- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജിവെച്ചതിന് പിന്നാലെ സിദ്ദുവിന് പാക് ബന്ധം ആരോപിച്ചു കടന്നാക്രമണം; പിന്നാലെ കോൺഗ്രസിന്റെ കണ്ണിൽ കരടായ അർണാബിന്റെ റിപ്പബ്ലിക് ടിവിക്ക് പാർട്ടി വിലക്ക് ലംഘിച്ചു അഭിമുഖം; കോൺഗ്രസിനെ പ്രതിരോധത്തിലാക്കി അമരിന്ദർ സിങ് ബിജെപി പാളയത്തിലേക്കോ?
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ അടുത്ത നീക്കം എന്താകും? ആകാംക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. ആറ് മാസങ്ങൾക്ക് ശേഷം നടക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ ക്യാപ്ടൻ സിദ്ദുവിന് വെല്ലുവിളി ഉയർത്തുമോ എന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്. പ്രായം മാത്രമാണ് അമരീന്ദൻ സിംഗിന് മുമ്പിലുള്ള തടസ്സം. ദേശീയതാ വികാരം ഉയർത്തുന്ന കോൺഗ്രസുകാരനായ അമരീന്ദൻ ബിജെപി പാളയത്തിലേക്ക് ചേക്കേറുമോ എന്ന ചോദ്യവും ശക്തമാണ്. അടുത്ത ദിവസങ്ങളിലെ അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ ചില സൂചനകളും നൽകുന്നുമുണ്ട്.
സിദ്ധുവാണ് തന്റെ പ്രധാന എതിരാളിയെന്ന് അമരീന്ദറിന് ബോധ്യമുണ്ട്. കോൺഗ്രസ് വീണ്ടും ഒരു അവസരം നൽകില്ലെന്നും അദ്ദേഹത്തിന് ഉറപ്പാണ്. അതേസമയം പഞ്ചാബിൽ പിടിവിട്ടു നിൽക്കുകയാണ് ബിജെപി. കർഷക രോഷം കാരണം നിലയുറപ്പിക്കാൻ സാധിക്കാത്ത ബിജെപിക്ക് മുന്നിൽ വീണു കിട്ടിയ ആയുധമാണ് അമരീന്ദർ. അതുകൊണ്ട് തന്നെ ബിജെപി എങ്ങനെയും അദ്ദേഹത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുമെന്നും ഉറപ്പാണ്. ജനപിന്തുണയുള്ള നേതാവാണ് അമരീന്ദർ എന്നതു കൊണ്ടു തന്നെയാണ് ബിജെപി അദ്ദേഹത്തെ നോട്ടമിടുന്നതും. എന്നാൽ, അദ്ദേഹം അതിന് തയ്യാറാകുമോ എന്നാണ് കണ്ടറിയേണ്ടത്.
ഇതിനിടെ രാജി വെച്ച ശേഷം അമരീന്ദൻ ആദ്യമായി അഭിമുഖം നൽകിയത് കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ടാണ്. കോൺഗ്രസ് പ്രവർത്തകർ ചർച്ചക്ക് പോകരുത് എന്നു നിർദ്ദേശിച്ച ചാനലാണ് അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി. ഈ ചാനലിൽ അഭിമുഖം നൽകുകയാണ് അമരീന്ദർ ചെയ്തത്. അർണാബ് ഗോസ്വാമി നേരിട്ടാണ് ക്യാപ്ടന്റെ അഭിമുഖം എടുത്തതും. താൻ അപമാനിക്കപ്പെട്ടുവെന്ന് പറഞ്ഞതും അർണാബുമായുള്ള അഭിമുഖത്തിലായിരുന്നു. അതുകൊണ്ട് തന്നെ ബിജെപിയെന്ന ഒപ്ഷൻ ക്യാപ്ടൻ തിരഞ്ഞെടുക്കുമെന്ന സൂചനകളുമുണ്ട്.
ദേശീയതാ വാദം ഉയർത്തിപ്പിടിക്കുന്ന ക്യാപട്ൻ അമരീന്ദൻ സിങ് സിദ്ധുവിനെ കുറ്റപ്പെടുത്തി രംഗത്തുവന്നത് ബിജെപി എറ്റുപിടിച്ചതും ശ്രദ്ധേയമാണ്. സിദ്ദു മുഖ്യമന്ത്രിയാകുന്നത് തനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് വാർത്താ ഏജൻസി എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അമരീന്ദൻ പറഞ്ഞിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവൻ ജെൻ ഖാമർ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമരീന്ദർ ആരോപിച്ചു.
'നവജ്യോത് സിങ് സിദ്ദു ഒരു കഴിവില്ലാത്ത മനുഷ്യനാണ്. എന്റെ സർക്കാരിലെ ഒരു വലിയ ദുരന്തമായിരുന്നു അയാൾ. ഞാൻ അദ്ദേഹത്തിന് നൽകിയ ഒരു മന്ത്രാലയത്തിന്റെ ചുമതല പോലും നന്നായി കൈകാര്യം ചെയ്യാൻ അയാൾക്ക് കഴിഞ്ഞില്ല', അമരീന്ദർ പറഞ്ഞു. കോൺഗ്രസിൽ തുടരുമോ എന്ന ചോദ്യത്തിന് തനിക്ക് ഇപ്പോൾ അതിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയില്ലെന്ന് അമരീന്ദർ പറഞ്ഞു. അപമാനിക്കപ്പെട്ടതിനാൽ രാജിവെക്കാൻ പോവുകയാണെന്ന് സോണിയാ ഗാന്ധിയോട് നേരിട്ട് ഫോണിൽ വിളിച്ച് പറഞ്ഞതായും ഇതിന് മറുപടിയായി 'അമരീന്ദർ എന്നോട് ക്ഷമിക്കണം' എന്നാണ് കോൺഗ്രസ് അധ്യക്ഷ പറഞ്ഞതെന്നും അമരീന്ദർ വെളിപ്പെടുത്തി.
അമരീന്ദർ സിംഗിന്റെ പരാമർശത്തെ പിന്തുണച്ചാണ് ബിജെപിയും രംഗത്തുവന്നത്. നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിക്ക് ആശംസകൾ നേർന്ന് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പറഞ്ഞതും പഞ്ചാബിന്റെ സുരക്ഷയെ മുൻനിർത്തിയുള്ള കാര്യങ്ങളിലായിരുന്നു. പഞ്ചാബിനെയും ജനങ്ങളെയും അതിർത്തിക്ക് അപ്പുറത്തുനിന്ന് വരുന്ന ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാൻ കഴിയട്ടേയെന്നായിരുന്നു ആശംസ. 'ചരൺജിത് സിങ് ചന്നിക്ക് ആശംസകൾ. അതിർത്തി സംസ്ഥാനമായ പഞ്ചാബിനെ സുരക്ഷിതമായി നിലനിർത്താനും അതിർത്തിക്ക് അപ്പുറത്തുനിന്ന് വരുന്ന സുരക്ഷ ഭീഷണിയിൽനിന്ന് ജനങ്ങളെ സംരക്ഷിച്ച് നിർത്തുമെന്നും പ്രതീക്ഷിക്കുന്നു' -അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് ട്വിറ്ററിൽ കുറിച്ചു.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവുമായി ഏറെ അടുപ്പമുള്ള നേതാവാണ് ചന്നി. നവ്ജ്യോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിൽ മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവെച്ചതോടെ വിളിച്ചുചേർത്ത നിയമസഭകക്ഷി യോഗം പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. അമരീന്ദർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ കോൺഗ്രസ് ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന തിരക്കിട്ട ചർച്ചകൾക്കൊടുവിലാണ് പുതിയ മുഖ്യമന്ത്രിയെ നിശ്ചയിച്ചത്.
പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിൽ നാളുകളായി തുടരുന്ന ഉൾപ്പോരിനൊടുവിലായിരുന്നു അമരീന്ദർ സിങ് രാജിവെച്ചത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എംഎൽഎമാർ ഹൈകമാൻഡിനെ സമീപിച്ചതോടെ അമരീന്ദർ സിങ് ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. അപമാനിതനായാണ് പടിയിറങ്ങുന്നതെന്ന് രാജിവെച്ച ശേഷം അമരീന്ദർ സിങ് പ്രതികരിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ അമരീന്ദറിന്റെ നീക്കമാകും കോൺഗ്രസ് കാതോർത്തിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ