തിരുവനന്തപുരം:ഇടതു സർക്കാർ അധികാരമേറ്റതിന് പിന്നാലെ പുറത്തിറങ്ങിയ ആദ്യ സർക്കാർ ഡയറിയിൽ വലിയ തെറ്റുകൾ വന്നതോടെ മുഖ്യമന്ത്രി പിണറായി ഇടപെട്ടാണ് അച്ചടി നിർത്തിവയ്‌പ്പിച്ച് പുതിയ ഡയറി അച്ചടിക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ തെറ്റുകളിൽ നിന്ന് പാഠം പഠിക്കുന്നില്ലെന്നാണ് സർക്കാർ വീണ്ടും തെളിയിക്കുന്നത്. പുതിയ സർക്കാർ ഡയറിയിലും നിരവധി തെറ്റുകൾ കടന്നുകൂടിയതോടെ ഇക്കാര്യത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. 2018ലെ ഡയറിയും തെറ്റുകളുടെ സമാഹാരമായി മാറിയെന്നും ഇതിന് ഉത്തരവാദികൾ ആയവർക്കെതിരെ കർശന നടപടി വേണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.

ചെന്നിത്തലയുടെ കത്ത് ഇപ്രകാരം:

സർക്കാർ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചെലവാക്കിഅച്ചടിച്ച ഡയറിയിൽസർക്കാരിന്റെ കെടുകാര്യസ്ഥതയും, അവധാനതയില്ലായ്മയും കാരണംഗുരുതരമായ തെറ്റുകളാണ്കടന്നു കൂടിയിരിക്കുന്നത്.

വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമിക്കുകയും പിന്നീട് സ്ഥാനം ഒഴിയുകയും ചെയ്തചെയർമാന്മാർ തന്നെയാണ് ഇടതു സർക്കാർ പുറത്തിറക്കിയ പുതിയ ഡയറിയിലും ചെയർമാന്മാർ. ഇടതു സർക്കാർ പുതിയ ചെയർമാന്മാരെ വച്ചിട്ടും ഡയറി അച്ചടിച്ചപ്പോൾ അക്കാര്യം ഓർത്തില്ല. യൂത്ത് വെൽഫെയർ ബോർഡ് വൈസ് ചെയർമാനായി സിപിഎമ്മിലെ പി.ബിജുവിനെ ഇടതു സർക്കാർ നിയമിച്ചെങ്കിലും സർക്കാർ ഡയറിയിൽ കോൺഗ്രസ് നേതാവ് പി.എസ്.പ്രശാന്താണ് ഇപ്പോഴും വൈസ് ചെയർമാൻ.

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായി സിപിഎമ്മിലെ പള്ളിയറ ശ്രീധരനെ നിയമിച്ചെങ്കിലും പഴയ ഡയറക്ടർ നെടുമുടി ഹരികുമാർ തന്നെയാണ് സർക്കാർ ഡയറിയിൽ ഇപ്പോഴും ഡയറക്ടർ. എൻസൈക്ലോപീഡിയയുടെ ഡയറക്ടർ സ്ഥാനത്ത് നിന്നും ഡോ.എം.റ്റി.സുലേഖ 2016 മെയിൽ സ്ഥാനമൊഴിയുകയും ഡോ.എ.ആർ.രാജൻ സ്ഥാനമേൽക്കുകയും ചെയ്തെങ്കിലും 2018 ലെ ഡയറിയിലും ഡോ.സുലേഖ തന്നെയാണ് ഡയറക്ടർ. കില ഡയറക്ടറായി ജോയ് എളമൺ ചുമതലയേറ്റിട്ട് മാസങ്ങളായെങ്കിലും പഴയ ഡയറക്ടർ ഡോ. പി.പി. ബാലനെ സർക്കാർ ഡയറി ആ സ്ഥാനത്ത് നിന്ന് വിട്ടിട്ടില്ല.

ടെക്നോപാർക്കിൽ സിഇഒ സ്ഥാനത്ത് നിന്ന്കെ.ജി ഗിരീഷ് ബാബുസ്ഥാനമൊഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും സർക്കാർ ഡയറിയിൽ ഇപ്പോഴും അദ്ദേഹം തുടരുകയാണ്. ഇപ്പോഴത്തെ ഋഷികേശ്നായരാകട്ടെ ഡയറിക്ക് പുറത്താണ്. ഹാൻവീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് യുസി രാമൻ 2016 ഏപ്രിലിൽ സ്ഥാനമൊഴിഞ്ഞെങ്കിലും സർക്കാരിന്റെ ആധികാരിക ഡറിയിൽ അദ്ദേഹം ചെയർമാനായി തുടരുന്നു.

പബ്ലിക്ക് എക്സ്പെന്റീച്ചർ റിവ്യൂ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ ബി. എ. പ്രകാശ് 2016 മെയിൽ സ്ഥാനമൊഴിഞ്ഞു. തുടർന്ന് രണ്ട് ചെയർമാന്മാർ മാറിയെങ്കിലും ഡോ.പ്രകാശ് തന്നെ ഡയറിയിൽ ചെയർമാനായി തുടരുന്നു. മറ്റ് ഉദാഹരണങ്ങൾ ഇങ്ങനെ: സെന്റർ ഫോർ മാനേജ്മെന്റ് ഡെവലെപ്പ്മെന്റിൽ ബാബു ജേക്കബ് (പേജ് 94), കേരള സ്റ്റേറ്റ് ഇന്നവേഷൻ കൗൺസിൽ ജോസ് സിറിയക്ക് (പേജ് 106), നാഷണൽ ഗെയിംസിൽ ജേക്കബ് പുന്നൂസ് (പേജ് 109), നോർക്ക റൂട്ട്സിൽ പി.സുദീപ് (പേജ് 110).

എല്ലാ കാര്യങ്ങളിലും സർക്കാർ കാണിക്കുന്ന പിടിപ്പ് കേടും അനാസ്ഥയും തന്നെയാണ് ഡയറി അച്ചടിയിലും കണ്ടത്. കഴിഞ്ഞ തവണയും സർക്കാർ ഡയറിയിൽ നിറയെ തെറ്റുകളായിരുന്നു. ഒടുവിൽ അച്ചടിച്ച ഡയറികൾ ഉപേക്ഷിച്ചാണ് പുതിയ ഡയറികൾ പ്രിന്റു ചെയ്തത്. വൻ സാമ്പത്തിക ചിലവും ഉണ്ടായി. ഇത്തവണയും അത് തന്നെ ആവർത്തിക്കുകയാണ് ചെയ്തത്. സർക്കാരിന് ഒരു ഡയറി പോലും തെറ്റു കൂടാതെ അച്ചടിക്കാൻ കഴിയാത്തത് ഖേദകരമാണ്. -ഇത്തരം ഗുരുതരമായ തെറ്റുകൾ പരിഹരിക്കുന്നതിനുള്ളകർശന നടപടികൾ സ്വീകരിക്കണമെന്ന് ചെന്നിത്തല കത്തിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.