കണ്ണൂർ ന്മ ഇടുക്കി ഗവ.എൻജിനീയറിങ് കോളജിൽ കുത്തേറ്റു കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ സംസ്‌കാരത്തിനായി എട്ടു സെന്റ് ഭൂമി സിപിഎം വിലയ്ക്കു വാങ്ങി. വീടിനു സമീപത്തെ ഈ സ്ഥലത്ത് ധീരജിനായി സ്മാരകം പണിയും. ധീരജിന് നാട് കണ്ണീരിൽ കുതിർന്ന സ്മരാണാഞ്ജലിയാണ് അർപ്പിക്കുന്നത്. ധീരജിനെ കൊന്ന കേസിൽ നിഖിൽ പൈലി കുറ്റസമ്മതം നടത്തി.

പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവം ആസൂത്രിതം. സമാധാനപരമായി നടന്ന കോളേജ് തെരഞ്ഞെടുപ്പിന് ശേഷം പുറത്തെത്തിയ വിദ്യാർത്ഥികളെ ക്യാമ്പസിൽ മാരകായുധവുമായി കാത്തുനിന്ന യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം ആക്രമിക്കുകയായിരുന്നു. കൊല്ലണമെന്ന ഉദേശത്തോടെ ധീരജിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. കുത്തേറ്റ മറ്റൊരു വിദ്യാർത്ഥിയെ ഇടുക്കി മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒരു വിദ്യാർത്ഥിയുടെ തോളെല്ലിനും ഗുരുതര പരിക്കുണ്ട്.

ക്യാമ്പസിൽ യാതൊരു സംഘർഷവും നിലനിന്നിരുന്നില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നതായും കോളേജ് പ്രിൻസിപ്പൽ നേരത്തെ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കെഎസ്‌യുയൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊന്നത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജീനിയറിങ് ഏഴാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു. കണ്ണൂർ തളിപ്പറമ്പ് പാൽകുളങ്ങര ആതിര നിവാസിൽ (അദ്വൈതം) രാജേന്ദ്രന്റെ മകനാണ്.

കോൺഗ്രസ് ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ള നിഖിൽ പൈലിയാണ് ധീരജിനെ കുത്തിയതെന്ന് സ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥികൾ പറഞ്ഞു.യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റാണ് നിഖിൽ. നിഖിലാണ് കുത്തിയതെന്ന് പൊലീസും സ്ഥിരീകരിച്ചു. കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയും കെഎസ്‌യുവിന്റെ ഒരു ഭാരവാഹിയും അക്രമിസംഘത്തിനൊപ്പം ഉണ്ടായിരുന്നുവെന്ന് എസ്എഫ്ഐ നേതാക്കൾ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ടു നാലുമണിക്കുശേഷം തളിപ്പറമ്പിൽ ഹർത്താൽ ആചരിക്കും. ആറു മണിയോടെ ധീരജിന്റെ മൃതദേഹം തളിപ്പറമ്പിൽ എത്തിക്കും. കേസിൽ അഞ്ച് പ്രതികൾകൂടി പിടിയിലായി. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ കെഎസ്‌യു എസ്എഫ്‌ഐ സംഘർഷത്തിലാണ് ധീരജ് രാജേന്ദ്രന് കുത്തേറ്റത്.

അമ്മയും അച്ഛനും രണ്ടു മക്കളുമടങ്ങിയ കുടുംബത്തിൽ ധീരജ് നിറച്ചിരുന്നത് സന്തോഷത്തിന്റെ പാട്ടുകളായിരുന്നു. അടുത്ത സൃഹൃത്തുക്കളോട് നിറയെ സംസാരിക്കുന്ന ധീരജ് നാട്ടുകാർക്ക് നന്നായി പഠിക്കുന്ന കുട്ടിയാണ്. തളിപ്പറമ്പ് 'ചിന്മയ'യിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. എൻട്രൻസ് എഴുതിയശേഷം അവന്റെയും അമ്മയുടെയും ആഗ്രഹമായിരുന്നു എൻജിനിയറിങ് പഠനം. ദൂരെയായതിനാൽ അടുത്തെവിടെയെങ്കിലും ചേരാമെന്ന് അമ്മ ഒരിക്കൽ പറയുകയുംചെയ്തു. പക്ഷേ, സർക്കാർ കോളേജിലെ പഠനമെന്ന ധീരജിന്റെ ആഗ്രഹത്തിനുമുന്നിൽ അമ്മ വഴങ്ങുകയായിരുന്നു.

പഠനത്തിൽ എന്നും മിടുക്കനായിരുന്നു ധീരജ്. കൂടെ പഠിച്ചവരും അമ്മയുടെ സഹപ്രവർത്തകരുടെ മക്കളുമെല്ലാം പേരെടുത്ത കോച്ചിങ് സെന്ററുകൾ തേടിപ്പോയപ്പോൾ കണ്ണൂരിൽതന്നെ മതിയെന്നായിരുന്നു ധീരജിന്റെ തീരുമാനം. മികച്ച റാങ്ക് നേടി എൻജിനിയറിങ്ങിനു ചേർന്ന ധീരജ് കോളേജിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായി. ഒരു സെമസ്റ്റർകൂടിയാണ് ഇനി ബാക്കിയുള്ളത്. കൂവോട്ടെ താലൂക്ക് ആയുർവേദ ആശുപത്രിയിൽ നഴ്സായ അമ്മ പുഷ്‌കലയോട് ധീരജിന് അപകടം പറ്റിയെന്ന് പറഞ്ഞാണ് സഹപ്രവർത്തകർ വീട്ടിലെത്തിച്ചത്. അച്ഛൻ രാജേന്ദ്രനും സഹോദരൻ അദ്വൈതും വീട്ടിലുണ്ടായിരുന്നു. അവരോടും പരിസരവാസികൾ അപകടം പറ്റിയെന്നാണ് പറഞ്ഞത്. പുഷ്‌കലയുടെ ഫോൺപോലും വിവരമറിഞ്ഞ സഹപ്രവർത്തകർ മാറ്റിവച്ചിരുന്നു. പരിസരവാസികളും മറ്റും എത്തിയതോടെ വീട്ടിൽ നിലവിളിയുയർന്നു.

പ്രകോപനമൊന്നുമില്ലാതെയാണ് ക്രിമിനൽസംഘം ഒരു കുടുംബത്തിന്റെ ആശ്രയവും അത്താണിയുമായി മാറേണ്ട ധീരജെന്ന ഇരുപത്തൊന്നുകാരന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയത്. കൂട്ടുകാർക്കിടയിൽ ഇഷ്ടപ്പെട്ട കലാകാരനും സഹൃദയനുമായിരുന്നു ധീരജ്. കോളേജിലും ഹോസ്റ്റലിലും പ്രിയപ്പെട്ടവൻ. പൈനാവ് എൻജിനിയറിങ് ക്യാമ്പസിൽ നല്ല പാട്ടുകാരനായി വിദ്യാർത്ഥികളുടെ ഹൃദയത്തുടിപ്പായി മാറിയ കലാകാരനായിരുന്നു ധീരജ്. ലളിതഗാനത്തിലും ശാസ്ത്രീയ ഗാനത്തിലുമെല്ലാം നല്ല പ്രാവീണ്യം നേടിയിരുന്നു. ഏത് ഗാനം കേട്ടാലും കൂട്ടുകാരുടെ മുന്നിൽ പാടാറുണ്ട്. മെറിറ്റിൽ പ്രവേശനം ലഭിച്ച് ക്യാമ്പസിലെത്തിയ നാൾ മുതൽ എസ്എഫ്ഐയുമായി സഹകരിച്ച് പ്രവർത്തിച്ചു.

പിന്നീട് യൂണിറ്റ് കമ്മിറ്റിയംഗമായി. എപ്പോഴും ഏത് വിദ്യാർത്ഥികൾക്കും സമീപിക്കാൻ കഴിയുന്ന സഹായിയുമായിരുന്നു. നാലാംവർഷ വിദ്യാർത്ഥിയായിരിക്കുമ്പോഴും ജൂനിയർ വിദ്യാർത്ഥികളോടുള്ള ഇടപെടലിലൂടെ വലിയ സുഹൃദ്ബന്ധവും കലാലയത്തിൽ ധീരജിനുണ്ടായിരുന്നു. ഭാവിവാഗ്ദാനമാവേണ്ട കുരുന്നിനെ അകാലത്തിൽ ക്രിമിനലുകൾ വകവരുത്തിയെന്ന ഞെട്ടലിലാണ് കൂട്ടുകാരും ബന്ധുക്കളും.