- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തത്തിലെ അധിക പഞ്ചസാരയെ മാംസപേശികളിലെക്ക് പായിക്കാം; സ്വീഡനിലെ ലാബിൽ ഒരുങ്ങുന്നത് പ്രമേഹത്തെ തോൽപ്പിക്കാനുള്ള അത്ഭുത മരുന്ന്; ജീവിത ശൈലി രോഗങ്ങൾ മുതൽ ഹൃദയാഘാതം വരെ ഇല്ലാതാക്കുമെന്ന പ്രതീക്ഷയിൽ ലോകം
ബെർലിൻ: ലോകത്തെ ഏറ്റവുമധികം ഭയപ്പെടുത്തുന്ന പ്രമേഹത്തിനെതിരെയുള്ള ശസ്ത്രത്തിന്റെ പോരാട്ടം പുതിയ തലത്തിലേക്ക് എത്തുകയാണ്. ശരീരത്തിലെ മാമ്മ്സ പേശികളെ, രക്തത്തിലെ അധിക പഞ്ചസാരയെ ആഗിരണം ചെയ്യുന്നതിന് പ്രാപ്തമാക്കുന്ന ഒരു പുതിയ മരുന്ന് തയ്യാറായിക്കൊണ്ടിരിക്കുന്നു. എ ടി ആർ 258 എന്ന കോഡ് നാമം നൽകിയിരിക്കുന്ന ഇത് ലോകത്തിലെ തന്നെ, രക്തത്തിൽ നിന്നും പഞ്ചസാരയെ നേരിട്ട് മാംസപേശികളിലെത്തിക്കുന്ന ആദ്യത്തെ മരുന്നാണിത്.
സ്വീഡനിൽ വികസിപ്പിച്ച ഈ മരുന്ന് മൃഗങ്ങളിൽ പരീക്ഷിച്ചു വിജയം കണ്ടതിനു ശേഷം ഇപ്പോൾ മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചിരിക്കുകയാണ്. ഇന്ന് ലോകത്തിലുള്ള പ്രമേഹരോഗികളിൽ ഏറിയ പങ്കും ടൈപ്പ് 2 പ്രമേഹം ബാധിച്ചവരാണ്. മാംസപേശികളെ രക്തത്തിലെ അധിക പഞ്ചസാര ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്ന ഇൻസുലിൻ ഹോർമോണുകൾ ആവശ്യത്തിന് ഉദ്പാദിപ്പിക്കപ്പെടാത്തതിനാലോ അല്ലെങ്കിൽ മാംസപേശീ കോശങ്ങൾഇൻസുലിനോട് വേണ്ട രീതിയിൽ പ്രതികരിക്കാത്തതിനാലോ ആകാം ഇതുണ്ടാകുന്നത്.
അങ്ങനെ പഞ്ചസാര രക്തത്തിൽ കെട്ടിക്കിടക്കുകയും അത് കാലക്രമേണകോശങ്ങൾക്കും നാഢീവ്യുഹത്തിനും കേടുപാടുകൾ വരുത്തുകയും ചെയ്തേക്കാം. അത് പിന്നീട് കണ്ണുകളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ, ഹൃദയാഘാതം തുടങ്ങിയവയ്ക്കും കാരണമാകുന്നു. ടൈപ്പ് 1 പ്രമേഹം വളരെ ചെറുപ്പത്തിലെ കണ്ടെത്തുന്ന ഒന്നാണ്. പ്രതിരോധ സംവിധാനങ്ങൾ ആക്രമിക്കുകയും, ഇൻസുലിൻ ഉദ്പാദിപ്പിക്കുന്ന പാൻക്രിയാസ് ഗ്രന്ഥിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നതിനാൽ ശരീരം ഇൻസുലിൻ ഉദ്പാദിപ്പിക്കാതിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
പത്തിൽ ഒമ്പത് പ്രമേഹ രോഗികൾക്കും ഉള്ളത് ടൈപ്പ് 2 പ്രമേഹമാണ്. ഇത് ജീവിതത്തിന്റെ വൈകിയ വേളകളിലാണ് കണ്ടുപിടിക്കപ്പെടുക. അമിതവണ്ണം, ശാരീരിക വ്യായാമം ഇല്ലാതിരിക്കുക, പാരമ്പര്യം ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവയൊക്കെ ഇതിനു കാരണമാകാറുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ളപ്പോൾ ശരീരം ആവശ്യത്തിനു ഇൻസുലിൻ ഉദ്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ശരീരത്തിൽ ഉദ്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ വേണ്ടവിധം ഉപയോഗിക്കാതിരിക്കുകയോ ചെയ്യാം. ജീവിതശൈലീമാറ്റം മുതൽ മരുന്നുകൾ വരെ ഇതിന് ചികിത്സയായി വിധിക്കപ്പെടാറുണ്ട്. അതിൽ അധികം മരുന്നുകളും ചെയ്യുന്നത് ഇൻസുലിൻ സിസ്റ്റത്തെ ഉത്തേജിപ്പിക്കുക എന്നതാണ്.
എന്നാൽ സ്വീഡനിലെ അട്രോഗി എന്ന കമ്പനി ഉദ്പാദിപ്പിക്കുന്ന എ ടി ആർ - 258 ഇൻസുലിൻ സിസ്റ്റത്തെ ബൈപ്പാസ് ചെയ്യുകയാണ് ചെയ്യുന്നത്. അത് മാംസപേശികളിലെ സ്വീകരിണികളിൽ നേരിട്ട് പ്രവർത്തിച്ച് രക്തത്തിൽ നിന്നും നേരിട്ട് ഗ്ലൂക്കോസ് എടുക്കുവാൻ പേശീകോശങ്ങളെ ഉത്തേജിപ്പിക്കും. അങ്ങനെ പാൻക്രിയാസിന്റെയോ ഇൻസുലിന്റെയോ സഹായമില്ലാതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. എലികളിൽ നടത്തിയ പരീക്ഷണത്തിൽ എ ടി ആർ- 258 രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് ആരോഗ്യകരമായ നിലയിലേക്ക് കൊണ്ടുവന്നിരുന്നു.
ഇപ്പോൾ ജർമ്മനിയിലെ മാൻഹെയിമിലെ ക്ലിനിക്കൽ റിസർച്ച് സർവ്വീസസിൽ 80 പേർക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ മരുന്ന് നൽകിയിരിക്കുകയാണ്. നിലവിലെ ചികിത്സാ രീതികൾ ഒക്കെ തന്നെ ശരിയായി പ്രവർത്തിക്കാത്ത ഇൻസുലിൻ സിസ്റ്റത്തിന്റെ കേടുപാടുകൾ തീർക്കാൻ ഉന്നം വച്ചുള്ളതാണ്. അത് ഒരിക്കലും പൂർണ്ണമായും ഫലവത്താകില്ല എന്ന് ഡയബെറ്റിസ് കൺസൾട്ടന്റായ ഡോ. അലി ആൾഡിബിയറ്റ് പറയുന്നു.
അതേ സമയം എ ടി ആർ 258, ഇൻസുലിൻ സിസ്റ്റത്തിന്റെ ധർമ്മം സ്വയം ഏറ്റെടുക്കുകയാണ്. അതുകൊണ്ടു തന്നെ കേടുപാടായ ഇൻസുലിൻ സിസ്റ്റത്തെ റിപ്പയർ ചെയ്ത് സമയം പാഴാക്കുന്നില്ല എന്നു മാത്രമല്ല, അത് പെട്ടെന്ന് ഫലം തരികയും ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു. ജർമ്മനിയിലെ ഒന്നാം വട്ട പരീക്ഷണം വിജയിച്ചതിനു ശേഷം മറ്റൊരു വട്ടം പരീക്ഷണം നടത്തി വിജയിച്ചാൽ മാത്രമെ ഇത് വിപണിയിലിറങ്ങൂ. എന്നാൽ, അക്കാര്യത്തിൽ പൂർണ്ണ വിശ്വാസത്തിലാണ് നിർമ്മാതാക്കൾ.
മറുനാടന് ഡെസ്ക്