മുംബൈ: മുംബൈ നഗരത്തെ ഞെട്ടിച്ച മരണത്തിന് പിന്നാലെ മോഡലും ഹിന്ദി സീരിയൽ താരവുമായ ദേവ്‌ലീന ഭട്ടാചാര്യ മുംബൈ പൊലീസ് കസ്റ്റഡിയിൽ. ഏതാനും ദിവസം മുൻപാണ് രാജേശ്വർ ഉഡാനിയെന്ന വജ്രവ്യാപാരിയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിന് പിന്നാലെയാണ് താരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

രാജേശ്വറിന്റെ മൃതദ്ദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നു. വ്യാഴാഴ്‌ച്ചയാണ്  ഇദ്ദേഹത്തിന്റെ മൃതദേഹം റായ്ഗഢ് ജില്ലയിലെ വനപ്രദേശത്തുനിന്ന് കണ്ടെത്തിയത്. രാജേശ്വർ ധരിച്ചിരുന്ന വസ്ത്രം കണ്ട് മകനാണ് തിരിച്ചറിഞ്ഞത്. മരണവുമായി ബന്ധപ്പെട്ട് ദേവ്‌ലീനയെ അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇതിലെ വിശദ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

എന്നാൽ വിനോദ മേഖലയിൽനിന്ന് കൂടുതൽ നടികളെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്നാണ് സൂചനയെന്ന് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തു. 'സാഥ് നിഭാന സാഥിയാ' എന്ന സീരിയലിലൂടെയാണ് ദേവ്ലീന പ്രശസ്തയായത്. സംഭവവുമായി ബന്ധപ്പെട്ട് സച്ചിൻ പവാർ എന്ന മുൻ ബിജെപി നേതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നവംബർ 28നാണ് രാജേശ്വറിനെ കാണാതാകുന്നത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും വിവരമൊന്നും ലഭിക്കാത്തതോടെ തട്ടിക്കൊണ്ടുപോകലിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. രാജേശ്വറിനെ താൻ പന്ത് മാർക്കറ്റിൽ ഇറക്കിവിട്ടിരുന്നെന്നും അവിടെനിന്ന് മറ്റൊരുവാഹനത്തിൽ അദ്ദേഹം കയറിപ്പോയതായും രാജേശ്വറിന്റെ ഡ്രൈവർ പൊലീസിന് മൊഴി നൽകിയിരുന്നു.

ഡിസംബർ അഞ്ചിനാണ് രാജേശ്വറിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ പരിക്കുകൾ ഒന്നുമുണ്ടായിരുന്നില്ല. ധരിച്ചിരുന്ന വസ്ത്രങ്ങളുടെയും ഷൂസിന്റെയും അടിസ്ഥാനത്തിൽ മകനാണ് രാജേശ്വറിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. രാജേശ്വറിനെ തട്ടിക്കൊണ്ടുപോയവർ മറ്റെവിടെയോ വച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം വനപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.