യാന രാജകുമാരിയുടെ 20ാം ചരമവാർഷികം ഇന്നലെ സമുചിതമായി ആചരിച്ചു. ഇപ്പോഴും രാജകുമാരിക്ക് ജനമനസുകളിൽ ഉള്ള സ്ഥാനം എത്രത്തോളം വലുതാണെന്ന് ഒരിക്കൽ കൂടി വെളിപ്പെടുത്തപ്പെട്ട സന്ദർഭമായിരുന്നു ഇത്. ഇതോടനുബന്ധിച്ച് ഇന്നലെ പുഷ്പങ്ങളും ബലൂണുകളും പിടിച്ച് കെൻസിങ്ടൺ പാലസിലേക്ക് ഒഴുകി എത്തിയത് ആയിരങ്ങളായിരുന്നു. പുഷ്പചക്രങ്ങളുടെ മലനിര തന്നെയാണ് തീർത്ത് ആരാധകർ തീർത്തിരുന്നത്. കൊല്ലപ്പെട്ടിട്ട് 20 വർഷം കഴിഞ്ഞിട്ടും ബ്രിട്ടീഷ് ജനതയുടെ മനസിൽ നിന്നും ഡയാന രാജകുമാരി മായാതെ നില കൊള്ളുമ്പോൾ ഇതിനോട് കറുത്ത മുഖത്തോടെയാണ് രാജ്ഞിയും ഭർത്താവും പ്രതികരിച്ചതെന്ന് റിപ്പോർട്ടുണ്ട്.

ഇന്നലെ കെൻസിങ്ടൺ പാലസിന്റെ കവാടത്തിന് മുന്നിൽ എത്തിയ ജനക്കൂട്ടം അവിടെ പുഷ്പചക്രങ്ങളും വ്യക്തിപരമായ സന്ദേശങ്ങളും രാജകുമാരിക്കായി സമർപ്പിക്കുന്നത് കാണാമായിരുന്നു. മനസിലേക്ക് ആ സുന്ദരമുഖം കടന്ന് വന്നപ്പോൾ പലരും കരയുന്നുണ്ടായിരുന്നു. ഇന്നലെ മുഴുവൻ ഇത്തരത്തിൽ ആരാധകരുടെ നിരന്തര പ്രവാഹമായിരുന്നു കാണാൻ സാധിച്ചത്. പ്രമുഖ ഗായകനും ഡയാനയുടെ സുഹൃത്തുമായ സർ എൽട്ടൻ ജോൺ ഇൻസ്റ്റാഗ്രാമിൽ രാജകുമാരിക്കൊപ്പം താൻ നിൽക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടായിരുന്നു ആദരാഞ്ജലി അർപ്പിച്ചിരുന്നത്. 20 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം ഒരു മാലാഖയെ ലോകത്തിന് നഷ്ടപ്പെട്ടിരുന്നുവെന്ന കുറിപ്പും അദ്ദേഹം ഇട്ടിരുന്നു.

കെൻസിങ്ടൺ പാലസിന്റെ കവാടത്തിനരികെ എത്തിയ ഡയാനയുടെ മക്കൾ വില്യം രാജകുമാരനും ഹാരി രാജകുമാരനും ബുധനാഴ്ച തന്നെ എത്തി അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. തങ്ങളുടെ അമ്മ പിന്തുണച്ചിരുന്ന ചാരിറ്റികളുടെ പ്രതിനിധികളുമായി ഇരുവരും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. അമ്മയുടെ മരണം തങ്ങളെ സംബന്ധിച്ചിടത്തോളം തീര ദുരന്തമാണെന്നാണ് ഹാരി അവരോട് പ്രതികരിച്ചിരിക്കുന്നത്. ചാരിറ്റികളുടെ പ്രതിനിധികൾ ഡയാനയുടെ മക്കൾക്കൊപ്പവും കുടുംബത്തിനൊപ്പവും ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെടുക്കുകയാണ്.

ഡയാനയെ സ്മരിച്ചുള്ള ചടങ്ങ് ഈസ്റ്റ് ലണ്ടനിലെ മിൽഡ്‌മേ മിഷൻ എയ്ഡ്‌സ് ഹോസ്പിറ്റലിലും നടന്നു. എച്ച്‌ഐവി രോഗികൾക്കായി ഇവിടെ നടത്തിയ ഹോസ്പിസിൽ ഡയാന പതിവ്‌സന്ദർശകയായിരുന്നു.ബ്രിട്ടനെ ഇത്രയധികം സ്വാധീനിച്ച രാജകുമാരി 1997ൽ തന്റെ 36ാം വയസിലായിരുന്നു പാരിസിലുമണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞ് പോയത്. അടുത്തിടെ അവരുടെ മരണത്തിന്റെ അലയൊലികൾ ബ്രിട്ടനിലാകമാനം ഇതിന് മുമ്പില്ലാത്ത വിധം ഉയർന്ന് വന്നിരുന്നു. ഡയാനയുടെ മരണം തങ്ങളെ ചെറുപ്രായത്തിൽ ഏത് വിധത്തിലാണ് പിടിച്ചുലച്ചതെന്ന് വെളിപ്പെടുത്തി ഹാരിയും വില്യമും പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

താനും ചാൾസ് രാജകുമാരനും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകൾ എത്രത്തോളം വലുതായിരുന്നുവെന്ന ഡയാനയുടെ ഡയറിക്കുറിപ്പുകളും ടേപ്പുകളും അടുത്തിയെയായിരുന്നു പുറത്ത് വന്നിരുന്നത്. ഡയാനയെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്ററിയിലൂടെ അതു വരെ ലോകം അറിയാത്ത നിരവധി രഹസ്യങ്ങളും പുറത്തെത്തിയിരുന്നു. ഡയാനയുടെ മരണത്തിൽ രാജകുടുംബത്തിന് പങ്കുണ്ടെന്ന സംശയത്തിന് ആക്കം കൂട്ടുന്ന വെളിപ്പെടുത്തലുകളുമായി ചിലർ രംഗത്ത് വന്നതും ഈ അടുത്ത കാലത്തായിരുന്നു. ഡയാനയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനായി ബുധനാഴ്ച തന്നെ കെൻസിങ്ടൺ പാലസ് ഗേറ്റിന് മുന്നിലെത്തിയവരെ കാണാൻ ഹാരിയും വില്യമും എത്തിയിരുന്നു. ചിലർ ബാനറുകളും കാർഡുകളുമായിട്ടായിരുന്നു എത്തിയിരുന്നത്.

തങ്ങളുടെ അമ്മയെ ഓർമിക്കാനായി ഒരു മനോഹരമായ പൂന്തോട്ടം ഒരുക്കിയതറിഞ്ഞ് ഹാരിയും വില്യമും ഇന്നലെ കടുത്ത ആവേശത്തിലായിരുന്നു. ഡയാനയുടെ 20ാം ചരമവാർഷികവേളയിൽ രാജ്ഞിയും ഭർത്താവും ബാൽമോറലിൽ ആയിരുന്നു ചെലവഴിച്ചിരുന്നത്. ഡയാനയോട് ജനം ഇന്നും കാണിക്കുന്ന സ്‌നേഹം കണ്ടിട്ടാണോ എന്തോ അവരുടെ മുഖം പതിവില്ലാത്ത വിധം ഇരുണ്ടിരുന്നു. ഇരുവരുടെയും മുഖത്ത് എന്തോ തരത്തിലുള്ള അസംതൃപ്തി കാണാമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എസ്റ്റേറ്റിൽ നിന്നും ലാൻഡ് റോവറുകളിൽ കയറി പോകുമ്പോഴുള്ള ഇവരുടെ ഫോട്ടോഗ്രാഫുകളിൽ ഈ മുഖഭാവം വ്യക്തമാണ്. 1997ൽ ഡയാനയുടെ മരണ ശേഷം രാഞ്ജി ബാൽമോറലിൽ താമസിച്ചതും അന്ന് കടുത്ത വിമർശനത്തിന് വിധേയമായിരുന്നു.