തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു ഫലം ഞായറാഴ്‌ച്ച വരാനിരിക്കവേ ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുമെന്നാണ് മനോരമ ന്യൂസ് എക്‌സിറ്റ് പോൾ സർവേ റിസൽട്ട്. ഇതോടെ വോട്ടെടുപ്പു കഴിഞ്ഞയുടൻ നേപ്പാളിലേക്ക് പോയ നടൻ ധർമ്മജൻ ശനിയാഴ്‌ച്ച തിരിച്ചെത്തും. ഞായറാഴ്‌ച്ച തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ധർമ്മജൻ കേരളത്തിലെത്തുന്നത്. രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ബിബിൻ ജോർജ് നായകനായ ചിത്രത്തിലാണ് ധർമ്മജനും പ്രധാന വേഷത്തിലെത്തുന്നത്. എയ്ഞ്ചൽ മരിയ ക്രിയേഷൻസിന്റെ ബാനറിൽ ലോറൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ നേപ്പാളാണ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ധർമ്മജൻ നേപ്പാളിലേക്ക് പോയത്. ആദ്യം മുതൽ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ധർമ്മജൻ.
യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ല. ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണറത്തിയാൽ ബാലുശ്ശേരി യുഡിഎഫിന് നേടാൻ സാധിക്കുമെന്നായിരുന്നു ധർമ്മജന്റെ പക്ഷം.

എന്നാൽ ഇടത് സ്ഥാനാർത്ഥിയായ സച്ചിൻ ദേവിന് മുൻതൂക്കം നൽകുന്നതാണ് സർവ്വേകൾ. ധർമ്മജന്റെ അപ്രതീക്ഷിത വരവോടെ ശ്രദ്ധ നേടിയ മണ്ഡലത്തിൽ വലിയ ഓളം സൃഷ്ടിക്കാനായില്ലെന്ന് ഏഷ്യാനെറ്റ് സി ഫോർ സർവ്വേ പറയുന്നു.

15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷൻ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷൻ കടലുണ്ടി തന്നെയാണ് വിജയിച്ചത്. ബാലുശേരിയിൽ ധർമ്മജൻ അല്ല, മോഹൻലാൽ വന്ന് മത്സരിച്ചാലും എൽ.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷൻ കടലുണ്ടി പ്രതികരിച്ചിരുന്നു. എന്നാൽ രമേശ് പിഷാരടി ഉൾപ്പെടെയുള്ള സെലിബ്രിറ്റി പ്രചരണമായിരുന്നു ബാലുശ്ശേരിയിൽ നടന്നത്.