ലണ്ടൻ: നാലു മാസംകൊണ്ട് പ്രമേഹ രോഗത്തിൽനിന്ന് പൂർണമുക്തി നേടാനാകുമെന്ന് കാനഡയിലെ ഗവേഷകർ തെളിയിച്ചു. പ്രമേഹ രോഗം പൂർണമായി ചികിത്സിച്ചു ഭേദമാക്കാനാകില്ലെന്ന ധാരണയാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ലോകത്തിൽ ഏറ്റവും അധികം പേരുടെ മരണത്തിനിടയാക്കുന്ന നമ്പർ വൺ കൊലയാളി രോഗമായി പ്രമേഹം മാറിക്കൊണ്ടിരിക്കുന്നതിനിടെയാണ് കാനഡയിൽനിന്ന് ആശ്വാസവാർത്ത ലഭിച്ചിരിക്കുന്നത്.

മരുന്നും ഇൻസുലിനും നിയന്ത്രിതഭക്ഷണവും വ്യായാമവും ചേർന്നുള്ള പുതിയൊരു ചികിത്സാ രീതിയിലൂടെയാണ് പ്രമേഹരോഗം പൂർണമായി മാറ്റാനാകുമെന്നു കണ്ടെത്തിയിരിക്കുന്നത്. ടൈപ് 2 പ്രമേഹ രോഗമാണ് മാറ്റാനാകുന്നത്. നാലു മാസം നീണ്ട പരീക്ഷണ ചികിത്സയ്ക്കു വിധേയരായ രോഗികളിൽ 40 ശതമാനവും രോഗവിമുക്തി പ്രാപിച്ചു.

രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്ന പരമ്പരാഗത ചികിത്സാരീതിയിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു രീതിയാണ് കാനഡയിലെ മക്മാസ്റ്റർ സർവകലാശാലയിലെ ഗവേഷകർ പരീക്ഷിച്ചത്. പരീക്ഷണം വിജയം കണ്ട സ്ഥിതിക്ക് പ്രമേഹ ചികിത്സയിൽ സമഗ്ര മാറ്റം കൊണ്ടുവരേണ്ട സമയം കഴിഞ്ഞുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ജീവിതശൈലയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി ഗ്ലൂക്കോസ് നില സാധാരണമാക്കുന്ന രീതിയാണ് ഗവേഷകർ അവലംബിച്ചത്. ഇതിനെ സഹായിക്കാൻ മരുന്നും നല്കി. ഇതോടെ ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ധിക്ക് വിശ്രമം ലഭിക്കുകയും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയുകയും ചെയ്തു. ഇതിന്റെ ഫലമായി ശരീത്തിൽ ഇൻസുലിൻ ഉത്പാദനം വർധിക്കുമെന്നാണു ഗവേഷകർ കണ്ടെത്തിയത്. എന്നാൽ നില മെച്ചപ്പെടുന്തോറും രോഗിക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കേണ്ടതുണ്ട്. ഇതോടൊപ്പം വ്യായാമവും നിർബന്ധമാണ്.

പ്രമേഹം ചികിത്സിച്ചു ഭേദമാക്കാനാവില്ല മിത്താണ് കനേഡിയൻ ഗവേഷകർ പൊളിച്ചിരിക്കുന്നത്. പ്രമേഹ രോഗത്തിൽനിന്നു മുക്തി നേടാമെന്നും സാധാരണ ജീവിതം പ്രാപ്യമാണെന്നും തെളിഞ്ഞു.