തിരുവനന്തപുരം: ഏകാന്ത ചന്ദ്രികേ.. തേടുന്നത് എന്തിനോ? ഇൻഹരിഹർ നഗറിലെ ഈ നാൽവർ സംഘം ഏറ്റുപാടിയപ്പോൾ മലയാളികൾ ഒരുപോലെ അത് ഏറ്റുപാടി. സുഹൃത്തുക്കളുടെ കഥ പറഞ്ഞ സിനിമ ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുകയും ചെയ്തു. എന്തായാലും ഈ കൂട്ടത്തിലെ മൂന്ന് പേർ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സിരുക്കുമെന്ന് വ്യക്തമായി. ഇതോടെ നാലാമനായ അശോകൻ മത്സരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ഇങ്ങനെ മത്സരിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി നിരവധി പേർ തന്നെ വിളിക്കാരുണ്ടെന്നാണ് നടൻ അശോകൻ പറയുന്നത്.

ഇൻഹരിഹർ നഗറിലെ അപ്പുകുട്ടനും മഹാദേവനും ഗോവിന്ദൻകുട്ടിയുമൊക്കെ അംഗത്തിനിറങ്ങുമെന്ന വാർത്തകൾ പുറത്തു വന്നതോടെയാണ് എന്താണ് തോമസുകുട്ടിയുടെ പ്ലാൻ എന്നറിയാൻ പലർക്കും ആവേശമായത്. എന്നാൽ താൻ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യം അറിയാനായി എല്ലാവരും കാത്തിരിക്കുവെന്നും, അതൊരു സസ്‌പെൻസാണെന്നും നടൻ അശോകൻ. സോഷ്യൽ മീഡിയയിൽ അടക്കം തോമസുകുട്ടി മത്സരിക്കുമോ എന്ന് ചിലർ പോസ്റ്റിട്ടിരുന്നു. മത്സരിച്ച് സഭയിലെത്തിയാൽ ഭയങ്കര കോമഡി ആയിരിക്കുമെന്നും എല്ലാവരും ഒരുപോലെ പറയുന്നു.

സുഹൃത്തുക്കളായ മുകേഷ്, ജഗദീഷ്, സിദ്ദിഖ് എന്നിവരുടെയെല്ലാം പേരുകൾ മത്സരിക്കുന്നവരുടെ പട്ടികയിൽ ഇടംപിടിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അശോകൻ പറഞ്ഞു. കലാകാരന്മാർക്ക് രാഷ്ട്രീയം പാടില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ല. ചുറ്റും നടക്കുന്ന എല്ലാ വിഷയങ്ങളെപ്പറ്റിയും കൃത്യമായ നിലപാടും അഭിപ്രായങ്ങളുമുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും സുഹൃത്തുക്കളുമുണ്ട്. അതുകൊണ്ടു തന്നെ താൻ മത്സരിക്കുമെന്ന് കേട്ടാൽ ഞെട്ടേണ്ടെന്നാണ് അശോകൻ പറയുന്നത്.

കലാകാരന്മാർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് നല്ലതാണ്. കാരണം നാട്ടിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുകയും ജനങ്ങളുമായി പലപ്പോഴും ഇടപെടുകയും ചെയ്യുന്നവരെന്ന നിലയിൽ അവരുടെ പൾസ് കുറച്ചൊക്കെ ഞങ്ങൾക്കറിയാം. സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്ന് മുൻപ് ജയിച്ച കലാകാരന്മാർ തെളിയിച്ചിട്ടുമുണ്ട്.

കോളേജ് പഠനകാലം മുതൽക്കേ തികഞ്ഞ കോൺഗ്രസുകാരനാണ് ജഗദീഷ്. പത്തനാപുരത്ത് ഗണേശിനെതിരായിട്ടാണ് ജഗദീഷ് മത്സരിക്കുന്നതെങ്കിൽ മത്സരം കടുക്കുമെന്നുറപ്പാണ്. രണ്ട് പേരും എന്റെ സുഹൃത്തുക്കളാണെന്നതിനാൽ വിജയസാദ്ധ്യതകളെ പറ്റി ഇപ്പോൾ അഭിപ്രായം പറയില്ലെനാണ് അശോകന്റെ പക്ഷം. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബാംഗമായ മുകേഷ് സ്ഥാനാർത്ഥിയാകാൻ യോഗ്യനാണെന്ന് മാത്രമല്ല കൊല്ലത്തും മറ്റും വിപുലമായ സൗഹൃദവലയമുള്ളതും മുകേഷിനെ തുണയ്ക്കും. സിദ്ദിഖ് രാഷ്ട്രീയ ചർച്ചകളിൽ ഇടപെടുന്നത് കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തെയും പരിഗണിക്കുന്നുവെന്നതിൽ സന്തോഷമുണ്ടെന്നും അശോകൻ പറയുന്നു.

സിനിമാ താരങ്ങൾ മത്സരിക്കുന്നതിനെതിരെ മാത്രമല്ല മറ്റു രാഷ്ട്രീയക്കാർക്കെതിരെയും പ്രാദേശിക നേതാക്കന്മാർ എതിർപ്പുകൾ ഉന്നയിക്കാറുണ്ട്. അതുകൊണ്ടുതന്നെ അത്തരം എതിർപ്പുകൾ കലാകാരന്മാരോടുള്ള എതിർപ്പായിട്ടല്ല താൻ മനസിലാക്കിയതെന്നും അശോകൻ പറയുന്നു. മുകേഷ് ഇടതു സ്ഥാനാർത്ഥിയായി കൊല്ലത്തും ജഗദീഷും സിദ്ദിഖും യുഡിഎഫ് സ്ഥാനാർത്ഥികളായി യഥാക്രമം പത്തനാപുരത്തും അരൂരിലും മത്സരിക്കുമെന്നാണ് വാർത്തകൾ. ഇവർക്കു പുറമെ കെ.പി.എ.സി ലളിത ഇടതു സ്ഥാനാർത്ഥിയായി വടക്കാഞ്ചേരിയിൽ മത്സരിക്കുമെന്ന കാര്യം ഏറക്കുറെ ഉറപ്പായിട്ടുണ്ട്.

സുരേഷ് ഗോപി, കെ.പി.എ.സി ലളിത, ലാലു അലക്‌സ്, കൊല്ലം തുളസി എന്നീ സിനിമാതാരങ്ങളും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഇപ്പോൾ അശോകന്റെ പേരും കേൾക്കുന്നത്. നടൻ ഭീമൻ രഘു നേരത്തെതന്നെ ബിജെപിക്കായി പ്രചരണത്തിനിറങ്ങുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. എന്തായാലും മുമ്പൊന്നുമില്ലാത്ത് അത്രയും ചലച്ചിത്ര താരങ്ങളാണ് പ്രചരണത്തിലും മത്സരരംഗത്തുമായി സജീവമാകാൻ തയ്യാറായി നിൽക്കുന്നതെന്ന പ്രത്യേകതയാണ് 2016 നിയമസഭാ തെരഞ്ഞടുപ്പിനെ സവിശേഷമാക്കുന്നത്.