- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ഭാഗത്തിൽ മെട്രോ മാമൻ ശ്രീധരൻ മുഖ്യമന്ത്രിയാകുന്നു; ആഭ്യന്തര മന്ത്രി സുരേന്ദ്രൻ; പഴയ പശുവിനെ കൊന്ന് കുഴിച്ചിട്ട കേസ് കുത്തിപ്പൊക്കുന്നു; അറസ്റ്റ് ചെയ്യാൻ നേരം ജോർജ് കുട്ടി ബിജെപി യിൽ ചേരുന്നു; എല്ലാ കേസുകളിലും മാപ്പ് സാക്ഷിയാകുന്നു: ദൃശ്യത്തിൽ സോഷ്യൽ മീഡിയ ചർച്ച പലവിധം; ആഭ്യന്തര വകുപ്പ് വൻ പരാജയമോ?
തിരുവനന്തപുരം: സോഷ്യൽ മീഡിയ നിറയെ ദൃശ്യം രണ്ടാണ്... ദൃശ്യത്തിലെ രാഷ്ട്രീയ ചർച്ചകൾ. എങ്ങനെയാകും മൂന്നാം ഭാഗമെന്ന് വിശദീകരിച്ച് ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന സൈബർ സഖാക്കൾ. എല്ലാം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് പറയുന്ന മറുവിഭാഗം. അങ്ങനെ ജോർജ്ജുകുട്ടിയുടെ തെളിവ് നശിപ്പിക്കൽ രാഷ്ട്രീയത്തിൽ ട്രോളുകളായി മാറുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇതെല്ലാം.
ദൃശ്യം സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടാകുമെന്ന് വ്യക്തമാക്കി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തു വന്നിട്ടുണ്ട്. സംവിധായകനായ ജീത്തു ജോസഫിന്റെ വാക്കുകളിൽ നിന്ന് തനിക്ക് അത് മനസിലായിട്ടുണ്ടെന്നും മൂന്നാം ഭാഗം വേണമെന്ന് മോഹൻലാലിന് ആഗ്രഹമുണ്ടെന്നും ആന്റണി പറഞ്ഞു. മൂന്നാം ഭാഗത്തെക്കുറിച്ച് മോഹൻലാൽ എപ്പോഴും ജീത്തുവുമായി ചർച്ച ചെയ്യാറുണ്ടെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ മൂന്നാം ഭാഗത്തിന്റെ കഥ എത്തുന്നത്. ഇ ശ്രീധരന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെടുത്തിയാണ് സൈബർ സഖാക്കളുടെ കഥ പറച്ചിൽ.
മൂന്നാം ഭാഗത്തിൽ: കേരളം ബിജെപി അധികാരത്തിൽ വരുന്നു മെട്രോമാമൻ E ശ്രീധരൻ മുഖ്യമന്ത്രിയാകുന്നു ആഭ്യന്തര മന്ത്രി ആയി K സുരേന്ദ്രൻ ജോർജുട്ടിയുടെ പഴയ പശുവിനെ കൊന്ന് കുഴിച്ചിട്ട കേസ് കുത്തിപ്പൊക്കുന്നു അതിൽ ജോർജ്കുട്ടിയെ NIA CBI തുടങ്ങിയ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു.... ഒടുവിൽ അറസ്റ്റ് ചെയ്യാൻ നേരം ജോർജ് കുട്ടി ബിജെപി യിൽ ചേരുന്നു
എല്ലാ കേസുകളിലും മാപ്പ് സാക്ഷിയാകുന്നു ??????????-ഇതാണ് സൈബർ സഖാക്കളുടെ ഭാഗത്ത് നിന്ന് വരുന്ന ഉഗ്രൻ കഥാതന്തു. ജോർജ് കുട്ടിയെ പൂട്ടാൻ ഇനി ഇന്ത്യൻ കുറ്റാന്വേഷണ സിനിമയിലെ രാജാവ് തന്നെ ഇറങ്ങേണ്ടി വരും???? #സേതുരാമയ്യർ_CBI...??????-ഇതാണ് മറ്റൊരു ചിന്ത.
മോഹൻലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 2വിലെ രംഗം പിണറായി വിജയൻ സർക്കാരിന്റെ പ്രചരണത്തിന് ഉപയോഗിച്ച് ഒറ്റപ്പാലം എംഎൽഎ പി ഉണ്ണിയും രാഷ്ട്രീയ ചർച്ചയ്ക്ക് പുതിയ തലം നൽകി. ഫേസ്ബുക്കിലൂടെയാണ് പ്രചരണം. ചിത്രത്തിലെ രംഗത്തിലെ ഡയലോഗ് ഉപയോഗിച്ചാണ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്.
'മോഹൻ ലാലിന്റെ പുതിയ സിനിമയായ #Drishyam2 ലെ ഒരു രംഗം.
ആ റോഡ് എങ്ങോട്ട് പോവുന്നതാ ?
അത് ജോർജൂട്ടിയുടെ കേബിൾ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോർട്കട്ടാ സർ,
ആ റോഡ് താർ ചെയ്യ്തിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ.
പണ്ട് ആ സമയത്ത് ( 6 വർഷം മുന്നേ ദൃശ്യം 1ൽ ) ആ റോഡ് വളരെ മോശമായിരുന്നു', നവകേരളം- എന്നാണ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്.
എംഎൽഎയുടെ പോസ്റ്റിന് കീഴെ വന്ന കമന്റും ശ്രദ്ധേയമായി. ഐപിഎസ് ഉദ്യോഗസ്ഥയുടെ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കഴിഞ്ഞ അഞ്ചുവർഷക്കാലവും പിടികൂടാനാവാത്ത, കുറ്റം തെളിയിക്കാനാകാത്ത ആഭ്യന്തരവകുപ്പ് വൻപരാജയമാണ് എന്നായിരുന്നു കമന്റ്. വിഷ്ണുരാജ് തുവായൂർ എന്ന വ്യക്തിയുടേതാണ് ഈ കമന്റ്.
ഏതായാലും ദൃശ്യം രണ്ടിന് അടുത്ത ഭാഗം ഉണ്ടാകുമെന്ന് ഉറപ്പാണ്. ആന്റണിയുടെ വാക്കുകൾ: ''ദൃശ്യം 3 എന്നത് ജീത്തുവിന്റെ മനസിലാണ്. ജീത്തുവിന്റെ സംസാരത്തിൽ നിന്ന് ദൃശ്യം 3 ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മോഹൻലാൽ എപ്പോഴും ജീത്തുവുമായി ഇക്കാര്യം ചർച്ച ചെയ്യാറുണ്ട്. ഞങ്ങൾക്ക് ദൃശ്യം 3 ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഹിറ്റായ ദൃശ്യം 2 മറ്റു ഭാഷകളിലേക്കും പോകും. ദൃശ്യം-2 ജനം തീയേറ്ററിൽ കാണണമെന്ന് അതിയായി ആഗ്രഹിച്ചയാളാണ് ഞാൻ. പക്ഷെ പ്രത്യേക സാഹചര്യത്തിൽ അതിന് സാധിച്ചില്ല. ഹിറ്റായ സിനിമയുടെ രണ്ടാംഭാഗം വിജയിപ്പിക്കുക എന്നത് വെല്ലുവിളിയാണ്. ജനം സ്വീകരിച്ചതിൽ സന്തോഷമുണ്ട്. ഏറ്റവും സന്തോഷം തരുന്ന ഒന്നാണ്. ജീത്തുവിന്റെയും മോഹൻലാലിന്റെയും സന്തോഷം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു.''
അതേസമയം, ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പുറത്തിറങ്ങിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ജീത്തു ജോസഫും രംഗത്തെത്തി. ആമസോൺ പ്രൈമിനാണ് ചിത്രത്തിന്റെ പൂർണ്ണാവകാശങ്ങളെന്നും ആമസോൺ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ആരും തന്നെ ദൃശ്യത്തിന്റെ വ്യാജപതിപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയാള സിനിമയിൽ ആദ്യമായി 50 കോടി നേടിയ ചിത്രമായ ദൃശ്യത്തിന്റെ തുടർച്ചയാണ് ദൃശ്യം 2. മികച്ച പ്രതികരണമാണ് ദൃശ്യം 2ന് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. പൃഥ്വിരാജ് ഉൾപ്പടെ സിനിമാലോകത്തെ പ്രമുഖരും ചിത്രത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ന്യൂഇയർ ദിനത്തിലായിരുന്നു പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ദൃശ്യം 2ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനമുണ്ടായത്. ഏഴ് വർഷം മുൻപ് സിനിമയുടെ ആദ്യഭാഗം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയ സ്വാധീനമാണ് കാത്തിരിപ്പിന് പിന്നിലെ കാരണം. ആദ്യ ഭാഗത്തിലെ അഭിനേതാക്കളെ കൂടാതെ, മറ്റ് താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ മുരളി ഗോപി, സായികുമാർ, ഗണേശ് കുമാർ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇവർ പൊലീസ് വേഷത്തിലാണ് എത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ