ന്യൂഡൽഹി: താരങ്ങൾ ഒഴിവുവേളകൾ കുടുംബാംഗങ്ങളുമൊത്ത് ആഘോഷിക്കുന്നതും അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നൽകുന്നതും ഇപ്പോൾ ഒരു തരംഗമാണ്. ഇത്തരം ചിത്രങ്ങളും വീഡിയോകളും പലപ്പോഴും വൈറലാകാറുമുണ്ട്. ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്രസിങ് ധോണി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകൾക്കകം കണ്ടിരിക്കുന്നത് ലക്ഷങ്ങളാണ്.

കുഞ്ഞോമനയായ മകൾ സിവയ്‌ക്കൊപ്പം ഒരു ലഡു കടിച്ചുതിന്നുന്ന ദൃശ്യമാണ് ധോണി ഇൻസ്റ്റാഗ്രാമിൽ നൽകിയത്. 'കടലമാവ് ലഡ്ഡുവിൽ ഒരു ആക്രമണം' എന്ന കാപ്ഷനോടെയാണ് ദൃശ്യം നൽകിയത്. ഇതോടെ മഹിയുടെ ആരാധകർ മാത്രമല്ല, സോഷ്യൽ മീഡിയ ഒന്നടങ്കം ആ വീഡിയോയ്ക്ക് പിന്നാലെയായി. നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള വീഡിയോ നാലു മണിക്കൂറിനകം എട്ടുലക്ഷത്തിൽ അധികം പേർ കണ്ടുകഴിഞ്ഞു. ഒരു ലഡു ഇരുവശങ്ങളിൽ നിന്നും കടിച്ചെടുക്കുന്ന അച്ഛന്റെയും മകളുടേയും ദൃശ്യമാണ് പോസ്റ്റ് ചെയ്യപ്പെട്ടത്.

ബോളിവുഡ് താരം ആമിർ ഖാനൊപ്പം ചാറ്റ് ഷോയിൽ പങ്കെടുക്കുകയാണ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി, സീ ഷെൽസിൽ ഭാര്യയുമൊപ്പം സഞ്ചാരത്തിലാണ് ഹോളിഡേ ചെലവഴിക്കുന്ന അജിൻക്യ രഹാനെ. എന്നാൽ ഇവരിൽ നിന്നും വ്യത്യസ്തനായി നാട്ടുകാർക്കും വീട്ടുകാർക്കും ഒപ്പം ദീപാവലി ആഘോഷിക്കുന്നു എന്ന സന്ദേശവുമായി ധോണി നൽകിയ ദൃശ്യം ഇതോടെ വൈറലായി.

തിരക്കുകളെല്ലാം മാറ്റിവെച്ച് മകൾക്കൊപ്പം സമയം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മഹി. ദീപാവലി പ്രമാണിച്ചു മധുരപലഹാരങ്ങളുമൊക്കെയായി മകൾ സിവയ്ക്കൊപ്പം അടിച്ചു പൊളിക്കുകയാണ് ധോണിയെന്നാണ് റിപ്പോർട്ടുകൾ. ഫിറ്റ്നസിൽ ശ്രദ്ധാലുക്കളായ കായികതാരങ്ങൾ മധുര പലഹാരങ്ങളും മറ്റും അധികം ഉപയോഗിക്കാറില്ലെങ്കിലും തനിക്കിതൊന്നും പ്രശ്‌നം അല്ലെന്ന മട്ടിലാണ് മഹിയുടെ പോസ്‌റ്റെന്നാണ് അഭിനന്ദനവുമായി എത്തുന്നവർ പറയുന്നത്. മകളോടുള്ള സ്നേഹം വ്യക്ത്മാക്കുന്ന വീഡിയോ ക്ഷണനേരം കൊണ്ട് വൈറലാവുകയും ചെയ്തു.

മത്സര പരമ്പരകൾക്ക് ഇടയ്ക്ക് കിട്ടുന്ന അപൂർവം വേളകളിൽ താരങ്ങൾ കുടുംബാംഗങ്ങളോടൊത്ത് ആഘോഷത്തിലാണ്. പ്രത്യേകിച്ചും ദീപാവലി വേളയായതിനാൽ ഏവരും ഉത്സവാന്തരീക്ഷത്തിലുമാണ്. ഓസ്‌ട്രേലിയയുമായുള്ള പരമ്പര അവസാനിച്ചതോടെ ന്യൂസിലാന്റുമായുള്ള പരമ്പയ്ക്ക് മുന്നോടിയായുള്ള ഇടവേളയിലാണ് ധോണി കുടുംബത്തിനൊപ്പം ദീപാവലി ദിനങ്ങളുടെ ആഘോഷത്തിന് എത്തിയത്.

ഓസ്ട്രേലിയയ്ക്കെതിരേ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ന്യൂസിലൻഡിനോടുള്ള പരമ്പരയ്ക്കു തയ്യാറെടുക്കുകയാണ്. ഈ മാസം 22 മുതൽ 29 വരെയാണ് ന്യൂസിലാൻഡിനെതിരായ പരമ്പര. 22ന് മുംബൈയിലാണ് ആദ്യ ഏകദിനം, 25ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും, 29ന് കാൺപൂരിലുമാണ് മത്സരങ്ങൾ. മൂന്ന് ടി-ട്വന്റി മത്സരങ്ങളടങ്ങിയതാണ് ന്യൂസിലാൻഡിന്റെ ഇന്ത്യൻ പര്യടനം.

 

Attack on besan ka laddoo

A post shared by @mahi7781 on