കൊച്ചി: നടനായി മാറി മേഖലയിൽ ശോഭിക്കാൻ കഠിനമായ പ്രയത്ന്നം ആവശ്യമാണ്. മലയാളത്തിലായാലും ബോളിവുഡിലായാലും കോളിവുഡിലായാലും എല്ലാം അങ്ങനെ തന്നെയാണ്. ഇങ്ങനെ കഠിനപ്രയത്ന്നത്തിലൂടെയാണ് മലയാള സിനിമയുടെ മെഗാ സ്റ്റാറായി മമ്മൂട്ടി മാറിയത്. വർഷങ്ങളായി സിനിമയിൽ ശോഭിച്ചു നിൽക്കുന്ന താരത്തിന്റെ തലക്കനത്തെ കുറിച്ചുള്ള ഗോസിപ്പുകളും വാർത്തകളും പലതവണ വന്നിട്ടുണ്ട്. ആരെയും കൂസാത്ത പ്രകൃതക്കാരനാണ് മമ്മൂട്ടി എന്നാണ് ആക്ഷേപം. ഇങ്ങനെയുള്ള താരത്തിനെതിരെ രംഗത്തെത്തിയിരിക്കയാണ് ഏഷ്യാനെറ്റിലെ സീരിയൽ താരങ്ങളും. അങ്കമാലിയിലെ അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ വച്ച് സംഘടിപ്പിച്ച ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡസ് 2015യിൽ സമ്മാനദാനത്തിന് എത്തിയ മെഗാതാരം സീരിയൽ താരങ്ങളെ അടച്ചാക്ഷേപിച്ച് സംസാരിച്ചതാണ് വിവാദത്തിൽ ആയിരിക്കുന്നത്. താരത്തിന്റെ പെരുമാറ്റത്തിലുള്ള കടുത്ത അമർഷം വേദിയിൽ വച്ച് തന്നെ ചില താരങ്ങൾ തുറന്നു പറയുകയും ചെയ്തു.

ഈമാസം 21ാം തീയ്യതിയായിരുന്നു അങ്കമാലിയിലെ കൺവെൻഷൻ സെന്ററിൽ വച്ച് ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് സംഘടിപ്പിച്ചത്. ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളെയും നടീനടന്മാരെയും തെരഞ്ഞെടുക്കുന്ന പരിപാടിയായിരുന്നു ഇത്. ഇതിൽ പ്രമുഖർക്ക് അവാർഡ് നൽകാൻ വേണ്ടിയാണ് മമ്മൂട്ടിയെ ക്ഷണിച്ചിരുന്നത്. എന്നാൽ, വേദിയിൽ എത്തിയതോടെ തീർത്തും അക്ഷമനായി കാണപ്പെട്ട മമ്മൂട്ടി അവാർഡിന്റെ മാനദണ്ഡം എന്താണെന്നും മികച്ച സീരിയലുകളെയും പരിഹസിക്കുകയാണ് ഉണ്ടായത്.

ഓരോ അവാർഡും പ്രഖ്യാപിക്കുമ്പോൾ സമ്മാനം കൊടുക്കേണ്ട ചുമതലയായിരുന്നു മെഗാതാരത്തിന്. മികച്ച നടനുള്ള അവാർഡ് കിഷോർ സത്യയ്ക്ക് (കറുത്തമുത്ത്) നൽകിയ ശേഷം തുടർന്ന് അവാർഡ് സമ്മാനിക്കാൻ അവിടെ നിൽക്കേണ്ട മമ്മൂട്ടി അവിടെ നിൽക്കാൻ കൂട്ടാക്കിയില്ല. പിന്നീട് മൈക്ക് കിട്ടിയപ്പോഴാണ് താരം തന്റെ അസഹിഷ്ണുത പ്രകടിപ്പിച്ചത്. സീരിയൽ താരങ്ങളെ അടച്ചാക്ഷേപിക്കുന്ന വിധമായിരുന്നു മമ്മൂട്ടി സംസാരിച്ചതെന്നാണ് ആക്ഷേപം. എല്ലാവർക്കും അവാർഡ് കിട്ടിയല്ലോ? എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നൽകുന്നത്?എല്ലാവരെയും സന്തോഷിപ്പിക്കാൻ വേണ്ടിയല്ലേ ഏഷ്യാനെറ്റിന്റെ പരിപാടി ഇങ്ങനെ പറഞ്ഞ് സംഘാടകരെയും സീരിയൽ താരങ്ങളെയും മമ്മൂട്ടി പരിഹസിച്ചു. ഇതോടെ സദസ് മുഴുവൻ തലതാഴ്‌ത്തിയിരുന്നു.

ഒരോ അവാർഡിന് ബെസ്റ്റ് ഡയറക്ടർ നടൻ തുടങ്ങി.. ഓരോ അവാർഡ് വാങ്ങാനുമായി അവതാരക വേദിയിലേക്ക് ആളെ ക്ഷണിച്ചപ്പോഴും മമ്മൂട്ടി പരിഹാസം തുടർന്നു. 'ബെസ്റ്റ്' എന്ന വാക്കിനെ കൂടുതൽ കടുപ്പത്തിൽ പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ പ്രവൃത്തി. കൂടാതെ അവാർഡ് വേദിയിൽ വച്ചും അദ്ദേഹം സീരിയലുകളെ വിമർശിക്കുകയും ചെയ്തു. ദിലീപ്, ജയറാം, ആസിഫലി, ഭാമ, നമിത പ്രമോദ്, കാവ്യ മാധവൻ, അജു വർഗീസ്, തുടങ്ങിയ സിനിമാതാരങ്ങളും സദസിൽ ഇരിക്കുമ്പോഴായിരുന്നു മമ്മൂട്ടിയുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള പെരുമാറ്റം ഉണ്ടായത്. മെഗാ സ്റ്റാർ ഇങ്ങനെ പെരുമാറിയതോടെ ഇവരും വല്ലാതെയായി. ടെലിവിഷൻ രംഗത്തു നിന്നും സിനിമയിൽ എത്തിയ ആശ ശരതും അവാർഡ് പരിപാടിക്ക് എത്തിയിരുന്നു.

പരിപാടിക്കിടെ മുകേഷ് അവതരിപ്പിക്കുന്ന പരിപാടിയുടെ പ്രെമോ പുറത്തിറക്കിയപ്പോഴും താരം ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. കോടികൾ മുടക്കുന്ന ഷോ നിങ്ങൾക്ക് തുടങ്ങാം. ഒരു പണവും വാങ്ങാതെയാണ് താൻ ഇവിടെ വന്നിരിക്കുന്നത്. തുടർന്ന് എനിക്ക് അധികസമയം ഇരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് മമ്മൂട്ടി മടങ്ങുകയും ചെയ്തു. മമ്മൂട്ടിയുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം പിരിപാടിയുടെ അന്തരീക്ഷത്തെ മൊത്തം മാറ്റിയതോടെ പിന്നീട് സംസാരിച്ച സംവിധായകൻ സത്യൻ അന്തിക്കാട് അദ്ദേഹം തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് ലഘൂകരിക്കാൻ ശ്രമിച്ചു. എന്നാൽ പിന്നീട് സംസാരിച്ച പലരും മമ്മൂട്ടിയെ പോലൊരു താരത്തിന്റെ ഭാഗത്തു നിന്നു ഇങ്ങനെ ഒരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്നാണ് അഭിപ്രായപ്പെട്ടത്. സിനിമാരംഗത്തുള്ളവർ ഇതിന്റെ ക്ഷീണം തീർക്കാൻ സീരിയൽ രംഗത്തെ പുകഴ്‌ത്തിയാണ് പിന്നീട് സംസാരിച്ചത്.

ഇതേക്കുറിച്ചുള്ള അമർഷം മികച്ച സംവിധായകനുള്ള അവാർഡ് നേടിയ സുജിത്ത് സുന്ദർ വേദിയിൽ പങ്കുവെക്കുകയും ചെയ്തു. പണ്ട് ജ്വാലയായി എന്ന സീരിയൽ നിർമ്മിച്ച കാര്യം മമ്മൂട്ടി മറന്നോ എന്നായിരുന്നു സുജിത്ത് സുന്ദറിന്റെ ചോദ്യം. കൂടാതെ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹികുട്ടി നിരവധി സീരിയലുകളിലും അഭിനയിച്ചിരുന്നു. നിരവധി പേരുടെ ജീവനോപാധി കൂടിയായാണ് ടെലിവിഷൻ സീരിയലുകൾ അതുകൊണ്ട് മമ്മൂട്ടിയുടെ ഭാഗത്തു നിന്നും ഇങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്നും സുജിത്ത് സുന്ദർ പറയുന്നു. മറ്റൊരു സീരിയൽ സംവിധായകൻ പ്രവീൺ കടയ്ക്കാവൂരും ഇതിലുള്ള അമർഷം പങ്കുവച്ചു.

എന്തായാലും അവാർഡ് നൈറ്റിന്റെ വേദിയിൽ മമ്മൂട്ടിയുടെ ഭാഗത്തു നിന്നുമുണ്ടായതിൽ മിക്ക സീരിയൽ താരങ്ങൾക്കും എതിർപ്പുണ്ട്. പലരും ഇത് പരസ്യമായി താരത്തിന്റെ പെരുമാറ്റത്തെ കുറ്റം പറയുമ്പോൾ സൂപ്പർതാരത്തെ പിണക്കാതിരിക്കാനാണ് ചിലർ ശ്രമിച്ചത്.