കോഴിക്കോട്: സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ശക്തമായ ഭാഷയിൽ മറുപടി നല്കി ദീദി ദാമോദരൻ. മീശ പിരിക്കുന്ന ആണിന്റെ പ്രശ്നം എന്താണെന്ന് കൂണുപൊലെ പെരുകുന്ന വന്ധ്യതാ നിവാരണ ക്ലബുകൾ തെളിവു നല്കുന്നുണ്ടെന്ന് ദീതി രഞ്ജിത്തു മറുപടി നല്കി. മീശിപിരി സിനിമകൾ തുടങ്ങുന്ന തൊണ്ണൂറുകളിൽ തന്നെയാണ് ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകൾ തുടങ്ങുന്നതെന്നും ഇത് രണ്ടും തമ്മിലുള്ള ബന്ധം തള്ളിക്കളയാനാവില്ലെന്നും ദീതി കൂട്ടിച്ചേർത്തു.

ദീദിയുടെ ഭർത്താവും മാതൃഭൂമിയിൽ എഡിറ്ററുമായ പ്രേംചന്ദ് എഴുതിയ ലേഖനത്തിൽ മലയാള സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകൾക്ക് ഉദാഹരണമായി രഞ്ജിത്തിന്റെ സ്പിരിറ്റ് എന്ന ചിത്രത്തിലെ ഡയലോഗ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരേ രഞ്ജിത്ത് രംഗത്തെത്തി. തന്റെ സിനിമയിലെ ഡയലോഗുകൾ തിരുത്താൻ തയ്യാറാണ്, ദീതിയുടെ പിതാവ് ടി ദാമോദരന്റെ സിനിമയിലെ ഡയലോഗുകൾ എങ്ങനെ തിരുത്തും എന്നു ചോദിച്ചുകൊണ്ടായിരുന്നു രഞ്ജിത്തിന്റെ മറുപടി. അതേസമയം, ഉള്ളിലുള്ള സ്ത്രീ വിരുദ്ധതയും മാടമ്പിത്തരവുമാണ് രഞ്ജിത്തിന്റെ വാക്കുകളിലൂടെ പുറത്ത് വന്നതെന്ന് സോഷ്യൽ മീഡിയയും കുറ്റപ്പെടുത്തി. ഇതിനു പിന്നാലെയാണ് ദീതിയും മറുപടിയുമായി എത്തിയത്.

കുടുംബ ചിത്രങ്ങൾ എന്ന് നമ്മൾ അവകാശപ്പെടുന്ന സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ പോലും സ്ത്രീ വിരുദ്ധത ഉണ്ട്. സ്ത്രീകൾക്ക് സ്വത്ത് അവകാശമില്ല, വീട്ടിലേക്ക് തിരിച്ച് വരാൻ പാടില്ല എന്നെല്ലാം എസ്റ്റാബ്ലിഷ് ചെയ്യുന്ന കഥകൾ നമ്മൾ കണ്ടിട്ടുള്ളത് സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ആണ്. ആടൂരിന്റെ സിനിമയും. മലയാളത്തിലെ ഏതെങ്കിലും സ്‌കൂൾ ഇതിൽ നിന്ന് വ്യത്യസ്തമല്ല.

സിനിമകളിൽ സ്ത്രീ വിരുദ്ധത നിറയാൻ കാരണം പുരുഷാധിപത്യ വ്യവസ്ഥിതിയാണ്. അതുകൊണ്ടാണ് രഞ്ജിത്ത് എടുത്ത സിനിമകളെ കുറിച്ചോ എഴുതിയ ഡയലോഗുകളെ കുറിച്ചോ ഞാൻ വ്യക്തിപരമായി ഒന്നും പറയാത്തത്. ഇത് രഞ്ജിത്തിന്റേയോ ഇപ്പോൾ അറസ്റ്റിലായ പൾസർ സുനിയുടേയോ കുഴപ്പമല്ല, ഈ വ്യവസ്ഥിതിയിൽ ആളുകൾ ഇങ്ങനെയേ ചിന്തിക്കൂ, പ്രവർത്തിക്കൂ.

പ്രേംചന്ദിനെ വിമർശിച്ച് രഞ്ജിത്ത് എഴുതിയതിന് മറുപടിയേ അർഹിക്കുന്നില്ലെന്ന് ദീദി വ്യക്തമാക്കുന്നു. പ്രേംചന്ദിന്റെ അമ്മായി അച്ഛൻ മരിക്കുന്നതിന് മുമ്പ് എഴുതിയ തിരക്കഥകളിൽ തിരുത്ത് വേണമെന്നാണ് രഞ്ജിത്തിന്റെ ആവശ്യം. ഭാര്യാപിതാവിന്റെ പ്രശ്നങ്ങളൊക്കെ പരിഹരിക്കലല്ല പ്രേംചന്ദിന്റെ പണി എന്നും ദീദി ചോദിക്കുന്നു.

സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ലെന്നും ഡയലോഗുകൾ പറയില്ലെന്നും ആദ്യം നിലപാട് എടുത്തത് പൃഥ്വിരാജ് ആണ്. അദ്ദേഹത്തിന്റെ അച്ഛൻ സുകുമാരൻ അഭിനയിച്ച സിനിമകളെയും തിരുത്തണമെന്ന് രഞ്ജിത്ത് ആവശ്യപ്പെടുമോ എന്നും ദീദി ചോദിച്ചു.

എനിക്ക് ഓർമ്മവച്ച കാലം മുതൽ അച്ഛനെഴുതുന്ന ഡയലോഗുകളിലെ മുഴുവൻ സ്ത്രീ വിരുദ്ധതയും നേരിട്ട് പറഞ്ഞ് തിരുത്താനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ജീവിതം കൊണ്ട് എന്നെ ഒരു ഫെമിനിസ്റ്റ് ആക്കിയതിൽ വലിയ പങ്കുവഹിച്ച ആളാണ് ദാമോദരൻ മാഷ് എന്ന എന്റെ അച്ഛൻ. സ്ത്രീ വിരുദ്ധ ഡയലോഗുകൾ ഇഷ്ടം പോലെ എഴുതിയിട്ടുണ്ട്. എന്നാൽ അതൊന്നും മലയാളത്തിൽ ഏറ്റവും ഉയർന്ന തോതിൽ സ്ത്രീ വിരുദ്ധത കാട്ടിയ മൂന്നെണ്ണത്തിന് ഒപ്പം വരില്ലെന്ന് ദീദി ചൂണ്ടിക്കാട്ടുന്നു.

മലയാളത്തിലെ മികച്ച ഫെമിനിസ്റ്റ് സിനിമയായ ' ഇന്നല്ലെങ്കിൽ നാളെ' എന്ന ചിത്രം എടുത്തതും ദാമോദരൻ മാഷാണെന്ന്ന ദീദി ഓർമ്മിപ്പിക്കുന്നു. അദ്ദേഹം എഴുതിയ സ്ത്രീ വിരുദ്ധ ഡയലോഗുകൾ ഇന്നല്ലെങ്കിൽ നാളെ എന്ന ചിത്രത്തിന് മുമ്പിൽ റദ്ദ് ചെയ്യപ്പെടുമെന്നാണ് വ്യക്തിപരമായി ഞാൻ വിചാരിക്കുന്നത്. പ്രേംചന്ദ് ലേഖനത്തിൽ ചൂണ്ടിക്കാട്ടിയ ഡയലോഗ് രഞ്ജിത്ത് തിരുത്തി കണ്ടു. എന്നാൽ ആ തിരുത്തും അത്ര തന്നെ സ്ത്രീ വിരുദ്ധമാണെന്ന് ദീദി തുറന്നടിക്കുന്നു.

ലേഖനത്തിന്റെ അവസാനത്തിൽ ദീദി സ്വരം കടുപ്പിക്കുന്നു. മീശ പിരിക്കുന്ന ആണിന്റെ പ്രശ്നം എന്താണെന്ന് ഇവിടെ കൂണുപോലെ പൊന്തിവരുന്ന ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകൾ തെളിവ് നൽകുന്നുണ്ട്. അപ്പോൾ പിന്നെ ആണത്തം കാണിക്കാൻ ഇങ്ങനെ ഒക്കെ വിളിച്ചു പറഞ്ഞേ പറ്റൂ. മീശപിരി സിനിമകൾ തുടങ്ങുന്നത് 90 കളിൽ ആണ്. അപ്പോൾ തന്നെയാണ് ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകൾ തുടങ്ങുന്നതും. ഇത് രണ്ടും തമ്മിലുള്ള ബന്ധം തള്ളിക്കളയാനാവില്ല.

അതേസമയം, മീശപിരിക്കുന്നത് ആണത്തം കാണിക്കാനാണെന്ന ദീദിയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കണ്ണൂരിലെ സിപിഐ(എം) അക്രമങ്ങൾക്ക് കാരണം ചെഗുവേരയുടെ ഫ്ളെക്സ് ബോർഡുകളാണെന്ന ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ തിയറി പോലെ ആണിതെന്നു ചൂണ്ടിക്കാട്ടുന്നു. രഞ്ജിത്ത് നടത്തിയ സ്ത്രീ വിരുദ്ധ പരിഹാസ്യ പ്രകടനത്തെ ഇങ്ങനയേ നേരിടാൻ കഴിഞ്ഞുള്ളു എന്നത് ഖേദകരമാണെന്നും സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.