തിരുവനന്തപുരം: മിനി സ്‌ക്രീനിൽ എന്നും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരജോഡികളാണ് രമേഷ് പിഷാരടിയും ധർമജനും. സ്‌ക്രീനിന് പിന്നിൽ ഉറ്റചങ്ങാതിമാരായ ധർമ്മജനും പിഷാരടിയും ജീവിതത്തിലും സൗഹൃദത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇരുവരും ഒരുമിക്കുന്ന വേളയിൽ മലയാളികൾക്ക് ചിരിക്കാൻ ഇഷ്ടംപോലെ വക ലഭിക്കാറുണ്ട്.

കോമഡിയിൽ കൗണ്ടറുകളുമായി ആളുകളെ കൈയിലെടുക്കുന്ന പിഷാരടി തന്റെ പ്രിയസുഹൃത്ത് ധർമജന് പിറന്നാൾ സമ്മാനമായി നൽകിയത് എന്നും ഓർക്കുന്ന ഒരുപിടി നല്ല ഓർമ്മകളായിരുന്നു. ഇരുവരും തമ്മിലുള്ള 15 വർഷത്തെ സൗഹൃദം 1.45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാക്കിയാണ് പിഷാരടി ധർമജന് പിറന്നാൾ സമ്മാനമൊരുക്കിയത്.

എന്നേക്കാൾ എത്രയോ വയസ്സ് മൂത്തതാണ് ധർമജൻ. എന്നാലും ഒരിക്കൽപോലും ചേട്ടാ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. അതാണ് സൗഹൃദം. പിറന്നാൾ ആശംസകൾ നേർന്നുള്ള വീഡിയോക്ക് താഴെ പിഷാരടി ഇങ്ങനെ എഴുതിയിരിക്കുന്നു.