റാഞ്ചി: ഇതൊരു വേറിട്ട പരീക്ഷണ കഥയാണ്. കേരളത്തിലും പരീക്ഷിക്കാവുന്ന വിജയകഥ. റാഞ്ചി കുളങ്ങളിലെ പായൽ മുഴുവൻ വിശാൽ പ്രസാദ് ഗുപ്ത എന്ന യുവ എൻജിനിയർക്ക് ഡീസലുണ്ടാക്കാൻ വേണം. പായലിൽനിന്നുണ്ടാക്കുന്ന ജൈവ ഡീസൽ നൽകാൻ റാഞ്ചിയിൽ പ്രത്യേക പമ്പും ഉണ്ട്. കൂടുതൽ ഇന്ധനക്ഷമത ഉറപ്പു നൽകുന്ന ജൈവ ഡീസൽ തീർത്തും പരിസ്ഥിതി സൗഹൃദമാണ്. അതായത് കാർബൺ ന്യൂട്രൽ.

ഏറെ ജലാശയങ്ങളും അനുകൂല കാലാവസ്ഥയുമുള്ള കേരളത്തിലും ഇതിന് സാധ്യതയേറെയാണെന്ന് വിശാൽ പറയുന്നു. തീരപ്രദേശങ്ങളും ജലാശയങ്ങളും ഏറെയുള്ള കേരളത്തിൽ പായലിൽനിന്നുള്ള ജൈവ ഇന്ധനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താം. അറുപത് ശതമാനത്തിലേറെ ഈർപ്പനില, മികച്ച സൂര്യപ്രകാശം, പി.എച്ച് മൂല്യം 7.5 മുതൽ 8.5 വരെയുള്ള വെള്ളം, മുപ്പത് ഡിഗ്രി താപനില എന്നിവയാണ് പായൽ വളരാൻ അനുകൂല ഘടകങ്ങളെന്നത് കേരളത്തിന് ഗുണകരമാണ്.

സാധാരണ ഡീസലിനെക്കാൾ ലിറ്ററിന് പത്തുരൂപ കുറച്ചാണ് ഇവിടെ ജൈവ ഇന്ധനം വിൽക്കുന്നത്. ഉത്പാദനം വലിയ തോതിലാക്കിയാൽ വില ഇനിയും കുറയ്ക്കാനാകും. പ്രതിദിനം 5,000 ലിറ്റർ വരെ വിൽക്കുന്നു. കുളത്തിലും മറ്റ് മലിനജലത്തിലും കാണുന്ന സൂക്ഷ്മ ആൽഗയും (ഒരുതരം പായൽ) ബിർസാ കാർഷിക സർവകലാശാലയിൽ തയ്യാറാക്കിയ അസോള പിനോട്ട എന്ന ചെറുസസ്യവുമാണ് ജൈവ ഇന്ധനത്തിനായി ഉപയോഗിക്കുന്നത്.

പായൽ ഉണക്കിപ്പൊടിച്ചാണ് ബോയിലറിൽ നിക്ഷേപിക്കുന്നത്. ഉപോത്പന്നങ്ങളായി ലഭിക്കുന്ന വസ്തുക്കൾ ജൈവവളമാക്കാം. രാസവസ്തുക്കളൊന്നും ചേർക്കാതെ ജൈവ ഇന്ധനമുണ്ടാക്കുന്ന പ്രക്രിയയുടെ പേറ്റന്റിന് വിശാൽ അപേക്ഷ നൽകിയിട്ടുണ്ട്.സാങ്കേതികമായി സഹകരിക്കാൻ ഇന്ത്യൻ ഓയിലും ഹിന്ദുസ്ഥാൻ പെട്രോളിയവും സമീപിച്ചതായി വിശാൽ പറഞ്ഞു. തങ്ങളുടെ വാഹനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതാണ് ഈ ഇന്ധനമെന്ന് ടാറ്റാ മോട്ടോഴ്സും സാക്ഷ്യപ്പെടുത്തി.

ഒരു ഹെക്ടർ സ്ഥലത്തെ പായലിൽനിന്ന് ഒരുലക്ഷം ലിറ്റർ ഇന്ധനമുണ്ടാക്കാം. പത്തോ പതിനഞ്ചോ ദിവസംകൊണ്ട് പായൽ വീണ്ടുമുണ്ടാകും. അതിനാൽ അസംസ്‌കൃതവസ്തുവിന്റെ ലഭ്യതയും ഉറപ്പ്. വായുമലിനീകരണം വലിയ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ ജൈവ ഇന്ധനത്തിന് വലിയ സാധ്യതകളുണ്ട്.ഓറഞ്ച് ഗ്രൂപ്പ് എന്ന സ്ഥാപനമാണ് ജൈവ ഡീസൽ പമ്പ് നടത്തുന്നത്.

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദമെടുത്തശേഷം എണ്ണക്കമ്പനിയായ ടോട്ടൽ ഫ്രാൻസിലും പിന്നീട് ഐ.ഒ.സി. ഗവേഷണ വിഭാഗത്തിലും ജോലിചെയ്ത വിശാൽ 2018-ലാണ് ജൈവ ഇന്ധനമുണ്ടാക്കുന്നതിലേക്ക് തിരിഞ്ഞത്.