ന്യൂഡൽഹി: വിവാദപരസ്യത്തിൽ തന്റെ പേരിൽ ക്രിമിനൽ നടപടി എടുക്കുന്നതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് ഏകദിന ക്രിക്കറ്റ് കാപ്റ്റൻ എം.എസ് ധോണി സുപ്രീം കോടതിയെ സമീപിച്ചു. 2013ൽ ബിസിനസ് ടുഡേ മാസികയിൽ ധോണിയെ ഭഗവാൻ വിഷ്ണുവിന്റെ രൂപത്തിൽ പ്രസിദ്ധീകരിച്ചതാണ് വിവാദത്തിന് കാരണമായത്. പിനാകി ചന്ദ്ര ഘോഷ്, എൻ.വി രാമണ എന്നിവരടങ്ങിയ ബഞ്ച് സെപ്റ്റംബർ 14ന് ധോണിയുടെ അപ്പീലിന്മേൽ വാദം കേൾക്കും.

ഹിന്ദു മതവിശ്വാസികളുടെ ചിന്തകളെ ഹനിക്കുന്ന രീതിയിലാണ് ധോണി പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി കർണ്ണാടക കോടതി ധോണിക്കെതിരെ നടപടി കൈക്കൊണ്ടത്. 2013ൽ ബിസിനസ് ടുഡേ മാസികയിൽ വന്ന ധോണിയുടെ കവർ ചിത്രമാണ് വിവാദത്തിനിടയാക്കിയത്.നിരവധി ഉൽപ്പന്നങ്ങൾ കയ്യിലേന്തി മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ധോണി മാഗസിനിൽ പ്രത്യക്ഷപ്പെട്ടത്. ധോണി ഹിന്ദുവിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തിയെന്നാരോപിച്ച് ജയകുമാർ ഹരിമത് എന്നയാളാണ് കോടതിയെ സമീപിച്ചത്.