- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശുദ്ധ ഏലിയാസ് ത്രിതീയൻ പാത്രിയർക്കീസ് ബാവായുടെ ദുഃഖ:റോനോ പെരുന്നാൾ ആചരിച്ചു
ഷിക്കാഗോ: മോറാൻ മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതീയൻ പാത്രിയർക്കീസ് ബാവായുടെ 83-മത് ദുഃഖറാനോ പെരുന്നാൾ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിൽ ഷിക്കാഗോയിലുള്ള സെന്റ് ജോർജ് പള്ളി, സെന്റ് മേരീസ് പള്ളി, സെന്റ് മേരീസ് ക്‌നാനായ പള്ളി എന്നീ ഇടവകകളിലെ വിശ്വാസികൾ ഒരുമിച്ച് ഓക്ക് പാർക്കിലുള്ള സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വച്ച് സംയുക
ഷിക്കാഗോ: മോറാൻ മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതീയൻ പാത്രിയർക്കീസ് ബാവായുടെ 83-മത് ദുഃഖറാനോ പെരുന്നാൾ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിൽ ഷിക്കാഗോയിലുള്ള സെന്റ് ജോർജ് പള്ളി, സെന്റ് മേരീസ് പള്ളി, സെന്റ് മേരീസ് ക്‌നാനായ പള്ളി എന്നീ ഇടവകകളിലെ വിശ്വാസികൾ ഒരുമിച്ച് ഓക്ക് പാർക്കിലുള്ള സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വച്ച് സംയുക്തമായി കൊണ്ടാടി.
14-ന് ശനിയാഴ്ച വൈകുന്നേരം 6.30-ന് വിശ്വാസികൾ സെന്റ് ജോർജ് പള്ളിയിൽ എത്തിച്ചേർന്നു. 7 മണിക്ക് സന്ധ്യാപ്രാർത്ഥന ആരംഭിച്ചു. വന്ദ്യ ഗീവർഗീസ് കോർഎപ്പിസ്‌കോപ്പ തെക്കേക്കര, ബഹുമാന്യരായ കുരുത്തലയ്ക്കൽ മാത്യു അച്ചൻ, മേപ്പുറത്ത് തോമസ് അച്ചൻ, ലിജു പോൾ ശെമ്മാശൻ, പട്ടരുമഠത്തിൽ ജെയ്ക് ശെമ്മാശൻ എന്നിവരെ കൂടാതെ നേർത്ത് ലേക്കിലുള്ള സെന്റ് പീറ്റേഴ്‌സ് സുറിയാനി പള്ളി വികാരി സക്കറിയ കോർ എപ്പിസ്‌കോപ്പ തേലാപ്പള്ളിൽ, സിറിയ പള്ളിയിൽ നിന്നും റോബി ഈദോ ശെമ്മാശൻ എന്നിവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം ഗീവർഗീസ് കോർഎപ്പിസ്‌കോപ്പ തെക്കേക്കര എല്ലാവരേയും സ്വാഗതം ചെയ്യുകയും, പരിശുദ്ധ ഏലിയാസ് ബാവായെ അനുസ്മരിച്ച് പ്രസംഗിക്കുകയും ചെയ്തു. സെന്റ് ജോർജ് പള്ളി, സെന്റ് മേരീസ് പള്ളി, സെന്റ് മേരീസ് ക്‌നാനായ പള്ളി എന്നീ ഇടവകകളിലെ വൈദീകരുടെ കാർമികത്വത്തിൽ പതിനഞ്ചാം തീയതി രാവിലെ 9 മണിക്ക് പ്രഭാതപ്രാർത്ഥനയും 10 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാനയും പരിശുദ്ധ ബാവായുടെ നാമത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥനയും നടത്തി.
ശ്ശീഹന്മാരിൽ തലവനായ പരിശുദ്ധ പത്രോസിനെപ്പറ്റി എഴുതിയ ഉപന്യാസ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും, ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡാണാ മേരി വർഗീസിനും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഫേബാ മേരി ജൊബോയിക്കും പ്രശംസാ ഫലകം നൽകുകയും ചെയ്തു. ബഹുമാനപ്പെട്ട മാത്യു കുരുത്തലയ്ക്കൽ അച്ചൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ആശീർവാദത്തിനുശേഷം നേർച്ച വിളമ്പി. ധാരാളം വിശ്വാസികൾ പരിശുദ്ധന്റെ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു. അന്നേദിവസം മറ്റ് രണ്ട് പള്ളികളിലും വിശുദ്ധ കുർബാന ഉണ്ടായിരുന്നില്ല.
പെരുന്നാൾ കോർഡിനേറ്റർ ഷെവലിയാർ ചെറിയാൻ വേങ്കടത്ത്, ഷെവലിയാർ ജെയ്‌മോൻ സ്‌കറിയ, മോൻ മാലിക്കറുകയിൽ, സ്റ്റാൻലി കളരിക്കമുറിയിൽ, മാത്യു കുര്യാക്കോസ്, റെജിമോൻ ജേക്കബ്, രാജൻ തോമസ് എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി. സെന്റ് ജോർജ് പള്ളിയിലെ വനിതാസമാജാംഗങ്ങളോടൊപ്പം സെന്റ് മേരീസ് പള്ളിയിലേയും, സെന്റ് മേരീസ് ക്‌നാനായ പള്ളിയിലേയും വനിതാ സമാജാംഗങ്ങൾ സ്‌നേഹവിരുന്നിന് മേൽനോട്ടം നൽകി. ഷിക്കാഗോ ചെണ്ട ക്ലബിന്റെ മേളം ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടി. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കൊടിയിറങ്ങിയതോടെ പെരുന്നാൾ ചടങ്ങുകൾക്ക് തിരശീല വീണു. ഷെവലിയാർ ചെറിയാൻ വേങ്കടത്ത് അറിയിച്ചതാണിത്.