ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗം ബഹിഷ്‌കരിച്ചതിനെ തുടർന്ന് പശ്ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയ്ക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് അദ്ദേഹം മറുപടി നൽകി. കഴിഞ്ഞയാഴ്ച നടന്ന യാസ് ചുഴലിക്കാറ്റ് അവലോകനയോഗത്തിൽനിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് കേന്ദ്രം ബന്ദോപാധ്യായയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

യോഗത്തിൽനിന്ന് സ്വമേധയാ വിട്ടുനിന്നിട്ടില്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി ഉണ്ടായിരുന്ന സമയംവരെ അവിടെ ഉണ്ടായിരുന്നുവെന്നും ആലാപൻ മറുപടിയിൽ വ്യക്തമാക്കുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദിഗാ നഗരത്തിൽ യാസ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ മമതയുടെ നിർദേശപ്രകാരമാണ് യോഗത്തിൽനിന്ന് പോയതെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന യാസ് ചുഴലിക്കാറ്റ് അവലോകന യോഗത്തിൽ മമതയും ആലാപൻ ബന്ദോപാധ്യായയും പങ്കെടുക്കാതിരുന്നത് കേന്ദ്രസർക്കാരും പശ്ചിമബംഗാൾ സർക്കാരും തമ്മിലുള്ള പോരിന് വഴിതുറന്നിരുന്നു. ഇതിനു പിന്നാലെ ആലാപൻ ബന്ദോപാധ്യയെ കേന്ദ്രം, കേന്ദ്രസർവീസിലേക്ക് തിരിച്ചു വിളിച്ചു. എന്നാൽ കേന്ദ്രസർവീസിലേക്ക് മടങ്ങാൻ തയ്യാറാകാതെ ആലാപൻ സ്വയംവിരമിച്ചു.

തുടർന്ന് മമതാ ബാനർജിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിതനാവുകയും ചെയ്തു. ഈ ആഴ്ചയാദ്യമാണ് ബന്ദോപാധ്യായയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. മോദിയെയും സംഘാംഗങ്ങളെയും 15 മിനുട്ടോളം ആലാപൻ കാത്തുനിർത്തിച്ചതായും കാരണം കാണിക്കൽ നോട്ടീസിൽ ആരോപിച്ചിരുന്നു.