- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിറ്റ് ചാർട്ടിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് 'ദർശന' സോംഗ്; ഒന്നര ദിവസത്തിൽ 3.5 മില്യൺ കാഴ്ചകൾ; വിനീത് ചിത്രമെത്തുന്നത് അഞ്ചുവർഷത്തെ ഇടവേളക്ക് ശേഷം
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനാവുന്ന 'ഹൃദയം' നിരവധി പ്രത്യേകതകളുള്ള ചിത്രമായാണ് പ്രേക്ഷകർ തുടക്കം മുതലേ മനസിലാക്കിയിരുന്നത്. ഓരോ ഘട്ടത്തിൽ പുറത്തെത്തിയ അപ്‌ഡേറ്റുകളും ആ കൗതുകത്തെ വർധിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ ദിവസം ആദ്യ വീഡിയോഗാനം പുറത്തെത്തിയതോടെ പ്രണവ് മോഹൻലാലിന് മികച്ച ബ്രേക്ക് നൽകാൻ സാധ്യതയുള്ള ചിത്രമായും ഹൃദയം പരിഗണിക്കപ്പെടുന്നു. അതേസമയം അണിയറക്കാർ ആദ്യം പുറത്തുവിട്ടിരിക്കുന്ന 'ദർശന' സോംഗ് യുട്യൂബ് ട്രെൻഡ്‌സ് ലിസ്റ്റിൽ സംഗീത വിഭാഗത്തിൽ ഒന്നാമതായി തുടരുകയാണ്.
പ്രണവിന്റെ നായകയായെത്തുന്ന ദർശന രാജേന്ദ്രൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ദർശന എന്നാണ്. നായികയുടെ പേരിലുള്ള നായകന്റെ അഭിസംബോധന എന്ന രീതിയിലാണ് ഗാനത്തിന്റെ വരികൾ. ഒരു എൻജിനീയറിങ് കോളെജിലെ പ്രണയകഥ എന്ന സൂചന നൽകുന്നതുമായിരുന്നു ഗാനം. പാട്ടുകളുടെ എണ്ണത്തിലും റെക്കോർഡ് ഇട്ടാണ് ചിത്രം വരുന്നത്. ആകെ 15 ഗാനങ്ങളാണ് ചിത്രത്തിൽ. ഒപ്പം ഗാനങ്ങൾ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്ദുൾ വഹാബ് ആണ് 'ഹൃദയ'ത്തിന്റെ സംഗീത സംവിധായകൻ. കല്യാണി പ്രിയദർശനാണ് മറ്റൊരു പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജേക്കബിന്റെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനർ ആയിരുന്ന മെറിലാൻഡിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ. എഡിറ്റിങ് രഞ്ജൻ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോർജ്. ചമയം ഹസൻ വണ്ടൂർ. ചീഫ് അസോസിയേറ്റ് ഡയറക്റ്റർ അനിൽ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റർ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുൺ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികൾ. മെരിലാൻഡ് സിനിമാസ് ചിത്രം തിയറ്ററുകളിൽ എത്തിക്കും. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രമാണിത്.
മറുനാടന് മലയാളി ബ്യൂറോ