- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ധർമ്മടത്ത് കെഎസ് ബ്രിഗേഡിനായി സമ്മർദ്ദം അതിശക്തം; പിണറായിയെ തോൽപ്പിക്കാൻ നേമം മോഡൽ സ്ഥാനാർത്ഥി വേണമെന്ന് ഇമെയിലുകൾ; പിണറായിയ്ക്കെതിരെ വെല്ലുവിളി ഏറ്റെടുക്കാൻ മുല്ലപ്പള്ളിയും സർവ്വ സജ്ജൻ; ധർമ്മടത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയും അതിശക്തനാകുമോ? പിണറായിയെ നാട്ടിൽ തളച്ചിടാൻ തന്ത്രമൊരുക്കൽ; നിർണ്ണായകം ആന്റണിയുടെ മനസ്സ്
തിരുവനന്തപുരം: ധർമ്മടത്ത് പിണറായി വിജയനാണ് സ്ഥാനാർത്ഥി. സിപിഎമ്മിന്റെ കോട്ടയാണ് ധർമ്മടം. ഇവിടെ ബിജെപിയുടെ സ്ഥാനാർത്ഥിയായി എത്തുന്നത് സികെ പത്മനാഭനാണ്. പിണറായിയ്ക്കെതിരെ അതിശക്തനെ അവതരിപ്പിക്കുകായണ് ബിജെപി. ബിജെപിയോടും സിപിഎമ്മിനോടും ഒരു പോലെ മത്സരത്തിലാണ് കോൺഗ്രസ്. നേമത്ത് കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കിയത് ബിജെപിയ്ക്കെതിരായ സന്ദേശം നൽകലിന്റെ ഭാഗം. ഇതിന് സമാനമായി ധർമ്മടത്തും കരുത്തനെ കോൺഗ്രസ് ഇറക്കണമെന്നാണ് ആവശ്യം.
കെ സുധാകരന്റെ പേരാണ് കണ്ണൂരിലെ കോൺഗ്രസിലെ അണികൾ മുമ്പോട്ട് വയ്ക്കുന്നത്. മുരളീധരന് നൽകിയതിന് സമാനമായ ഇളവ് സുധാകരനും നൽകണമെന്നാണ് ആവശ്യം. ധർമ്മടത്ത് പിണറായിയ്ക്കെതിരെ മത്സരിക്കാൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും തയ്യാറാണ്. എന്നാൽ എല്ലാ വശവും പരിശോധിച്ചാകും സ്ഥാനാർത്ഥിയെ നിർത്തുക. സുധാകരന് വേണ്ടി ഇമെയിലുകളും ഹൈക്കമാണ്ടിന് മുമ്പിലേക്ക് പോകുന്നു. കെഎസ് ബ്രിഗേഡാണ് ഇതിന് പിന്നിൽ. എന്നാൽ ജയസാധ്യത തിരേ കുറവുള്ള മണ്ഡലത്തിൽ മുല്ലപ്പള്ളിയേയും സുധാകരനേയും പരീക്ഷിക്കാൻ കോൺഗ്രസ് ഹൈക്കമാണ്ടിന് താൽപ്പര്യമില്ല.
ഇക്കാര്യത്തിൽ സമ്മർദ്ദം അതിശക്തമാണ്. അതുകൊണ്ട് തന്നെ എകെ ആന്റിയുമായി ഇക്കാര്യം ഹൈക്കമാണ്ട് പ്രതിനിധികൾ ചർച്ച ചെയ്യും. ആൻണിയുടെ മനസ്സ് അറിഞ്ഞാകും അന്തിമ പ്രഖ്യാപനം. ഇനി പ്രഖ്യാപിക്കുന്ന സീറ്റുകളിൽ ഒന്ന് മുല്ലപ്പള്ളിക്കായി മാറ്റി വയ്ക്കുമെന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെ സംഭവിച്ചാൽ ധർമ്മടത്ത് മുല്ലപ്പള്ളി മത്സരിക്കുകയും കെപിസിസിയുടെ താൽകാലിക അധ്യക്ഷനായി സുധാകരൻ എത്തുകയും ചെയ്യും. എന്നാൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇതിന് എതിരാണ്. ഈ സാഹചര്യത്തിൽ സുധാകരന്റെ നീക്കമെല്ലാം പാളാനാണ് സാധ്യത.
ധർമ്മടത്ത് അതിശക്തനെ കോൺഗ്രസ് മത്സരിപ്പിച്ചാൽ പിണറായി കുടുക്കിലാകും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് അതിശക്തമായ മത്സരം സുധാകരൻ കാഴ്ച വച്ചിരുന്നു. കണ്ണൂരിലെ എംപിയെ ധർമ്മടത്തു നിയമസഭാ തെരഞ്ഞെടുപ്പിൽ പരീക്ഷിച്ചാൽ ജയിക്കാനാകുമെന്നാണ് കെ എസ് ബ്രിഗേഡ് പറയുന്നത്. ഇത്തരത്തിൽ ധർമ്മടത്ത് പോരാട്ടം കനത്താൽ പ്രചരണ സമയത്തിന്റെ ഏറിയ പങ്കും ധർമ്മടത്തു തന്നെ പിണറായിക്ക് ചെലവഴിക്കേണ്ടിയും വരും. ഇതും കെ എസിന് വേണ്ടി വാദിക്കുന്നവരുടെ മനസ്സിൽ നിറയുന്നുണ്ട്.
നേരത്തെ കണ്ണൂരിൽ മുല്ലപ്പള്ളിയെ മത്സരിപ്പിക്കാൻ സുധാകരൻ ശ്രമിച്ചിരുന്നു. കെപിസിസി അധ്യക്ഷ പദവി ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാൽ സതീശൻ പാച്ചേനി നടത്തിയ നീക്കങ്ങൾ ഇത് പൊളിച്ചു. ഇതിന് പിന്നാലെയാണ് ധർമ്മടം ചർച്ചകളിൽ എത്തുന്നത്. കെ. സുധാകരനെ ധർമ്മടത്ത് സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് എത്തുന്ന ഇ -മെയിലുകൾക്ക് ഏറെയാണ്. കണ്ണൂരിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരുടേതാണ് ഇ-മെയിലുകൾ.
കെ.സുധാകരൻ മത്സരിക്കണമെന്നത് കോൺഗ്രസ് പ്രവർത്തകരുടെ പൊതു വികാരമാണെന്ന് ഡിസിസി നേതാവ് മമ്പറം ദിവാകരനും പറഞ്ഞു. കൂടാതെ ധർമ്മടം സീറ്റ് വേണ്ടെന്ന് ഫോർവേർഡ് ബ്ലോക്ക് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ദേശീയ നേതൃത്വം ഇതുവരെയും പ്രതികരിച്ചിട്ടില്ല. ധർമ്മടത്ത് കെ. സുധാകരൻ മത്സരിച്ചാൽ മികച്ച വിജയം നേടുമെന്നാണ് പ്രവർത്തകരുടെ വാദം. ധർമ്മടം മണ്ഡലത്തിലെ ചില പഞ്ചായത്തുകളിൽ ഭരണം നേടാൻ കോൺഗ്രസിന് കഴിഞ്ഞതാണ് പ്രവർത്തകരുടെ പ്രതീക്ഷ.
അതേസമയം,ധർമ്മടത്ത് മത്സരിക്കണമെന്ന നിർദ്ദേശം ഫോർവേർഡ് ബ്ലോക്ക് തള്ളി. ധർമ്മടത്തിന് പകരം മറ്റൊരു സീറ്റ് നൽകണമെന്നും ഫോർവേർഡ് ബ്ലോക്ക് ആവശ്യപ്പെട്ടു. കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ പാർട്ടി ഇക്കാര്യത്തിൽ നിലപാട് അറിയിക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ