- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത് താൻ തന്നെ; കുറ്റം സമ്മതിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി; കേസിൽ നാല് കെ.എസ്.യു പ്രവർത്തകരും കസ്റ്റഡിയിൽ; ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയില്ല; വീടിനോട് ചേർന്ന് ധീരജിന് സ്മാരകം നിർമ്മിക്കാൻ എട്ടു സെന്റ് സ്ഥലം വാങ്ങാൻ സിപിഎം; കുടുംബത്തെ പാർട്ടി ഏറ്റെടുക്കും
കൊച്ചി: ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത് താൻ തന്നെ എന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി. പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ നിഖിൽ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. കരിമണൽ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാത്രിയോടെ ഇടുക്കിയിലേക്ക് കൊണ്ടുപോയി. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖിൽ പൈലി.
സംഭവ സ്ഥലത്തുനിന്നും എറണാകുളം ജില്ലയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിഖിൽ പിടിയിലായത്. കരിമ്പൻ ടൗണിൽനിന്നും സ്വകാര്യ ബസിൽ നേര്യമംഗലത്തേക്ക് പോകും വഴി കരിമണലിൽ വച്ചാണ് പൊലീസ് ബസ് തടഞ്ഞ് നിഖിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ ബസിൽ സഞ്ചരിക്കുന്ന വിവരം സഹയാത്രക്കാർ പൊലീസിന് കൈമാറുകയായിരുന്നു.
ധീരജിന്റെ കൊലപാതകത്തിൽ നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് പേരും എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾ ആണ്. എല്ലാവരും കെഎസ് യു പ്രവർത്തകരാണ്. നിഖിലിനൊപ്പം ബസിൽ യാത്ര ചെയ്ത മറ്റൊരാളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ധീരജ് രാജേന്ദ്രൻ കുത്തേറ്റു മരിച്ചത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ധീരജിനു കുത്തേറ്റത്. ഏഴാം സെമസ്റ്റർ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ധീരജ്.
അതേസമയം എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും. ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം ഒരുക്കും. വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങും. ഇവിടെ മൃതദേഹം സംസ്‌കരിക്കാനാണ് തീരുമാനം. ഈ സ്ഥലത്ത് ധീരജിന് സ്മാരകം പണിയും. ധീരജിന്റെ ജന്മനാടായ തളിപ്പറമ്പിൽ നാളെ നാലുമണിക്ക് ശേഷം സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ക്യാമ്പസിൽ ചേർന്നതിന് ശേഷമാണ് ധീരജ് എസ്എഫ്ഐയുടെ സജീവ പ്രവർത്തകനാകുന്നത്. നാട്ടിൽ സജീവ രാഷ്ട്രിയ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നില്ല. കണ്ണൂർ തൃച്ചംബരം വട്ടപ്പാറയിലാണ് ധീരജിന്റെ വീട്. അമ്മയും അചഛനും ഒരു സഹോദരനുമാണ് വീട്ടിലുള്ളത്. അച്ഛൻ എൽഐസി ജീവനക്കാരനും അമ്മ ആയുർവേദ ആശുപത്രി നഴ്സുമാണ്. ഇവർ സ്വന്തമായി വീട് വെച്ചിട്ട് 2 വർഷം മാത്രമേ ആയിട്ടുള്ളൂ. മൂന്ന് വർഷമായി പഠനവുമായി ബന്ധപ്പെട്ട് ധീരജ് കൂടുതൽ സമയവും ഇടുക്കിയിൽ തന്നെയായിരുന്നു. സംഭവം അറിഞ്ഞ് വീട്ടുകാരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന ആശങ്കയിലും ഞെട്ടലിലുമാണ് നാട്ടുകാർ.
ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ ധീരജ് ഇന്ന് കെഎസ് യു പ്രവർത്തകരുടെ കുത്തേറ്റ് മരിച്ചത്. ആക്രമണത്തിൽ രണ്ടു പേർക്കു പരുക്കേറ്റു. തൃശൂർ സ്വദേശി ടി.അഭിജിത്ത്, അമൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരുടെ നില ഗുരുതരമാണ്. ധീരജിന്റെ കഴുത്തിലാണ് കുത്തേറ്റത്. കുത്തേറ്റ ധീരജിനെ ഉടനെ തന്നെ ഒപ്പമുള്ളവർ ഇടുക്കി മെഡിക്കൽ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ധീരജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഒരു സംഘർഷവുമില്ലാതെയുള്ള ഏകപക്ഷീയമായ ആക്രമണമാണിത്. അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമെന്നും മന്ത്രി പറഞ്ഞു. വർഷങ്ങളായി എസ്എഫ്‌ഐയാണ് ഇടുക്കി എൻജിനീയറിങ് കോളജ് യൂണിയൻ ഭരിക്കുന്നത്. എസ്എഫ്‌ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചതിനെ തുടർന്ന് ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ഹോസ്റ്റലുകളിലും മറ്റുമുള്ള വിദ്യാർത്ഥികളും എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്നും പ്രിൻസിപ്പൽ നിർദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ