- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഷാരടി വരെ വിളിച്ചു ചോദിച്ചു, ‘ടാ, കേട്ടതിൽ വല്ല കയ്യുമുണ്ടോ' എന്ന്; വൈപ്പിനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നു എന്ന വാർത്തകളെ കുറിച്ച് പ്രതികരിച്ച് നടൻ ധർമജൻ ബോൾഗാട്ടി
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പുതുമുഖങ്ങളോടൊപ്പം സിനിമാ താരങ്ങളേയും കോൺഗ്രസ് പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇക്കൂട്ടത്തിൽ നടൻ ധർമജൻ ബോൾഗാട്ടിയെ മത്സരത്തിനിറക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്ന പ്രചാരണവും ശക്തമാണ്. എറണാകുളം ജില്ലയിലെ വൈപ്പിനിൽ നിന്ന് ധർമ്മജനെ മത്സരിപ്പിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ഇത്തരം വാർത്തകളുടെ വാസ്തവം എന്തെന്ന് വ്യക്തമാക്കുകയാണ് ധർമ്മജൻ.
വൈപ്പിനിലെ സ്ഥാനാർത്ഥി ആകുന്നതിന് കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും, താൻ പാർട്ടി അനുഭാവിയായതിനാൽ ആരോ പടച്ചുവിട്ട വാർത്തയാണിത് എന്നുമാണ് ധർമജൻ പറയുന്നത്. താൻ സ്ഥാനാർത്ഥിയാകുന്നു എന്ന വാർത്ത കേട്ട് പിഷാരടി വരെ ഇപ്പോൾ വിളിച്ചു ചോദിച്ചു, ‘ടാ, കേട്ടതിൽ വല്ല കയ്യുമുണ്ടോ' എന്ന്.
അവനോട് പറഞ്ഞത് തന്നെയാണ് കേരളത്തോടും പറയാനുള്ളത്. തനിക്ക് ഇതിൽ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന താൻ എഴുന്നേറ്റപ്പോൾ സ്ഥാനാർത്ഥിയായി . ഇതൊന്നും താനൊറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല, കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേർന്നെടുക്കേണ്ട തീരുമാനമാണെന്നും ധർമജൻപ്രതികരിച്ചു.
വൈപ്പിനിൽ സ്ഥാനാർത്ഥി ആകുന്നുവെന്ന് ഒരു പ്രസ്താവന പോലും താൻ നടത്തിയിട്ടില്ല. പുതിയ ആൾക്കാരെ പരിഗണിക്കുന്നു എന്നതും വൈപ്പിൻ തന്റെ ഏരിയയും ആയതിനാലാകാം അത്തരത്തിലൊരു വാർത്ത വന്നതെന്നും താരം പറയുന്നു. പണ്ടേ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയവനാണ് താനെന്നും പാർട്ടിക്കു വേണ്ടി സമരം ചെയ്ത് ജയിലിൽ വരെ കിടന്ന താൻ ഇനി എങ്ങോട്ട് ഇറങ്ങാനാണ് ധർമ്മജൻ പറയുന്നു. മത്സരിക്കാനാണെങ്കിൽ തന്നെ കോൺഗ്രസിലേക്കേ താൻ പോവുകയുള്ളുവെന്നും മുഴുവൻസമയം രാഷ്ട്രീയക്കാരനായിരിക്കുമെന്നുമാണ് താരത്തിന്റെ നിലപാട്.
പഠിക്കുന്ന കാലത്ത് തന്നെ ധർമ്മജൻ ബോൾഗാട്ടി കോൺഗ്രസിലും സേവാദളിലും സജീവമായി പ്രവർത്തിച്ച വ്യക്തിയാണ്.നേരത്തേ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് നിയമസഭാ സീറ്റ് തന്നാൽ മത്സരിക്കുമോയെന്ന് ചോദിച്ചാൽ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഇരിക്കും എന്നായിരുന്നു ധർമജൻ റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചത്. അതേസമയം താൻ കോൺഗ്രസിനുള്ളിലെ കമ്മ്യൂണിസ്റ്റ് ആയിരുന്നുവെന്നും അതുകൊണ്ട് തന്നെ സ്ഥാനമാനങ്ങൾ തനിക്ക് നൽകാൻ പാർട്ടി മടിക്കുമെന്നും താരം പറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്