- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിൽ കൊല്ലപ്പെട്ട ധീരജിന്റെ വേരുകൾ തിരുവനന്തപുരത്ത്; അച്ഛൻ രാജേന്ദ്രൻ പാലോടിന് ചിരപരിചിതനായ ടാക്സി ഡ്രൈവർ; കണ്ണൂരിലേയ്ക്ക് മാറിയത് അമ്മയുടെ ജോലിയുടെ ഭാഗമായി; ധീരജിന്റെ വിയോഗത്തിൽ തേങ്ങി തലസ്ഥാനവും
തിരുവനന്തപുരം: കൊല്ലപ്പെട്ട ഇടുക്കി പൈനാവ് എഞ്ജിനിയറിങ് കോളേജിലെ വിദ്യാർത്ഥി ധീരജിന്റെ കുടുംബ വേരുകൾ തിരുവനന്തപുരത്ത്. പാലോട് നിവാസിയാണ് ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ ഏറെക്കാലം ഇവിടെ ടാക്സി ഡ്രൈവറുമായിരുന്നു.
9020 എന്ന നമ്പരിലുള്ള അംബാസിഡർ കാർ പാലോടുകാർക്ക് ഇന്നും നല്ല ഓർമയുണ്ട്. നാട്ടുകാരുടെ എന്ത് ആവശ്യത്തിനും പെട്ടെന്ന് ഓടിയെത്തുന്ന ടാക്സി ഡ്രൈവറായിരുന്നു രാജേന്ദ്രനെന്ന് നാട്ടുകാരും ഓർമിക്കുന്നു. പാലോട് ജവഹർകോളനിയിലായിരുന്നു അദ്ദേഹത്തിന്റെ വീട്. ധീരജിന്റെ അമ്മ പുഷ്പകലയ്ക്ക് സർക്കാർ ജോലി ലഭിക്കുകയും കണ്ണൂരിൽ നിയമനം ലഭിക്കുകയും ചെയ്തതോടെയാണ് അവർ പാലോട് നിന്നും കണ്ണൂർ തളിപ്പറമ്പിലേയ്ക്ക് താമസം മാറ്റിയത്. ആയൂർവേദ നേഴ്സാണ് പുഷ്പകല. അച്ഛൻ രാജേന്ദ്രൻ ഇപ്പോൾ എൽഐസി ഏജന്റായി പ്രവർത്തിക്കുന്നു
പഠനത്തിൽ എന്നും മിടുക്കനായിരുന്നു ധീരജ്. കൂടെ പഠിച്ചവരും അമ്മയുടെ സഹപ്രവർത്തകരുടെ മക്കളുമെല്ലാം പേരെടുത്ത കോച്ചിങ് സെന്ററുകൾ തേടിപ്പോയപ്പോൾ കണ്ണൂരിൽതന്നെ മതിയെന്നായിരുന്നു ധീരജിന്റെ തീരുമാനം. മികച്ച റാങ്ക് നേടി എൻജിനിയറിങ്ങിനു ചേർന്ന ധീരജ് കോളേജിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായി. ഒരു സെമസ്റ്റർകൂടിയാണ് ഇനി ബാക്കിയുള്ളത്. കൂവോട്ടെ താലൂക്ക് ആയുർവേദ ആശുപത്രിയിൽ നഴ്സായ അമ്മ പുഷ്കലയോട് ധീരജിന് അപകടം പറ്റിയെന്ന് പറഞ്ഞാണ് സഹപ്രവർത്തകർ വീട്ടിലെത്തിച്ചത്. അച്ഛൻ രാജേന്ദ്രനും സഹോദരൻ അദ്വൈതും വീട്ടിലുണ്ടായിരുന്നു. അവരോടും പരിസരവാസികൾ അപകടം പറ്റിയെന്നാണ് പറഞ്ഞത്. പുഷ്കലയുടെ ഫോൺപോലും വിവരമറിഞ്ഞ സഹപ്രവർത്തകർ മാറ്റിവച്ചിരുന്നു. പരിസരവാസികളും മറ്റും എത്തിയതോടെ വീട്ടിൽ നിലവിളിയുയർന്നു.
പൈനാവ് എൻജിനിയറിങ് ക്യാമ്പസിൽ നല്ല പാട്ടുകാരനായി വിദ്യാർത്ഥികളുടെ ഹൃദയത്തുടിപ്പായി മാറിയ കലാകാരനായിരുന്നു ധീരജ്. ലളിതഗാനത്തിലും ശാസ്ത്രീയ ഗാനത്തിലുമെല്ലാം നല്ല പ്രാവീണ്യം നേടിയിരുന്നു. ഏത് ഗാനം കേട്ടാലും കൂട്ടുകാരുടെ മുന്നിൽ പാടാറുണ്ട്. മെറിറ്റിൽ പ്രവേശനം ലഭിച്ച് ക്യാമ്പസിലെത്തിയ നാൾ മുതൽ എസ്എഫ്ഐയുമായി സഹകരിച്ച് പ്രവർത്തിച്ചു.
പിന്നീട് യൂണിറ്റ് കമ്മിറ്റിയംഗമായി. എപ്പോഴും ഏത് വിദ്യാർത്ഥികൾക്കും സമീപിക്കാൻ കഴിയുന്ന സഹായിയുമായിരുന്നു. നാലാംവർഷ വിദ്യാർത്ഥിയായിരിക്കുമ്പോഴും ജൂനിയർ വിദ്യാർത്ഥികളോടുള്ള ഇടപെടലിലൂടെ വലിയ സുഹൃദ്ബന്ധവും കലാലയത്തിൽ ധീരജിനുണ്ടായിരുന്നു. ഭാവിവാഗ്ദാനമാവേണ്ട കുരുന്നിനെ അകാലത്തിൽ ക്രിമിനലുകൾ വകവരുത്തിയെന്ന ഞെട്ടലിലാണ് കൂട്ടുകാരും ബന്ധുക്കളും.
അതേസമയം ധീരജിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും. ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം ഒരുക്കും. വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങും. ഇവിടെ മൃതദേഹം സംസ്കരിക്കാനാണ് തീരുമാനം. ഈ സ്ഥലത്ത് ധീരജിന് സ്മാരകം പണിയും. ധീരജിന്റെ ജന്മനാടായ തളിപ്പറമ്പിൽ നാളെ നാലുമണിക്ക് ശേഷം സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ക്യാമ്പസിൽ ചേർന്നതിന് ശേഷമാണ് ധീരജ് എസ്എഫ്ഐയുടെ സജീവ പ്രവർത്തകനാകുന്നത്. നാട്ടിൽ സജീവ രാഷ്ട്രിയ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നില്ല. കണ്ണൂർ തൃച്ചംബരം വട്ടപ്പാറയിലാണ് ധീരജിന്റെ വീട്. അമ്മയും അചഛനും ഒരു സഹോദരനുമാണ് വീട്ടിലുള്ളത്. ഇവർ സ്വന്തമായി വീട് വെച്ചിട്ട് 2 വർഷം മാത്രമേ ആയിട്ടുള്ളൂ. മൂന്ന് വർഷമായി പഠനവുമായി ബന്ധപ്പെട്ട് ധീരജ് കൂടുതൽ സമയവും ഇടുക്കിയിൽ തന്നെയായിരുന്നു. സംഭവം അറിഞ്ഞ് വീട്ടുകാരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന ആശങ്കയിലും ഞെട്ടലിലുമാണ് നാട്ടുകാർ.
ധീരജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഒരു സംഘർഷവുമില്ലാതെയുള്ള ഏകപക്ഷീയമായ ആക്രമണമാണിത്. അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമെന്നും മന്ത്രി പറഞ്ഞു. വർഷങ്ങളായി എസ്എഫ്ഐയാണ് ഇടുക്കി എൻജിനീയറിങ് കോളജ് യൂണിയൻ ഭരിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചതിനെ തുടർന്ന് ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ഹോസ്റ്റലുകളിലും മറ്റുമുള്ള വിദ്യാർത്ഥികളും എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്നും പ്രിൻസിപ്പൽ നിർദേശിച്ചു.