തൊടുപുഴ: ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിപ്പട്ടികയിലുള്ള രണ്ടു പേർ പൊലീസിൽ കീഴടങ്ങി. ധീരജിനെ കൊലപ്പെടുത്തുന്ന സമയത്ത് മുഖ്യപ്രതിയായ നിഖിൽ പൈലിക്ക് ഒപ്പമുണ്ടായിരുന്നവരാണിവർ.

കെഎസ്‌യു ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, കെഎസ്‌യു ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് ടോണി തേക്കിലക്കാടൻ എന്നിവരാണ് കുളമാവ് പൊലീസിനു മുന്നിൽ കീഴടങ്ങിയത്. ഇന്നലെ വൈകിട്ട് അഞ്ചിനാണ് ഇരുവരും കീഴടങ്ങിയത്. പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകൂ. 6 പ്രതികളുള്ള കേസിൽ ഇനി രണ്ടു പേർകൂടി പിടിയിലാകാനുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്ന 6 കെഎസ്‌യു പ്രവർത്തകരെ ഇന്നലെ വിട്ടയച്ചു.

റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയെയും ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോയെയും കസ്റ്റഡിയിൽ നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്നലെ കോടതിയിൽ അപേക്ഷ നൽകി. ഇരുവരെയും പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം. അതിനിടെ ധീരജ് വധക്കേസിൽ കേസന്വേഷണം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടുക്കി ഡിവൈഎസ്‌പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. സംഭവത്തിനു ശേഷം പ്രതികൾ വിളിച്ചിട്ടുള്ള ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

രണ്ടുപേർ കീഴടങ്ങിയതോടെ ഇതുവരെ പിടിയിലായവരുടെ എണ്ണം നാലായി. ഒന്നാം പ്രതി നിഖിൽ പൈലിയെ ബുധനാഴ്ച സ്ഥലത്തെത്തിച്ച് തെളിവെടുത്തെങ്കിലും നിർണായക തെളിവായ കത്തി കണ്ടെത്താനായില്ല. സംഭവശേഷം ഇയാൾ വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. നിരവധിപേരെ ഇതിനകം പൊലീസ് ചോദ്യം ചെയ്തു. പ്രതികൾ സംഘംചേർന്ന് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരായ ആറുപേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഒന്നാംപ്രതി നിഖിൽ പൈലി തോക്ക് അടക്കമുള്ള ആയുധപരിശീലനം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, കേസിൽ സിപിഎമ്മിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നതെന്ന ആരോപണവുമായി ഇടുക്കി ഡിസിസി രംഗത്തെത്തി. കൊലപാതകം ആസൂത്രിതമാണെന്നു സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് ആരോപിച്ചു. ഇടുക്കി എൻജിനീയറിങ് കോളജിൽ നടക്കാനുണ്ടായിരുന്ന പരീക്ഷ കനത്ത പൊലീസ് കാവലിൽ ഇന്നലെ നടത്തി. 13 പേരാണു പരീക്ഷ എഴുതാനുണ്ടായിരുന്നത്. സുരക്ഷയെക്കരുതി കൂടുതൽ വിദ്യാർത്ഥികളെ സംസ്ഥാനത്തെ മറ്റു കോളജുകളിലേക്കു മാറ്റിയാണ് പരീക്ഷ നടത്തിയത്.

ഇടുക്കി എൻജിനീയറിങ് കോളജിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം മുള്ളുവിള എസ്എച്ച്ജി നഗർ പുണർതം വീട്ടിൽ എ.എസ്.അമലിനെ ഇന്നലെ വിട്ടയച്ചു. മുറിവ് ഭേദമായിത്തുടങ്ങിയതോടെയാണ് ബന്ധുക്കളോടൊപ്പം വിട്ടയച്ചത്. നെഞ്ചിനു ഗുരുതരമായി പരുക്കേറ്റ തൃശൂർ മഴുവൻചേരി തുളപറമ്പിൽ അഭിജിത് ടി.സുനിലിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നെഞ്ചിൽ നേരിയ അണുബാധ ഉണ്ടായതിനെത്തുടർന്ന് ബന്ധുക്കളുടെ താൽപര്യപ്രകാരമാണ് തൃശൂരിലേക്ക് കഴിഞ്ഞദിവസം കൊണ്ടുപോയത്.