കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ശേഷം നടൻ ദിലീപ് ആലുവ സബ് ജയിലിൽ നിന്നും മോചിതനായ വേളയിൽ ജയിലിന് പുറത്തെത്തി പൊട്ടിക്കരഞ്ഞ നടനാണ് ധർമ്മജൻ ബൊൾഗാട്ടി. ധർമ്മജന്റെ പൊട്ടിക്കരയലും അന്ന് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അന്ന് എന്തിനാണ് താൻ കരഞ്ഞതെന്ന് വെളിപ്പെടുത്തി ധർമ്മജൻ രംഗത്തെത്തി.

അന്ന് കരഞ്ഞതിനെപ്പറ്റി ധർമജൻ പറയുന്നതിങ്ങനെ...അന്ന് ദിലീപേട്ടനെ കണ്ടപ്പോൾ ഞാൻ കരഞ്ഞെന്ന് പറഞ്ഞ് ട്രോൾ ഒക്കെ വന്നിരുന്നല്ലോ.. എനിക്ക് ദിലീപേട്ടനെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം കൊണ്ട് കരഞ്ഞു പോയതാണ്.

എനിക്ക് ദിലീപേട്ടനുമായുള്ളത് അത്രയും വലിയ അടുപ്പമാണ്. വെറും സൗഹൃദം മാത്രമല്ല അത്. സ്വന്തം ചേട്ടനെ പോലെ തന്നെയാണ് എനിക്ക് ദിലീപേട്ടൻ. എന്നെ സിനിമയിൽ കൊണ്ടു വന്നത് ദിലീപേട്ടനാണ്. പലപ്പോഴും താങ്ങായും തണലായും നിന്നിട്ടുണ്ട്. ആ ബന്ധം അങ്ങനെ വാക്കുകളിൽ ഒതുക്കാൻ കഴിയില്ല. എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അദ്ദേഹം അന്വേഷിക്കും. പുതിയ വീട് വച്ചപ്പോൾ സമ്മാനങ്ങൾ വാങ്ങിത്തന്നു. എന്റെ വീട്ടിലെ കട്ടിലും എസിയുമൊക്കെ ദിലീപേട്ടൻ വാങ്ങിത്തന്നതാണ് ധർമജൻ പറഞ്ഞു.

പാപ്പി അപ്പച്ചൻ എന്ന ചിത്രത്തിലൂടെ ദിലീപാണ് ധർമജന് അവസരം നൽകിയത്. തുടർന്ന് മൈ ബോസ്, സൗണ്ട് തോമ, വില്ലാളി വീരൻ, ലൈഫ് ഓഫ് ജോസൂട്ടി, വെൽകം ടു സെൻട്രൽ ജയിൽ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ധർമജൻ ദിലീപിനൊപ്പം അഭിനയിച്ചു. കൂടാതെ ഒത്തിരി സ്റ്റേജ് ഷോകളും ഇരുവരും ഒന്നിച്ച് ചെയ്തിട്ടുണ്ട്. ഇതിന്റെയൊക്കെ നന്ദി എപ്പോഴും തനിക്കുണ്ടാവുമെന്നും ധർമജൻ പറഞ്ഞു.