- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്താലെന്ന് എഫ്ഐആർ; ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി എസ് പി; കറുപ്പുസ്വാമിയുടെ പ്രസ്താവനകൾ സിപിഎം വാദങ്ങളെ തള്ളും; കുത്തിയത് എസ്എഫ്ഐക്കാർ മർദിച്ചപ്പോഴെന്ന് പ്രതിയുടെ മൊഴി; പൈനാവിൽ സംഭവിച്ചതിന് പിന്നിൽ രാഷ്ട്രീയമില്ല
ഇടുക്കി: ഇടുക്കി ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ വിദ്യാർത്ഥിയായ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്താലെന്ന് എഫ്ഐആർ. പിടിയിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിന് ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി എസ്പി മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്നുള്ള സംഘർഷമാണ് കൊലപാതകത്തിലേക്ക് എത്തിയത്.
നിഖിൽ പൈലി, ജെറിൻ ജോജോ ഉൾപ്പടെ ആറ് പേരെയാണ് എഫ്ഐആറിൽ പ്രതി ചേർത്തിരിക്കുന്നതെന്നും എസ്പി പറഞ്ഞു. അറസ്റ്റിലായ രണ്ട് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കെഎസ്യു യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ ഉൾപ്പെടെ രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. പറവൂരിൽ നിന്നാണ് കെ എസ് യു കോളജ് യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ പിടിയിലായത്.
കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ വാദം തള്ളുന്നതാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രതികരണം. പൈനാവിൽ സംഭവിച്ച ദാരുണമായ കൊലപാതകത്തിന് പിന്നിൽ പെട്ടന്നുണ്ടായ പ്രകോപനമാണെന്നാണ് പൊലീസിന്റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.
ധീരജ് രാജേന്ദ്രനെ കുത്തി വീഴ്ത്തിയ യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളേജ് പരിസരത്ത് എത്തിയതെന്നാണ് നിഖിൽ പൊലീസിനോട് പറഞ്ഞത്. എസ്എഫ്ഐക്കാർ മർദിച്ചപ്പോഴാണ് കുത്തിയത്. പേന കത്തി കരുതിയത് സ്വയരക്ഷയ്ക്ക് ആണെന്നുമാണ് പ്രതിയുടെ മൊഴി. ക്യാമ്പസിന് പുറത്ത് നിൽക്കുമ്പോൾ സംഘർഷം ഉണ്ടായത് കണ്ട് ഓടി രക്ഷപെടുകയായിരുന്നു എന്നാണ് ജെറിൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പുറത്ത് നിന്ന് ആരും ക്യാംപസിൽ കയറിയിട്ടില്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തർക്കങ്ങൾ മാത്രമാണുണ്ടായതെന്നും പ്രിൻസിപ്പൽ പറഞ്ഞിരുന്നു.
ധീരജിനെ കുത്തിയ ശേഷം പ്രതി ഉപേക്ഷിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിഖിൽ ഉൾപ്പെടെ ആറു പേരാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് കെ എസ് യു യൂണിറ്റ് സെക്രട്ടറി അലക്സ് റഫെൽ. കസ്റ്റഡിയിലുള്ള രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്യകയാണ്. പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.
അതേ സമയം പോസ്റ്റുമോർട്ടത്തിനു ശേഷം ധീരജിന്റെ മൃതദേഹം വിലാപയാത്രയായി ജന്മനാട്ടിലേക്ക് തിരിച്ചു. ധീരജിന് വീടിനോട് ചേർന്ന് സ്ഥലത്ത് അന്ത്യവിശ്രമം ഒരുക്കും. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങി. മൃതദേഹം സംസ്കരിച്ച് ഈ സ്ഥലത്ത് ധീരജിന് സ്മാരകം നിർമ്മിക്കാനാണ് തീരുമാനം.
വൈകിട്ടോടെ ഭൗതികശരീരം കണ്ണൂരിൽ എത്തിക്കും. ജില്ലാ അതിർത്തി മുതൽ ബൈക്ക് റാലിയോട് കൂടിയ വിലാപയാത്രയും തളിപ്പറമ്പിൽ പൊതുദർശനമുണ്ട്. വിലാപയാത്ര കടന്നുപോകുന്ന വഴിയിൽ സുരക്ഷ ശക്തമാക്കാൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി. ഡിസിസി ഉൾപ്പടെയുള്ള കോൺഗ്രസ് ഓഫീസുകളിലും ജാഗ്രത കർശനമാക്കി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വാഹനത്തിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വൈകിട്ട് നാല് മണിക്ക് ശേഷം തളിപ്പറമ്പ് നഗരസഭാ പരിധിയിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ