- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസി സെക്രട്ടറി തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ധർമജൻ ബോൽഗാട്ടി; താനറിയാതെ വ്യാപകപണപ്പിരിവ് നടത്തി; ആരോപണങ്ങൾ നിരത്തി കെപിസിസിക്ക് പരാതി; ലീഗിനെ ഒപ്പം നിർത്താൻ കഴിയാത്തതും പരാജയകാരണമായി; സൈബർ അറ്റാക്ക് നടത്തുന്ന മനോരോഗികൾക്ക് മറുപടി ഇല്ലെന്നും ധർമജൻ
തിരുവനന്തപുരം: ബാലുശ്ശേരി മണ്ഡലത്തിൽ തന്നെ പരാജയപ്പെടുത്താൻ ഒരു കെപിസിസി സെക്രട്ടറി ശ്രമിച്ചതായി കെപിസിസിക്ക് ധർമജൻ ബോൽഗാട്ടിയുടെ പരാതി. അവരുടെ കയ്യിൽ പേമെന്റ് സ്ഥാനാർത്ഥി ഉണ്ടായിരുന്നു. അതുകൊണ്ടാണ് തന്നെ ബാലുശ്ശേരിയിലേയ്ക്ക് പരിഗണിച്ചപ്പോൾ അവർ എതിർത്തത്. എന്നിട്ടും സ്ഥാനാർത്ഥിയാക്കാൻ നേതൃത്വം തീരുമാനിച്ചപ്പോൾ പരാജയപ്പെടുത്താനുള്ള വഴികൾ തേടുകയായിരുന്നു. രണ്ട് തവണ മണ്ഡലത്തിൽ മൽസരിച്ചയാളാണ് തന്നെ തോൽപ്പിക്കാൻ ശ്രമിച്ചത്. ബാലുശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചുമതല രണ്ട് മന്ത്രിമാർക്കായിരുന്നപ്പോൾ എന്റെ തെരഞ്ഞെടുപ്പ് ചുമതല ഉള്ളവരായിരുന്നു എനിക്കെതിരെ പ്രവർത്തിച്ചതും. അവർ ഞാനറിയാതെ വ്യാപക പണപ്പിരിവും നടത്തി. സെൻട്രൽ കമ്മിറ്റിയിൽ അതാത് ദിവസത്തെ അവലോകന യോഗങ്ങൾ പോലും കൃത്യമായി ചേർന്നിരുന്നില്ലെന്നും ധർമജൻ മറുനാടനോട് പറഞ്ഞു.
തോൽവി അംഗീകരിക്കുന്നു. എന്നാൽ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നയാൾ തന്നെ പാർട്ടിയെ ഉള്ളിൽ നിന്നും ചതിക്കുന്നത് കോൺഗ്രസുകാരനെന്ന നിലയ്ക്ക് പൊറുക്കാനാവില്ല. ഇലക്ഷൻ അവലോകന റിപ്പോർട്ട് നൽകാൻ പാർട്ടി ആവശ്യപ്പെട്ടപ്പോഴാണ് റിപ്പോർട്ടിനൊപ്പം പരാതി കൂടി ഞാൻ കെപിസിസി നേതൃത്വത്തിന് കൈമാറിയത്. കെപിസിസി പ്രസിഡന്റിനും മറ്റ് നേതാക്കൾക്കും പരാതി നൽകിയിട്ടുണ്ട്.
മുസ്ലിം ലീഗിനെ ഒപ്പം നിർത്താൻ കഴിയാത്തതും പരാജയകാരണമായെന്ന് ധർമജൻ കൂട്ടിച്ചേർത്തു. കഴിഞ്ഞതവണ ലീഗിന്റെ സ്ഥാനാർത്ഥി നിന്നപ്പോൾ കോൺഗ്രസ് വേണ്ടത്ര പ്രവർത്തിച്ചില്ല എന്ന പരാതി അവർക്കിടയിലുണ്ട്. അത് ഇത്തവണത്തെ പ്രവർത്തനത്തിൽ പ്രതിഫലിച്ചു. മാത്രമല്ല പൗരത്വ ബിൽ നടപ്പാകാതിരിക്കണമെങ്കിൽ എൽഡിഎഫ് തന്നെ വരണമെന്ന ധാരണ അവർക്ക് സൃഷ്ടിക്കാൻ കഴിഞ്ഞതും മുസ്ലിം സമുദായത്തെ സ്വാധീനിച്ചു
സാമൂഹ്യമാധ്യമങ്ങളിലെ ആക്രമണങ്ങളിൽ ഭയക്കുന്നയാളല്ല ഞാൻ. എന്റെ മകളുടെ ഫോട്ടോയ്ക്ക് കീഴിൽ പോലും അസഭ്യ കമന്റുകൾ എഴുതുന്ന സൈബർ മനോരോഗികളാണ് ഇവിടെയുള്ളത്. അത്തരം മനോരോഗികളോട് ഒന്നും പറയാനില്ലെന്നും ധർമജൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കാലത്ത് എന്നെ കോമാളിയെന്നും മിമിക്രിക്കാരനെന്നുമൊക്കെ അവർ പറഞ്ഞുനടന്നു. ഞാൻ അതൊന്നും കണക്കാക്കുന്നില്ല. അദ്ദേഹം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ