യാന രാജകുമാരി എന്നും വിവാദങ്ങളുടെ തോഴിയാണ്. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും വിവാദങ്ങളും ഗോസിപ്പുകളും അവരെ വിടാതെ പിന്തുടർന്നിരുന്നു. ചാൾസുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ദാമ്പത്യകലഹങ്ങളും മൂർധന്യത്തിലെത്തി അവരുടെ ബന്ധത്തിന്റെ അവസാന നാളുകളായപ്പോഴേക്കും ചാൾസിന്റെ പിതാവ് ഫിലിപ്പ് രാജകുമാരന് ഡയാനയുടെ പേര് കേൾക്കുമ്പോഴേക്കും കലിയിളകുമായിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഡയാന സ്വന്തം സൗന്ദര്യം പരിധി വിട്ട് മാർക്കറ്റ് ചെയ്യുന്നതിൽ എലിസബത്ത് രാജ്ഞിക്കും മടുപ്പുണ്ടായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഡയാനയുമായി പൊരുത്തപ്പെടാനാവാതെ സഹികെട്ടാണ് ചാൾസ് പഴയ കാമുകി കാമിലക്ക് പിന്നാലെ പോയതെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്. ഇത്തരത്തിൽ ഡയാനയുടെ കൊട്ടാരജീവിതം ശത്രുക്കളുടെ നടുക്കായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഡയാനയുടെ കഠിനാധ്വാന താൽപര്യം രാജ്ഞി പരിഗണിച്ചിരുന്നുവെങ്കിലും രാജകുടുംബത്തോട് ഡയാനക്ക് എന്തെങ്കിലും തരത്തിലുള്ള കൂറോ ഉത്തരവാദിത്വബോധമോ ഉണ്ടോയെന്ന കാര്യത്തിൽ രാജ്ഞി കടുത്ത സന്ദേഹം പുലർത്തിയിരുന്നു. രാജകുമാരിക്ക് അതിനേക്കാൾ മുൻഗണന തന്റെ സൗന്ദര്യം പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിലായിരുന്നുവെന്ന് രാജ്ഞി ആരോപിക്കുകയും ചെയ്തുവെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.

ആൻഡ്രൂ മോർട്ടൻ ഡയാനയെക്കുറിച്ചെഴുതിയ കുപ്രസിദ്ധമായ ജീവചരിത്രത്തിന് വേണ്ടി നൽകി അഭിമുഖങ്ങളിലാണ് ഡയാന താൻ നേരിട്ട ഈ വക വിഷമങ്ങളെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നത്. ഡയാനയുടെ വിവാഹജീവിതത്തിനേറ്റ ദുരന്തം ഇതിലൂടെ ചുരുളഴിയുന്നുണ്ട്. ഡയാനയോട് നീരസമായിരുന്നുവെങ്കിലും രാജ്ഞി ഒരിക്കലും അത് നേരിട്ട് പ്രകടിപ്പിച്ചിരുന്നില്ല. ഡയാനയുടെ ദുരവസ്ഥയിൽ രാജ്ഞി ഒരു വേള ഫിലിപ്പിനോട് സഹതാപം പങ്ക് വയ്ക്കുകയും ചെയ്തിരുന്നുവത്രെ. എന്നാൽ ഇത്രയൊക്കെ ആയിട്ടും ചാൾസും ഡയാനയും തമ്മിൽ ഡിവോഴ്‌സ് ചെയ്യാത്തതെന്തെന്ന് ചോദിച്ച് ഫിലിപ്പ് രാജ്ഞിയോട് ശബ്ദമുയർത്തിയെന്നും സൂചനയുണ്ട്.

ചാൾസും ഡയാനയും തമ്മിൽ വഷളായ ബന്ധത്തെ പാപ്പരാസികളടക്കമുള്ള മീഡിയകൾ നിറം കലർത്തി എഴുതുന്നതിൽ ഫിലിപ്പ് അസ്വസ്ഥനായിരുന്നുവത്രെ. ഇതിനാൽ ഡയാനയുടെ കാര്യത്തിൽ ചാൾസ് അടിയന്തരി തീരുമാനമെടുക്കണമെന്നും ഫിലിപ്പ് നിർദേശിച്ചിരുന്നു. എന്നാൽ തന്റെ കുടുംബത്തിൽ ധൃതിപിടിച്ചൊരു തീരുമാനത്തിലൂടെ വിള്ളൽ വീഴുന്നതിൽ രാജ്ഞിക്ക് എതിർപ്പുണ്ടായതിനാലാണ് പെട്ടെന്നൊരു തിരുമാനമുണ്ടാവാതിരുന്നത്. തന്റെ വിഷമങ്ങളെക്കുറിച്ച് ഡയാന തന്നോട് കരഞ്ഞ് പറയുമ്പോൾ രാജ്ഞി ക്ഷമയോടെ കേട്ടിരിക്കാറുണ്ടായിരുന്നു. നമുക്ക് കാത്തിരുന്ന് കാണാമെന്ന ഉപദേശമായിരുന്നു രാജ്ഞി അന്ന് നൽകിയിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.