പാലക്കാട്: കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു പ്രദേശമാണ് ധോണി. പാലക്കാട് നഗരത്തിൽ നിന്നും 15 കിലോമീറ്റർ അകലെയായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. ധോണിയുടെ വടക്കേ അതിർത്തി പശ്ചിമഘട്ടമാണ്. ഒരു വിനോദസഞ്ചാരകേന്ദ്രമായ ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ധോണി വെള്ളച്ചാട്ടവും ഫാംഹൗസുമാണ്. എബിൻ എഫ്രേം എലവുത്തിങ്കൽ ദമ്പതികൾ നടത്തിയ യാത്രയുടെ വിശദാംശങ്ങൾ അറിയാം.

പാലക്കാട് ജില്ലയിലെ ധോണിയിലെ സംരക്ഷിത വനമേഖലക്കുള്ളിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടിവാരത്ത് നിന്നും 3 കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ. വെള്ളച്ചാട്ടത്തിനടുത്തായി ഉപേക്ഷിക്കപ്പെട്ട ഒരു ബംഗ്ലാവുണ്ട്. ഈ പ്രദേശത്തുള്ള ഓറഞ്ച്, ഏലം കൃഷികളുടെ മേൽനോട്ടത്തിനായി 1850-കളിൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണീ ബംഗ്ലാവ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ മാത്രമേ വെള്ളച്ചാട്ടം നല്ലരീതിയിൽ ഉണ്ടാവാറുള്ളൂ

സുരക്ഷയും വിനോദസഞ്ചാര സാധ്യതയും മുൻനിർത്തി ഒലവക്കോട് റെയ്ഞ്ചിന് കീഴിലെ ധോണി വെള്ളച്ചാട്ട സന്ദർശനസമയം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 9.30, 11.30, രണ്ടുമണി എന്നിങ്ങനെയാണ് പ്രവേശനസമയം. വനപ്രദേശത്തിനുള്ളിലൂടെയാണ് നാലു കിലോമീറ്ററോളം കാൽനട നടത്തേണ്ടത്. പ്രദേശത്ത് ആനകളുടെ ശല്യവും കണക്കിലെടുത്താണ് ഈ സമയക്രമം. മൂന്ന് സമയങ്ങളിലും സന്ദർശകരുടെയൊപ്പം ഓരോ ഗൈഡ് വീതം സന്ദർശകസംഘത്തിനൊപ്പമുണ്ടാവും.