച്ചു.

ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഇതുവരെ ഞാനൊരു അഭിപ്രായവും പറഞ്ഞിട്ടില്ല. എന്നാൽ ഞാൻ ജെല്ലിക്കെട്ടിനെ പിന്തുണയ്ക്കുന്നു. ജെല്ലിക്കെട്ടിനെ എതിർക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ധനുഷ് ട്വീറ്റ് ചെയ്തു.

ജെല്ലിക്കെട്ടിനെ എതിർക്കുന്ന മൃഗസംരക്ഷണ സംഘടനയാണു പേട്ട. അവരുമായി എനിക്ക് ബന്ധവുമില്ല. ഞാൻ പേട്ടയുടെ ബ്രാൻഡ് അംബാസഡറല്ല. നല്ല വെജിറ്റേറിയനായതിനാൽ അവർ ഒരിക്കൽ എനിക്ക് പുരസ്‌കാരം നലകി ആദരിച്ചിട്ടുണ്ടെന്നും ധനുഷ് പറഞ്ഞു.

തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് ധനുഷ് രംഗത്ത് വന്നത്. മൃഗങ്ങൾക്കെതിരായ പീഡനങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. പതിമൂന്നാം നൂറ്റാണ്ട് മുതൽ തമിഴ്‌നാട്ടിൽ പ്രചാരത്തിലുള്ള കായിക വിനോദമാണ് ജെല്ലിക്കെട്ട്.