കേരളത്തിൽ നിശബ്ദമായി വർധിച്ചുവരുന്ന ജീവിതചര്യ രോഗങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കുന്നതിനൊപ്പം ശരീരഭാരം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, തൈറോയ്ഡ് ഇവയെല്ലാം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

Sobin • 13:28

ലക്ഷക്കണക്കിന് പ്രമേഹബാധിതരാണ് നമ്മുടെ സമൂഹത്തിലുള്ളത്. പ്രമേഹനിയന്ത്രണം എന്നത് ഇന്ന് നമ്മുടെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി മാറിയിരിക്കുന്നു. ചികിത്സിച്ചു പൂർണമായും ഭേദമാക്കാനാകാത്ത രോഗമാണിത്. എന്നാൽ വളരെ ഫലപ്രദമായി നിയന്ത്രിച്ചുനിർത്താനാവും. അതുവഴി പ്രശ്‌നങ്ങളില്ലാതെ ജീവിതകാലം പിന്നിടാനുമാവും. പ്രമേഹത്തെ നിയന്ത്രിച്ചുജീവിക്കുക എന്നത് വളരെ പ്രധാനമാണ്. കാരണം രോഗത്തെ നിയന്ത്രിക്കാതെ മുന്നോട്ടുപോയാൽ ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും അത് അപകടത്തിലാക്കാം. പിൽക്കാല സങ്കീർണതകളാണ് പ്രമേഹത്തെ ഏറെ അപകടകാരിയും ശ്രദ്ധിക്കേണ്ട രോഗവുമാക്കി മാറ്റുന്നത്. ചിട്ടയായ ഭക്ഷണക്രമം, ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, മാനസിക സമ്മർദലഘൂകരണം എന്നിവ ഒരു പരിധിവരെ പ്രമേഹത്തെ അകറ്റിനിർത്താൻ പര്യാപ്തമാണ്.

പ്രമേഹരോഗിയുടെ ഭക്ഷണം സമീകൃതമായിരിക്കണം. ഓരോ വ്യക്തിയുടെയും തൂക്കത്തിന് അനുസൃതമായി അനുവദിച്ചിട്ടുള്ള കലോറി പരിധിക്കുള്ളിൽ ആയിരിക്കണം ഭക്ഷണം. പ്രസ്തുത ഭക്ഷണത്തിന്റെ 60 ശതമാനം അന്നജവും, 15 ശതമാനം മാംസ്യവും, 25 ശതമാനം കൊഴുപ്പും ആയിരിക്കണം. കൃത്യസമയങ്ങളിൽ ആഹാരം കഴിക്കാൻ രോഗി പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കഴിവതും സാധാരണനിലയിൽ എത്തിക്കുവാനും തൃപ്തികരമായ ശരീരഭാരം നിലനിർത്തുവാനും സഹായകമായിരിക്കണം. ഇത്തരത്തിൽ ക്രമീകരിച്ച ഭക്ഷണക്രമത്തിനാണ് ഡയബറ്റിക് ഡയറ്റ് എന്നു പറയുന്നത്.