മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച പ്രൊഫസർ ഗീതാ ഗോപിനാഥിനെ ഞാൻ നേരിട്ടറിയില്ല. ഭൂരിഭാഗം മലയാളികളെയും പോലെ ഞാൻ അവരുടെ പേരുപോലും ആ വാർത്തക്ക് മുൻപ് കേട്ടിട്ടില്ല. പക്ഷെ വാർത്ത കേട്ട് അവരുടെ ബയോഡാറ്റ പരിശോധിച്ചപ്പോൾ കേരളത്തിനുവേണ്ടി സന്തോഷം തോന്നി. ഇത്ര കഴിവുള്ള ഒരാൾ കേരളത്തെപ്പറ്റി ചിന്തിക്കാനും ഏറ്റവും ഉയർന്ന തലത്തിൽ ഉപദേശം നല്കുവാനും കുറച്ചു സമയം ചെലവാക്കുമല്ലോ. അതുപോലെ അക്കാദമിക് രംഗത്തെ പ്രശസ്തയായ ഒരാളെ ഉപദേഷ്ടാവാക്കാൻ തീരുമാനിച്ച മുഖ്യമന്ത്രിയോട് ബഹുമാനവും തോന്നി. ലോകത്തെ നല്ല ഭരണകർത്താക്കൾ എല്ലാംതന്നെ നല്ല ഉപദേഷ്ടാക്കൾ ചുറ്റുമുള്ളവർ ആയിരുന്നു. തന്നേക്കാൾ മിടുക്കരെ, അവർ തന്റെ നിലപാടുകളെ എതിർത്തവരോ എതിർക്കുന്നവരോ ആയാലും, മന്ത്രിയായും ഉപദേഷ്ടാക്കളായും കൂടെക്കൂട്ടിയ എബ്രഹാം ലിങ്കൻ ആണ് അമേരിക്കയിലെ ഏറ്റവും നല്ല പ്രസിഡണ്ടുമാരിൽ ഒരാളായി പരിഗണിക്കപ്പെടുന്നത്.

ഗീതാ ഗോപിനാഥിന്റെ പേരു കേട്ട് രണ്ടു ദിവസത്തിനകം അവരുടെ പഴയ ചരിത്രമെല്ലാം തെരഞ്ഞ് എതിർപ്പുമായി ചിലർ വന്നപ്പോൾ എനിക്കതിശയം തോന്നി. അവർ നിയോ ലിബറൽ ആണെന്ന് ഒരു കൂട്ടം ആളുകൾ, മോദി ഭക്തയാണെന്ന് വേറൊരു കൂട്ടർ, തോമസ് ഐസക്കിനും വി.കെ. രാമചന്ദ്രനും കൊടുക്കാൻ പറ്റാത്ത എന്ത് ഉപദേശം ആണ് ഇവർക്ക് കൊടുക്കാൻ പറ്റുന്നതെന്നു വേറെ ചിലർ. കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ. എന്തിനാണ് നേതാക്കൾ ഉപദേശകരെ വെക്കുന്നത്?, എന്തിനാണ് ഓരോ വിഷയത്തിലും കഴിവുള്ളവർ നേതാക്കളുടെ ഉപദേശകരായി പോകുന്നത്?, എന്നീ വിഷയത്തെപ്പറ്റി അടിസ്ഥാന ധാരണയെങ്കിലും ഉണ്ടെങ്കിൽ ഇത് പോലെ ചരിത്രം ചികഞ്ഞും ഉടക്ക് വാദങ്ങളും ആയും ആരും വരില്ല.

ആദ്യം തന്നെ ഉപദേശത്തിന്റെ കഥ പറയാം. ലോകത്തിലൊരു നേതാവിനും എല്ലാ വിഷയങ്ങളിലും അറിവുണ്ടാവുക സാധ്യമല്ല. അപ്പോൾ പല വിഷയങ്ങളെപ്പറ്റിയും കൂടുതൽ അറിവുള്ളവരുടെ സഹായം വേണ്ടിവരും. സർക്കാരിൽ തന്നെ അതിന് സംവിധാനം ഉണ്ടെങ്കിലും അവർക്ക് പല താല്പര്യങ്ങളും പരിമിതികളുമുണ്ട്. അതുകൊണ്ട് തന്നെ സർക്കാരിനകത്തു നിന്നും പുറത്തു നിന്നും അഭിപ്രായം കിട്ടുമ്പോൾ മാത്രമാണ് നല്ല നയങ്ങൾ രൂപീകരിക്കാൻ സാധിക്കുന്നത്. നമ്മുടെ ചിന്തകൾ അനുസരിച്ചുമാത്രം ചിന്തിക്കുന്നവരെയോ നമുക്ക് ഇഷ്ടമുള്ളത് മാത്രം പറയുന്നവരെയോ അല്ല നാം ഉപദേഷ്ടാവ് ആക്കേണ്ടത്. അതിന് പാർട്ടിക്കാരും സ്തുതിപാഠകരും മതിയല്ലോ. നമുക്ക് അറിയില്ലാത്തതും ഇഷ്ടപ്പെടാത്തതും ഒക്കെയായ കാര്യങ്ങൾ നമ്മളോട് മടിയില്ലാതെ നേരിട്ട് പറയാനാണ് നല്ല ഉപദേഷ്ടാവ് വേണ്ടത്. നല്ല നേതൃത്വ ഗുണം ഉള്ളവർക്കേ അതിനുള്ള വിഷൻ ഉണ്ടാകൂ. അതു കൊണ്ടാണ് സർക്കാരിന് പുറത്തു നിന്നും അത് സർക്കാരിന്റെ ചിന്തക്ക് ഒത്തു മാത്രം ചിന്തിക്കാത്ത ഒരാളെ ഉപദേഷ്ട്ടാവ് ആക്കാനുള്ള തീരുമാനത്തെ നാം ബഹുമാനിക്കേണ്ടത്.

കേരളത്തിൽ ഇത് ചിലപ്പോൾ അപൂർവമായിരിക്കാം, പക്ഷെ ലോകത്ത് മറ്റു സ്ഥലങ്ങളിൽ ഇത് സർവ സാധാരണമാണ്. ചൈനയിൽ 'China Council for Environmental Cooperation and Development' എന്ന ഒരു ഉപദേശക സംഘം ഉണ്ട്. കേന്ദ്ര ഗവണ്മെന്റിന് പരിസ്ഥിതിയും വികസനവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഉപദേശം നല്കുകയാണ് അവരുടെ ജോലി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ മേധാവി 2007 മുതൽ 2011 വരെ അതിൽ അംഗമായിരുന്നു. അദ്ദേഹത്തിന്റെ വാലായി അതിൽ പങ്കെടുക്കാനുള്ള അവസരം അക്കാലത്ത് എനിക്ക് ഉണ്ടായിട്ടുണ്ട്. ആഗോള കുത്തകയായ ഷെല്ലിന്റെ ഉന്നത ഉദ്യോഗസ്ഥയായ ലിന്റ കുക്ക് മുതൽ കാപ്പിറ്റലിസത്തിന്റെ മുൻനിര പോരാളിയായിരുന്ന മാർക്ക് മൂഡി സ്റ്റുവർട്ട് വരെ എല്ലാവരും സമിതിയിൽ ഉണ്ടായിരുന്നു. അല്ലാതെ ലോകമെല്ലാം തെരഞ്ഞ് ചൈനീസ് ചിന്താഗതി അംഗീകരിക്കുന്നവരെ കണ്ടുപിടിച്ചല്ല അവർ ഉപദേശക സമിതി ഉണ്ടാക്കിയത്.

എന്തിനാണ് യൂണിവേഴ്‌സിറ്റിയിലും മറ്റും നല്ല ശമ്പളവും മേടിച്ചു സുഖമായിരിക്കുന്നവർ സർക്കാരിന്റെ ഉപദേഷ്ടാക്കൾ ആയി പോകുന്നത്. കേരളത്തിലെ ചില വാർത്ത കേട്ടാൽ അവർ വരുന്നതുകൊടിവച്ച കാറിനും സെക്രട്ടറിയേറ്റിൽ ഒരു ഓഫിസിനുമൊക്കെ വേണ്ടിയാണെന്ന് തോന്നും. ശുദ്ധ അസംബന്ധം. പഴയ രാജകീയ ചിഹ്നങ്ങൾ കണ്ടു പഴകിയ ദാസ്യ മനോഭാവത്തിൽ നിന്നാണ് ഇതൊക്കെയാണ് ഉപദേശകരുടെ ലക്ഷ്യം എന്ന് നമുക്ക് തോന്നുന്നത്. ലോകത്ത് പലയിടത്തും ഉപദേശത്തിന് പോകുന്ന പരിചയം വച്ചു പറയട്ടെ, അധികാരത്തിന്റെ ചിഹ്നങ്ങളോ എന്തിന് അവർ തരുന്ന ശമ്പളമോ ഒന്നും അല്ല പ്രസിണ്ടന്റുമാർക്കും പ്രധാനമന്ത്രിമാർക്കും ഒക്കെ ഉപദേശത്തിന് പോകുന്നവരുടെ പ്രധാന ലക്ഷ്യം. ഒരു ദിവസത്തെ തൊഴിലിന് പതിനായിരം ഡോളർ സ്വകാര്യ മേഖലയിൽ നിന്നും കൺസൾട്ടൻസി ഫീസ് കിട്ടുന്ന യൂണിവേഴ്‌സിറ്റി പ്രൊഫസർമാർ എന്റെ കൂടെ ഒരാഴ്ചത്തേക്ക് ഒരു ഡോളർ എന്ന നാമമാത്രമായ തുകക്ക് ഓരോ രാജ്യങ്ങളെ ദുരന്ത വിഷയത്തിൽ ഉപദേശിക്കാൻ വരാറുണ്ട്. അവിടെ പൊട്ടിപ്പൊളിഞ്ഞ ടാക്‌സിയിൽ യാത്ര ചെയ്തും ടെന്റിൽ കിടന്ന് ഉറങ്ങിയും ജോലി ചെയ്യാറുണ്ട്. അവരുടെ പ്രധാന ലക്ഷ്യം അവരുടെ അറിവ് കൊണ്ട് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാക്കുക എന്നത് മാത്രമാണ്. സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉപദേശം നൽകുമ്പോൾ പത്തോ ആയിരമോ ആളുകളുടെ ജീവനെയാണ് നമ്മൾ ഇൻഫ്‌ളുവൻസ് ചെയ്യുന്നത്, അതേ സമയം സർക്കാരിനെ ഉപദേശിക്കുമ്പോൾ രാജ്യത്തിന്റെ ജനസംഖ്യ അനുസരിച്ചു് പതിനായിരം മുതൽ നൂറ്റി നാൽപ്പതു കോടി വരെ ആളുകളുടെ ജീവനെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ നയരൂപീകരണത്തിൽ പങ്കെടുക്കാൻ പറ്റുന്നു. അതുകൊണ്ടാണ് ലോകത്തെ ഏറ്റവും മിടുക്കരായ ആളുകൾ അവരുടെ ചിന്താഗതിയുമായി ഒരു ബന്ധവും ഇല്ലാത്ത രാജ്യങ്ങളിൽ പോലും ഉപദേശം നൽകാൻ പോകുന്നത്. കാരണം സാങ്കേതിക വിദഗ്ദ്ധരെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ഒരു അവസരവും വെല്ലുവിളിയും ഇല്ല.

പണവും പദവിയും കാറും ഓഫീസും ഒന്നും ആഗ്രഹിക്കുന്നില്ലെങ്കിലും ഉപദേശത്തിന് പോകുന്ന ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു കാര്യം ഉണ്ട്. നേതാക്കളുടെ 'ക്വാളിറ്റി ടൈം.' 'Access to Power is Empowerment' എന്നാണ് ചൊല്ല്. അപ്പോൾ നേതാക്കളുടെ അടുത്ത് ആവശ്യത്തിന് സമയം കിട്ടുക, നമ്മൾ പറയുന്നത് അവർ ശ്രദ്ധിക്കുന്നു എന്ന് മറ്റുള്ളവർ അറിയുക, അപ്പോഴാണ് നമുക്ക് നയരൂപീകരണത്തിൽ അല്പമെങ്കിലും സ്വാധീനം ഉണ്ടാകുന്നത്. ഇന്ത്യയിലെ നാല് പ്രധാനമന്ത്രിമാരുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഒരു സാമ്പത്തിക വിദഗ്ദ്ധൻ എന്റെ സുഹൃത്താണ്. അദ്ദേഹം പറഞ്ഞ ഒരു കാര്യം എനിക്കറിയാം. വർഷത്തിൽ ഒരു ഡിന്നറും വല്ലപ്പോഴും ഒരു മീറ്റിങ്ങും അല്ലാതെ ഈ ഉപദേശകരോടൊന്നും പ്രധാനമന്ത്രിമാർ ഒന്നും ചോദിക്കാറുമില്ല. അതു കൊണ്ടു തന്നെ അവർ പറയുന്നത് പ്രധാനമന്ത്രിയുടെ ചുറ്റുമുള്ളവർ ശ്രദ്ധിക്കാറുമില്ല. കേരളത്തിലെ മന്ത്രിമാരുമായിട്ടുള്ള പരിമിതമായ പരിചയംവച്ചു പറയാം നമ്മുടെ പ്രശ്‌നം അവർക്ക് കൂടുതൽ ഉപദേശകർ ഉണ്ടാവുന്നു എന്നതല്ല മറിച്ച് ഉപദേശകർ പറയുന്നത് കേൾക്കാനുള്ള ക്വളിറ്റി ടൈം പോയിട്ട് ഒരു സമയവും അവർക്ക് ഇല്ല എന്നതാണ്.

ചൈന കൗൺസിൽ മീറ്റ് ചെയ്യുന്ന സമയത്ത് ചൈനയിലെ മന്ത്രി രണ്ടു ദിവസം മുഴുവൻ ഉപദേശകരുടെ കൂടെ ചെലവഴിക്കുകയാണ്. ഇത് കേന്ദ്രമന്ത്രിയാണെന്ന് ഓർക്കണം. കേരളം പോലെ വെറും ഒരു സംസ്ഥാനത്തിലെ മന്ത്രിമാർപോലും വിദഗ്ദ്ധന്മാർ പങ്കെടുക്കുന്ന ശില്പശാലകളിൽ ഉൽഘാടന പ്രസംഗം നടത്തി പോകുന്നതല്ലാതെ ഒരു ദിവസം പോയിട്ട് ഒരു സെഷൻ മുഴുവൻ ഇരുന്നു കേൾക്കുന്നത് ഞാൻ കണ്ടിട്ടുകൂടിയില്ല. രാത്രിയോ പകലോ ഓഫീസ് റൂമിലോ കാറിലോ ഒക്കെ മറ്റുള്ള സിൽബന്ധികളുടെ നടുക്ക് മിനുട്ടുകൾ ആണ് പലപ്പോഴും നമുക്ക് മന്ത്രിമാരോടപ്പം കിട്ടുക. . ഞാൻ പരിചയപ്പെട്ടിട്ടുള്ള മന്ത്രിമാർ ഒക്കെ ബുദ്ധിമാന്മാർ ആയതുകൊണ്ട് ചെറിയ സമയത്തുതന്നെ കാര്യങ്ങൾ ഗ്രഹിച്ച് വേണ്ടതു ചെയ്യാറുണ്ട്. അപ്പോൾ ഇവരൊക്കെ കുറച്ചുകൂടി സമയം നല്ല ഉപദേശകരുടെ കൂടെ ചെലവഴിച്ചാൽ നാടിന് എത്രയോ ഗുണമുണ്ടാകും. നല്ല ഉപദേഷ്ടാക്കളെ വെക്കുന്നത് 'എല്ലാം ശരിയാക്കുന്നതിന്റെ' ദിശയിൽ തന്നെ ഉള്ളതാണ്. ഇനി അവരുടെ കൂടെ കുറച്ചു നല്ല സമയം കൂടി ചിലവഴിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കട്ടെ. അങ്ങനെ പുതിയ ഒരു നയരൂപീകരണ സംസ്‌കാരം നമുക്കുണ്ടാവട്ടെ. ഗീതക്ക് എല്ലാവിധ ആശംസകളും!

വാൽകഷ്ണം: എന്റെ നമ്പറും വരും എന്നു പറഞ്ഞു ലേഖനം അവസാനിപ്പിക്കാം എന്നോർത്താണ് തുടങ്ങിയത്. അപ്പോഴാണ് ഇന്ന് രാവിലെ മുഖ്യമന്ത്രിയും ആയിട്ടുള്ള മീറ്റിങ്ങിൽ സുരക്ഷയുടെ ഉപദേഷ്ടാവായി എന്റെ പേര് കെ ജെ ജേക്കബ് നിർദ്ദേശിച്ചു എന്നറിഞ്ഞത്. സന്തോഷം. അപ്പോൾ ഞാൻ ഈ പറഞ്ഞതിൽ കുറച്ചൊക്കെ മായ്ച്ചുകളഞ്ഞു . കാശില്ലെങ്കിലും കൊടി വച്ച കാർ വേണം, കാബിനറ്റ് റാങ്ക് ആയിക്കോട്ടെ!

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവിയാണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്).