നിരവധി പ്രണയകഥകളിൽപ്പെട്ടു നിരന്തരം വാർത്തകളിൽ നിറഞ്ഞിരുന്ന താരമാണ് തമിഴിലേക്കു ചേക്കേറിയ മലയാളി സുന്ദരി നയൻതാര. പ്രണയകഥകളുടെ ഒടുവിൽ താരം വിവാഹത്തിനു സമ്മതം മൂളിയെന്നാണു പുതിയ വാർത്തകൾ പരക്കുന്നത്.

വീട്ടുകാരുടെ നിർബന്ധപ്രകാരമാണത്രെ താരം വിവാഹത്തിനു സമ്മതിച്ചത്. വരൻ സിനിമ മേഖലയിൽനിന്നുള്ള ആളാകരുത് എന്നു മാത്രമാണ് നടിക്കു നിർബന്ധമുള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു. നയൻസ് സമ്മതം അറിയിച്ചതോടെ വീട്ടുകാർ ചെറുക്കനെ തേടുകയാണത്രെ.

സിനിമാമേഖലയിൽ നയൻസിന്റെ അടുത്ത സുഹൃത്തായ തൃഷയുടെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. ഇതോടെയാണ് വിവാഹത്തെക്കുറിച്ചു നയൻതാരയും ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പഴയ വിവാദങ്ങളൊന്നും അലട്ടാതെ സ്വസ്ഥമായൊരു കുടുംബജീവിതമാണത്രേ നയൻസിന്റെ മനസിലുള്ളത്.

ചിമ്പുവിന്റെ കാമുകിയായി ആദ്യം വാർത്തകളിൽ നിറഞ്ഞ താരം പിന്നീട് ഈ ബന്ധം ഉപേക്ഷിച്ചിരുന്നു. പ്രഭുദേവയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതും ഏറെ വിവാദങ്ങളുയർത്തി. ഈ ബന്ധമെല്ലാം പിന്നെ കുളമായതും പാപ്പരാസികൾ ആഘോഷിച്ചു. പ്രഭുദേവയുമായുള്ള ബന്ധം തകർന്നത് നയൻസിനെ വല്ലാതെ തളർത്തിയിരുന്നു. അതിൽ നിന്ന് മുക്തയാകാൻ ഏറെ ബുദ്ധിമുട്ടി. സിനിമകൾ പോലും ഉപേക്ഷിച്ച് കഴിയുകയായിരുന്നു.

അതിനിടെ, ആദ്യ കാമുകൻ ചിമ്പുവുമായി താരം വീണ്ടും നല്ല സൗഹൃദത്തിലായി. അടുത്തിടെ ചിമ്പുവിന്റെ ജന്മദിനാഘോഷത്തിന് നയൻതാര എത്തിയിരുന്നു. ഇരുവരും ചേർന്നെടുത്ത ഫോട്ടോ വൈറലാകുകയും ചെയ്തു. പഴയതെല്ലാം മറന്ന് ഇരുവരും സൗഹൃദത്തിലായത് ആരാധകരെ മാത്രമല്ല ഇൻഡസ്ട്രിയിലുള്ളവരെയും ആരാധകരെയും ഞെട്ടിച്ചു.

ഉദയനിധി സ്റ്റാലിനൊപ്പം അഭിനയിച്ചതിനെ തുടർന്ന് വീണ്ടും ഗോസിപ്പു കോളങ്ങളിൽ നയൻസ് വന്നുപെട്ടു. അതൊന്നും പക്ഷേ, താരത്തെ ബാധിച്ചില്ല. ഇപ്പോൾ മെഗാതാരം മമ്മൂട്ടിക്കൊപ്പം അഭിനയിച്ച 'ഭാസ്‌കർ ദ റാസ്‌കൽ' വലിയ വിജയമാകുമെന്ന പ്രതീക്ഷയിലാണ് താരം. അതിന്റെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയപ്പോഴാണത്രെ മാതാപിതാക്കൾ വിവാഹക്കാര്യം സംസാരിച്ചത്.