- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനുഗ്രഹം തേടി ധർമജൻ ബോൾഗാട്ടി കാരന്തൂർ മർക്കസിൽ; കാന്തപുരത്തെ സന്ദർശിച്ചത് കെ എം അഭിജിത്തിനും, ദിനേശ് പെരുമണ്ണയ്ക്കും ഒപ്പം; മണ്ഡലങ്ങളിൽ ആദ്യഘട്ട പ്രചാരണം തുടരുന്നു
കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർത്ഥികൾ കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ അനുഗ്രഹം തേടി കാരന്തൂർ മർക്കസിലെത്തി. ബാലുശ്ശേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടിയും കോഴിക്കോട് നോർത്തിൽ മത്സരിക്കുന്ന കെ.എം അഭിജിത്തും കുന്ദമംഗലത്തെ മുസ്ലിം ലീഗ് സ്വതന്ത്രൻ ദിനേശ് പെരുമണ്ണ എന്നിവരാണ് കാരന്തൂർ മർക്കസിലെത്തിയത്.
എം.കെ രാഘവൻ എംപി, ജില്ല പഞ്ചായത്ത് അംഗങ്ങളായ നാസർ എസ്റ്റേറ്റ്മുക്ക്, ഐ.പി രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ധർമജൻ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. ജനുവരിയിൽതന്നെ ധർമജൻ ബാലുശ്ശേരിയിലെ കോൺഗ്രസ് പ്രാദേശിക പരിപാടികളിലും മറ്റും പങ്കെടുത്തിരുന്നു. ഫെബ്രുവരിയിൽ മണ്ഡലത്തിലെ കലാകാരന്മാരെയും രാഷ്ട്രീയക്കാരേയും കണ്ടിരുന്നു.
ബാലുശേരിയിൽ യുഡിഎഫിന്റെ ശബ്ദം ഉയർന്ന് കേൾക്കാനുള്ള സാധ്യത കൂടുതലാണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ധർമജൻ പറഞ്ഞിരുന്നു. ആത്മവിശ്വാസം വർധിച്ചു. കോൺഗ്രസ് - മുസ്ലിം ലീഗ് പ്രവർത്തകരെല്ലാം ഉണർന്ന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം പ്രവർത്തകരുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ തുറന്ന് ജീപ്പിലാണ് ധർമജൻ മണ്ഡലത്തിലേക്ക് എത്തിയത്.
നടനും സംവിധായകനുമായ രമേഷ് പിഷാരടിയും ധർമജനൊപ്പമുണ്ടായിരുന്നു. ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. 'ആത്മവിശ്വാസം തുടക്കം മുതലുള്ളതിനാലാണ് ഇതിനായി ഇറങ്ങിപ്പുറപ്പെട്ടത്. അടുത്തകാലത്തായി ഏറ്റവുമധികം ചിന്തിച്ചെടുത്ത തീരുമാനത്തിലൊന്നാണിതെന്നും രമേഷ് പിഷാരടി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ