ഴിഞ്ഞ ദിവസം യാത്രയ്ക്കിടെ ഒരു ബുക്ക് സ്റ്റാളിൽ കയറിയപ്പോഴാണ് ''ഡയറി ഓഫ് ആൻ ഫ്രാങ്ക്'' എന്ന പുസ്തകം കണ്ണിൽപ്പെട്ടത്. മുൻപ് വായിച്ചിട്ടുണ്ടെങ്കിലും ഓർമ്മ പുതുക്കാൻ വീണ്ടും വായിക്കാനായി ആ പുസ്തകം വാങ്ങി.

രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തെ യാതനകളും, കെടുതികളും, ഒരു കൊച്ചു കുട്ടിയുടെ എഴുത്തിലൂടെ വായിക്കുമ്പോൾ ആ മഹായുദ്ധത്തിന്റെ നാളുകളിലൂടെ കടന്നുപോകുന്നതായി തോന്നി. ദുരിതപൂർണ്ണമായ നാളുകളെ ഓർമ്മപ്പെടുത്തുന്ന ഒരു കുട്ടിയുടെ ശബ്ദം അവിടെ കാണാനിടയായി.

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ 1929 ജൂൺ 12 ന് ഓട്ടോ ഫ്രാങ്കിന്റേയും എഡിത്ത് ഫ്രാങ്കിന്റേയും മകളായി ആൻഫ്രാങ്ക് ജനിച്ചു. 1933 ന് ജർമ്മനിയിൽ നാസി പാർട്ടി ശക്തിപ്പെടുകയും യഹൂദ വിദ്വേഷം വ്യാപകമാവുകയും ചെയ്തതോടെ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഓട്ടോ ഫ്രാങ്കിന് ജോലി നഷ്ടപ്പെട്ടു. പിന്നീട് കുടുംബത്തോടൊപ്പം നെതർലാൻഡിലെത്തി (ഹോളണ്ട്) ജാം നിർമ്മാണ കമ്പനി ആരംഭിച്ചു.

ആനും സഹോദരി മാർഗരറ്റും 1940-ൽ വിദ്യാഭ്യാസം ആരംഭിച്ചു. ജർമ്മൻ പട്ടാളം നെതർലണ്ടിലെത്തുന്നതുവരെ അവർ അവിടെ സന്തോഷത്തോടെ ജീവിച്ചു. എന്നാൽ നെതർലണ്ടിലെ ജർമ്മൻ ഭരണകൂടം വ്യാപാരത്തിലേർപ്പെട്ടിരുന്ന യഹൂദന്മാർക്ക് നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് ആനും സഹോദരിയും യഹൂദന്മാർ മാത്രം പഠിക്കുന്ന സ്‌കൂളിലേക്ക് മാറേണ്ടിവന്നു. പിന്നീട് ജർമ്മൻ പട്ടാളം യഹൂദന്മാരെ വീടുകളിൽ നിന്ന് പിടിച്ചുകൊണ്ടുപോയി കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഗ്യാസ് ചേമ്പറുകളിൽ നിഷ്‌കരുണം കൊല ചെയ്തുതുടങ്ങി. ഇതിനെ തുടർന്ന് ആൻ ഫ്രാങ്കും കുടുംബവും ഒളിവിൽ പോേകണ്ടിവന്നു. 1942 ജൂൺ 12-നും 1944 ഓഗസ്റ്റ് 1 നും ഇടയ്ക്ക് 'അനക്‌സ്' എന്ന ഒളിസങ്കേതത്തിലിരുന്നാണ് ആൻ ഫ്രാങ്ക് തന്റെ ഡയറി എഴുതുന്നത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഡച്ച് പ്രവാസി ഗവൺമെന്റിലെ അംഗമായിരുന്ന ഗെറിറ്റ് ബോൾക്കെസ്റ്റീൻ ലണ്ടനിൽ നിന്ന് ഒരു റേഡിയോ പ്രക്ഷേപണം നടത്തി അതുപ്രകാരം യുദ്ധകാലത്ത് ജർമ്മൻ അധീനതയിൽ തന്റെ ജനങ്ങൾ നേരിടേണ്ടിവരുന്ന ദുരിതങ്ങളും യാതകളും കുറിച്ചുവയ്ക്കാനും അവ യുദ്ധാനന്തരം പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞു. ഈ വാക്കുകളാണ് ആൻ ഫ്രാങ്കിന് കിറ്റി എന്ന ഡയറികുറിപ്പ് എഴുതാൻ പ്രചോദനമായത്.

1942 ജൂൺ 12 ന് ആൻ ഫ്രാങ്കിന്റെ 13-ാം ജന്മദിനത്തിൽ ഓട്ടോ ഫ്രാങ്ക് മകൾക്കൊരു ഡയറി സമ്മാനിച്ചു. 'കിറ്റി' എന്നായിരുന്നു ആ ഡയറിക്ക് ആൻ നൽകിയ പേര്. ആ വർഷം തന്നെ അവളാ ഡയറിയിൽ എഴുതി തുടങ്ങി.

യുദ്ധത്തിന്റെ മനുഷ്യത്വമില്ലായ്മ ഒരു ബാലികയുടെ എഴുത്തിലൂടെ ഇവിടെ പ്രതിഫലിക്കുന്നു. യുദ്ധങ്ങളുടെ കെടുതികൾ എപ്പോഴും അനുഭവിക്കേണ്ടിവരുന്നത് സാധാരണ ജനങ്ങളാണല്ലോ! അവരിൽ തന്നെ കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന യാതനകളാകുമ്പോൾ നമ്മുടെ മനസിനെ പിടിച്ചുകുലുക്കും. യുദ്ധകെടുതികളുടെ ക്രൂരതകൾക്ക് ഇരയാകുന്ന കുട്ടികളുടെ മാനസികാവസ്ഥ 'കിറ്റിയിലൂടെ' ശക്തമായി പ്രതിഫലിക്കുന്നു. ''ദി ഡയറി ഓഫ് എ യങ്ങ് ഗേൾ'' എന്ന പുസ്തകവും ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ അനുഭവങ്ങളും മാനസിക വ്യാപാരങ്ങൾ എന്നതിനുമപ്പുറം യുദ്ധകെടുതികളുടെ ഭീകരത അനുഭവിക്കുന്ന കുട്ടികളുടെ രോദനം കൂടി തുറന്ന് കാട്ടുന്നു.

ഓട്ടോ ഫ്രാങ്ക് ജോലി ചെയ്യുന്ന ജാം നിർമ്മാന കമ്പനിക്ക് മുകളിലായിരുന്നു 'അനക്‌സ്' എന്ന ഒളിതാവളം. ഈ താവളത്തിന്റെ പ്രവേശന കവാടം ബുക്ക് ഷെൽഫ് കൊണ്ട് മറച്ചിരുന്നു. ആനിന്റെ കുടുംബവും അവരുടെ സുഹൃത്തായ ദന്തഡോക്ടറുടേയും കുടുംബവുമടക്കം എട്ടു പേരായിരുന്നു ആ ഒളിസങ്കേതത്തിൽ കഴിഞ്ഞിരുന്നത്. ഏത് നിമിഷവും പട്ടാളം കടന്നു വരുമെന്ന ഭയത്തോടെ കഴിഞ്ഞിരുന്ന ആ സമയത്താണ് ആൻ തന്റെ ഡയറി എഴുതിത്ത്ത്ത്ത്തുടങ്ങിയത്.[BLURB#1-H]

കിറ്റി എന്ന ഡയറിയിലെ ആദ്യ വാക്കുകൾ ഇങ്ങനെയായിരുന്നു. ''നിന്നോട് എല്ലാം തുറന്ന് പറയാൻ കഴിയും, നീ എനിക്ക് ആശ്വാസവും താങ്ങും നൽകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ആനിന്റെ സ്വപ്നങ്ങളും, പരിഭവങ്ങളും സങ്കടവും പ്രണയവുമെല്ലാം ഈ ഡയറികുറിപ്പിലൂടെ വായിച്ചെടുക്കാം.

[BLURB#2-VL] 1943-ൽ ഡിസംബർ 24 ന്റെ ഡയറി താളുകളിൽ ആൻ എഴുതിയത് ഇങ്ങിനെ. ''എനിക്ക് സൈക്കിൾ ചവിട്ടണം, ചൂളമടിക്കണം, ലോകം കാണണം, യുവത്വവും സ്വാതന്ത്യവും അനുഭവിക്കണം''. സൈക്കിൾ ചവിട്ടാനും കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാനുമൊക്കെ ആഗ്രഹിക്കുന്ന ഒരു കൗമാരകാരിക്ക് എത്ര വേദനാജനകമായിരിക്കും ഒരു കെട്ടിടത്തിനകത്തെ അടച്ചുപൂട്ടിയ ജീവിതമെന്ന് ഈ വരികളിലൂടെ വരച്ചുകാട്ടപ്പെടുന്നുണ്ട്.

തന്റെ ചിന്തകൾ, വികാരങ്ങൾ, നിരീക്ഷണങ്ങൾ, വിശ്വാസങ്ങൾ എല്ലാം അടുത്ത സുഹൃത്തായ കിറ്റിയോട് പങ്കുവയ്ക്കുന്നു. ഒളിത്താവളത്തിലിരുന്ന് ആൻ എഴുതിയ കുറിപ്പുകളാണ് തനിക്ക് ജയിലറയ്ക്കുള്ളിൽ ധൈര്യം പകർന്നതെന്ന് മുൻ സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേല പറഞ്ഞതും ഓർത്തുപോകുന്നു.

1944 ഏപ്രിൽ 5 ന് അവൾ ഇങ്ങനെ എഴുതി ''എഴുതുമ്പോൾ ഞാൻ മറ്റെല്ലാം മറക്കുകയാണ്. എന്റെ ദുഃഖങ്ങൾ ഇല്ലാതാവുന്നു, ഞാൻ ധൈര്യം ആർജ്ജിക്കുന്നു''. ഒരു പതിമൂന്ന് വയസ്സുകാരിയുടെ മനസ്സിന്റെ ആകുലതകളും, വിചാരങ്ങളും എത്ര സൂക്ഷമായാണിവിടെ എഴുതി ചേർത്തിരിക്കുന്നത്.

1944 ഓഗസ്റ്റ് ഒന്നിനാണ് ആൻ അവളുടെ ഡയറിയിലെ അവസാന വാചകങ്ങൾ എഴുതിയത്. അന്ന് ജർമ്മൻ സെക്യൂരിറ്റി സർവീസ് അവളും കുടുംബവും താമസിച്ചിരുന്ന 263-ാം നമ്പർ അനക്‌സ് റെയ്ഡ് ചെയ്തു. പിന്നീട് കോൺസൻട്രേഷൻ ക്യാമ്പിലേക്ക് മാറ്റി. കഠിനമായിരുന്ന ആ നാളുകളിൽ സ്‌കാബിസ് എന്ന അസുഖത്തിനിരയി അവൾ മരിച്ചു.

കിറ്റിയിലെ അവസാന വാചകങ്ങൾ ഇങ്ങിനെ... ''എന്റേത് ഒരുതരം ഇരട്ട വ്യക്തിത്വമാണെന്ന് നേരത്തെ പറഞ്ഞിട്ടില്ലേ. മനോവീര്യം, ദുർഘടസന്ധികളിൽപോലുമുള്ള സമചിത്തത തുടങ്ങിയവയാണ് ഒരു പകുതിയിലുള്ളത്. ആൺകുട്ടികളുമായി ചങ്ങാത്തം ഇഷ്ടപ്പെടുന്ന, തമാശകൾ ആസ്വദിക്കുന്ന ഒരു പെൺകുട്ടിയാണ് ആ ഞാൻ; അതായത് പുറമേ കാണുന്ന ആൻ! ഈ പകുതി എപ്പോഴും കൂടുതൽ ആഴത്തിലുള്ള കൂടുതൽ ശുദ്ധമായ മറ്റേ പകുതിയെ തള്ളിമാറ്റിക്കൊണ്ട് ആളുകളുടെ ശ്രദ്ധ നേടുന്നു. അതുകൊണ്ടു തന്നെ ആനിന്റെ കൂടുതൽ നല്ല മറ്റേ മുഖം ആരും കാണുന്നില്ല.''

[BLURB#3-VR]'അനക്‌സ്' റെയിഡ് ചെയ്തപ്പോൾ രക്ഷപ്പെട്ട ആൻ ഫ്രാങ്കിന്റെ പിതാവ് യുദ്ധത്തിനുശേഷം തിരിച്ചെത്തിയപ്പോൾ സുഹൃത്തുക്കൾ സൂക്ഷിച്ചിരുന്ന ഈ ഡയറികുറിപ്പുകൾ കണ്ടെടുത്തു. കഠിനമായ പ്രതിസന്ധിഘട്ടത്തിലെ മനോവേദന ഡയറിതാളുകളിലേക്ക് പകർത്തിയ ആനിന്റെ കുറിപ്പുകൾ ലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒട്ടേറെ സിനിമാ-നാടക-ടെലിവിഷൻ പരിപാടികൾക്ക് അത് പ്രചോദനമായി. അറുപതോളം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഡയറിക്കുറിപ്പിന്റെ കോടിക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു. 1959-ൽ ''ദി ഡയറി ഓഫ് ആൻ ഫ്രാങ്ക്'' എന്ന പുസ്തകവും പുറത്തിറങ്ങി.

ഒരു കുഞ്ഞു മനസ്സിന്റെ ഉള്ളിലൊളിപ്പിച്ചിരിക്കുന്ന വേദനകളാണ് ഡയറികുറിപ്പുകളായി പരിണമിച്ചത് എന്ന് ചിന്തിച്ചപ്പോൾ ഹൃദയമൊന്ന് പിടച്ചു എന്നത് സത്യം. വംശീയവിദ്വേഷവും യുദ്ധകെടുതിയുമെല്ലാം ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്നും അവശേഷിക്കുമ്പോൾ അതിന്റെ ഭീകരതയും അതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും മനസ്സിലാക്കാൻ ഈ ഡയറി കുറിപ്പ് സഹായിക്കുന്നു. വരാനിരിക്കുന്ന ഭയാനകതയെ മുന്നിൽ കാണുമ്പോഴും ലോകമനസ്സാക്ഷിയെ നടുക്കുകയും ആശ്വസിപ്പിക്കുകയും പ്രത്യാശയിലേക്ക് നയിക്കുകയും ചെയ്ത ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പ് ഇന്നും പ്രസക്തമാണ്.