പാലക്കാട്: കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു പ്രദേശമാണ് ധോണി. പാലക്കാട് നഗരത്തിൽ നിന്നും 15 കിലോമീറ്റർ അകലെയായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. ധോണിയുടെ വടക്കേ അതിർത്തി പശ്ചിമഘട്ടമാണ്. ഒരു വിനോദസഞ്ചാരകേന്ദ്രമായ ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ധോണി വെള്ളച്ചാട്ടവും ഫാംഹൗസുമാണ്. എബിൻ എഫ്രേം എലവുത്തിങ്കൽ ദമ്പതികൾ നടത്തിയ യാത്രയുടെ വിശദാംശങ്ങൾ അറിയാം.

പാലക്കാട് ജില്ലയിലെ ധോണിയിലെ സംരക്ഷിത വനമേഖലക്കുള്ളിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടിവാരത്ത് നിന്നും 3 കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ. വെള്ളച്ചാട്ടത്തിനടുത്തായി ഉപേക്ഷിക്കപ്പെട്ട ഒരു ബംഗ്ലാവുണ്ട്. ഈ പ്രദേശത്തുള്ള ഓറഞ്ച്, ഏലം കൃഷികളുടെ മേൽനോട്ടത്തിനായി 1850-കളിൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണീ ബംഗ്ലാവ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ മാത്രമേ വെള്ളച്ചാട്ടം നല്ലരീതിയിൽ ഉണ്ടാവാറുള്ളൂ

സുരക്ഷയും വിനോദസഞ്ചാര സാധ്യതയും മുൻനിർത്തി ഒലവക്കോട് റെയ്ഞ്ചിന് കീഴിലെ ധോണി വെള്ളച്ചാട്ട സന്ദർശനസമയം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 9.30, 11.30, രണ്ടുമണി എന്നിങ്ങനെയാണ് പ്രവേശനസമയം. വനപ്രദേശത്തിനുള്ളിലൂടെയാണ് നാലു കിലോമീറ്ററോളം കാൽനട നടത്തേണ്ടത്. പ്രദേശത്ത് ആനകളുടെ ശല്യവും കണക്കിലെടുത്താണ് ഈ സമയക്രമം. മൂന്ന് സമയങ്ങളിലും സന്ദർശകരുടെയൊപ്പം ഓരോ ഗൈഡ് വീതം സന്ദർശകസംഘത്തിനൊപ്പമുണ്ടാവും.

പാലക്കാട് നഗരത്തിൽനിന്ന് 15 കിലോമീറ്ററും ഒലവക്കോട്ടുനിന്ന് ഒമ്പത് കിലോമീറ്ററും അകലെയാണ് ധോണി. ബസിലോ മറ്റു വാഹനങ്ങളിലോ ഇവിടെയെത്താം. 100രൂപയാണ് സന്ദർശകഫീസ്. ടിക്കറ്റ് എടുത്തശേഷം കാൽനടയായാണ് യാത്ര. നാലുകിലോമീറ്റർ സംരക്ഷിത വനമേഖലക്കുള്ളിലൂടെ നടന്ന് ധോണി വെള്ളച്ചാട്ടത്തിനടുത്തെത്താം.

സാധാരണ വെള്ളച്ചാട്ടങ്ങൾ വെള്ളം ഒഴുകിയിറങ്ങുന്ന ഭാഗത്തുനിന്ന് ആസ്വദിക്കുന്നതാണെങ്കിൽ ഇവിടെ വെള്ളച്ചാട്ടം തുടങ്ങുന്നയിടത്തുനിന്നുതന്നെ ആസ്വദിക്കാം. ഉയരം കുറഞ്ഞ വെള്ളച്ചാട്ടമാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അപകടസാധ്യതയുണ്ട്. വെള്ളം വീഴുന്നിടത്ത് ആഴം കൂടുതലാണ്. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് നിരോധനമുണ്ട്. വേനലിൽ തീപ്പിടിത്ത സാധ്യത പരിഗണിച്ച് ഫെബ്രുവരി മുതൽ ജൂൺവരെ പ്രദേശത്ത് സന്ദർശകരെ അനുവദിക്കാറില്ല

സഞ്ചാരി മറുനാടൻ ട്രാവൽ വിഷ്വൽസ്‌, യൂട്യൂബ് വീഡിയോ ഇവിടെ കാണാം