കോഴിക്കോട്: ബാലുശ്ശേരിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയെ മത്സരിപ്പിക്കരുതെന്ന് കാട്ടി യുഡിഎഫ് ബാലുശേരി നിയോജക മണ്ഡലം കമ്മിറ്റി പാർട്ടി നേതൃത്വത്തിന് കത്തു നൽകിയെന്ന മാധ്യമ വാർത്ത ശരിയല്ലെന്ന് മണ്ഡലം കമ്മിറ്റി. കമ്മിറ്റിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കത്തുമായി തനിക്ക് ബന്ധമില്ലെന്ന് മണ്ഡലം കമ്മിറ്റി കൺവീനർ നിസാർ ചേലേരി വ്യക്തമാക്കി. ബാലുശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കത്തുമായി യുഡിഫ് കൺവീനർ എന്ന നിലയിൽ എനിക്ക് യാതൊരു ബന്ധവുമില്ല. ഈ കത്തിൽ കൺവീനറുടെ പേരും ഒപ്പും ഉള്ളതായി കാണുന്നു. താൻ ഈ കത്തിൽ ഒപ്പ് വെച്ചിട്ടില്ലെന്നും നിസാർ ചേലേരി ഫേസ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി മൂന്നു മേഖലാ ക്യാമ്പുകൾ നടത്തുന്നതിനെ കുറിച്ചും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ ക്യാമ്പ് നടത്തുന്നതിനെ സംബന്ധിച്ചും വോട്ട് ലിസ്റ്റിൽ പേര് ചേർക്കുന്നത് ഊർജിതമാക്കുന്നതിനെ സംബന്ധിച്ച ചർച്ചയും തീരുമാനങ്ങളുമാണ് ഉണ്ടായത്.

യോഗത്തിൽ ക്രിയാത്മകമായ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള കത്ത് മേൽകമ്മിറ്റികൾക്ക് നൽകാൻ തീരുമാനം എടുത്തിട്ടില്ല. ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ കോൺഗ്രസ് മത്സരിക്കുന്ന സാഹചര്യത്തിൽ കെപിസിസി പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാർത്ഥിയെയും വിജയിപ്പിക്കാൻ രംഗത്തിറങ്ങുക എന്നതാണ് ലീഗിന്റെ പ്രഖ്യാപിത നിലപാടും പാരമ്പര്യവും. ആയതിനാൽ ബാലുശ്ശേരിയിൽ യുഡിഫ് പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാർത്ഥിയെയും വിജയിപ്പിക്കാൻ പാർട്ടി നിശ്ചയിച്ച കൺവീനർ എന്ന നിലയിൽ നേതൃപരമായ പങ്ക് നിർവഹിക്കുമെന്ന് ഉറപ്പു നൽകുന്നു.

'നാട് നന്നാകാൻ യുഡിഎഫ്' എന്ന മുദ്രാവാക്യത്തോടൊപ്പം ചേർന്ന് ആത്മാർത്ഥതയോടെ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ഇക്കുറി ബാലുശ്ശേരിയിൽ നിന്ന് സ്ഥാനാർത്ഥി ആരായാലും യുഡിഫ്‌നു ഒരു എം എൽ എ ഉണ്ടാകുമെന്നും നിസാർ ചേലേരി വ്യക്തമാക്കി. ബാലുശ്ശേരി മണ്ഡലത്തിൽ സ്ഥാനാർത്ഥി പട്ടികയിലുള്ള നടൻ ധർമജൻ ബോൾഗാട്ടിക്കെതിരെ കെപിസിസിക്ക് പരാതിയെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.

ബാലുശ്ശേരി യു ഡി എഫ് യോഗമാണ് താരത്തെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പരാതി നൽകിയിട്ടുള്ളതെന്നും ധർമ്മജനെ മത്സരിപ്പിച്ചാൽ നടി ആക്രമിക്കപ്പെട്ട കേസ് എതിരാളികൾ ചർച്ചയാക്കും. ഇതിന് മറുപടി പറയേണ്ടി വരും. ഇത് യുഡിഎഫിന് ആക്ഷേപമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് മണ്ഡലം കമ്മിറ്റി രംഗത്ത് എത്തിയതെന്നും വാർത്തകളിലുണ്ടായിരുന്നു.

ബാലുശ്ശേരി കോ ഓപ്പറേറ്റീവ് കോളേജിൽ ചേർന്ന യു ഡി എഫ് യോഗമാണ് ഐകകണ്‌ഠ്യേന ധർമജനെ മണ്ഡലത്തിൽ നിർത്തരുതെന്ന് ആവശ്യപ്പെട്ടതെന്നായിരുന്നു വാർത്തയിൽ ഉണ്ടായിരുന്നതെങ്കിലും ഇക്കാര്യം നിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ് കൺവീനർ.