1981 ജൂലൈ 29ന് ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും തമ്മിലുള്ള വിവാഹം കഴിഞ്ഞെങ്കിലും ഇരുവരും തമ്മിലുള്ള ദാമ്പത്യബന്ധം അത്ര സുഖകരമല്ലായിരുന്നു. എന്നാൽ ഇത് പരസ്യമാകാതിരിക്കാൻ കൊട്ടാരം പരമാവധി ശ്രമിച്ചിരുന്നു. 1991 ആകുമ്പോഴേക്കും ഇരുവരും ഏതാണ്ട് അകന്ന മട്ടിലായിരുന്നുവെങ്കിലും വളരെ കുറച്ച് പേർക്ക് മാത്രമേ ഇത് അറിയാൻ സാധിച്ചിരുന്നുള്ളൂ. തന്റെ മുൻ കാമുകി കാമില പാർക്കറുമായുള്ള ബന്ധം ചാൾസ് കൂടുതൽ ശക്തിപ്പെടുത്തിയതും ഇക്കാലത്തായിരുന്നു. അതായത് ചാൾസ് വിവാഹിതനായത് കാമിലയുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടായിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ഇത്തരത്തിൽ തനിക്കുണ്ടായിരുന്ന മുഴുവൻ ജീവിത ദുരിതങ്ങളും ഡയാന റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നുവെന്നും ഇപ്പോൾ വെളിപ്പെട്ടിട്ടുണ്ട്. ഇതോടെ ബ്രിട്ടനെ വലയ്ക്കാൻ വീണ്ടും ഡയാന ടേപ്പ് പുറത്തെത്തിയിരിക്കുകയാണ്. എഴുത്തുകാരനും ഡയാനയുടെ ജീവചരിത്രകാരനുമായ ആൻഡ്രൂ മോർട്ടനിലൂടെ തന്റെ കാഴ്ചപ്പാടിലുള്ള ജീവിതകഥ പൊതുജനത്തിലെത്തിക്കാനായാണ് ഡയാന തന്റെ അനുഭവങ്ങൾ റെക്കോർഡ് ചെയ്തിരുന്നത്. അദ്ദേഹം ആ റെക്കോർഡിംഗുകൾ പുസ്തകരൂപത്തിലാക്കി ' ഡയാന; ഹെർ ട്രൂ സ്റ്റോറി' എന്ന പേരിൽ 1993ൽ പുറത്തിറക്കിയിരുന്നു.

ആ പുസ്തകം വീണ്ടും പുനപ്രസിദ്ധീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഡയാനയുടെ പൊള്ളുന്ന വെളിപ്പെടുത്തലുകൾ വീണ്ടും രാജകുടുംബത്തെ വീർപ്പ് മുട്ടിക്കാൻ തുടങ്ങുന്നത്. ഡയാനസയുടെ മരണത്തിന് 20 വർഷങ്ങൾക്ക് ശേഷമാണീ പുസ്തകം വീണ്ടുമെത്തുന്നത്. വളരെ വിശദമായിട്ടാണ് ഡയാന ഈ ടേപ്പുകൾ റെക്കോർഡ് ചെയ്തിരുന്നതെന്നാണ് ആൻഡ്രൂ മോർട്ടൻ വെളിപ്പെടുത്തുന്നത്. തനിക്ക് ഒരു ഇന്റർവ്യൂ വാഗ്ദാനം ചെയ്തുകൊണ്ട് ഒരു സുഹൃത്തിനെ തന്റെയടുത്തേക്ക് ഡയാന പറഞ്ഞയക്കുകയായിരുന്നുവെന്നും അതിലൂടെയാണ് തങ്ങൾ തമ്മിൽ കാണുന്നതെന്നും മോർട്ടൻ പറയുന്നു.

തന്റെ വിവാഹജീവിതത്തിൽ താൻ അങ്ങേയറ്റം നിരാശ പ ൂണ്ടിരുന്നുവെന്നും നിരവധി തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് ഡയാന തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നും മോർട്ടൻ പറയുന്നു. ഡയാനയുടെ ഭക്ഷണം കഴിക്കലിലെ ക്രമമില്ലായ്മ നന്നായി രേഖപ്പെടുത്തിയിട്ടുണ്ട് ഈ ടേപ്പുകളിൽ. താൻ വളരെ തടിച്ചിട്ടാണെന്ന് ചാൾസ് കുറ്റപ്പെടുത്തിയതിനെ തുടർന്നാണ് തന്റെ ഭക്ഷണക്രമം താളം തെറ്റിയതെന്നും ഡയാന ഈ ടേപ്പുകളിലൂടെ വെളിപ്പെടുത്തുന്നു. ചാൾസ് ഇത്തരത്തിൽ തന്നെ കുറ്റപ്പെടുത്തിയതിന് പുറമെ കാമിലയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം വർധിക്കുന്നതിലും താൻ ഏറെ ഉത്കണ്ഠപ്പെട്ടിരുന്നുവെന്നും ഡയാന വെളിപ്പെടുത്തിയതായി മോർട്ടൻ ഓർക്കുന്നു.

ഈ ടേപ്പുകളുടെ ട്രാൻസ്‌ക്രിപ്ഷൻ ഡെയിലിമെയിലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചാൾസ് തന്നെ പ്രൊപ്പോസ് ചെയ്ത സമയത്തും അദ്ദേഹത്തിന് കാമിലയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് തനിക്കറിയാമായിരുന്നുവെന്നും ഡയാന വെളിപ്പെടുത്തിയിരുന്നു.