ബെർലിൻ: മലിനീകരണ നിയന്ത്രണസംവിധാന തട്ടിപ്പിൽ അകപ്പെട്ട ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമ്മാണ കമ്പനിയായ ഫോക്‌സ് വാഗൺ 15 വർഷത്തെ ചരിത്രത്തിൽ ആദ്യമായി നഷ്ടക്കണക്കുമായി രംഗത്ത്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്കു പ്രകാരം ക്വാട്ടേർലി നഷ്ടം 3.48 ബില്യൺ യൂറോയാണെന്നാണ് റിപ്പോർട്ട്.

ഇന്ധനം കത്തുമ്പോൾ പുറത്തേക്ക് വിടുന്ന മാലിന്യങ്ങളുടെ അളവ് കുറച്ചു കാണിക്കാൻ ഉള്ള സൂത്രപ്പണിയാണ് ഫോക്‌സ് വാഗണെ വിവാദത്തിൽ വീഴ്‌ത്തിയത്. ഡീസൽ വാഹനങ്ങളിലായിരുന്നു കമ്പനി ഈ തട്ടിപ്പ് നടത്തിയത്. ലോകത്താകമാനം വിറ്റഴിക്കപ്പെട്ട 1.1 കോടി കാറുകളിൽ കമ്പനി ഈ കൃത്രിമം നടത്തുകയും ചെയ്തു.

ഐസിസിടി ഇന്റർനാഷണൽ കൗൺസിൽ ഫോർ ക്ലീൻ ട്രാൻസ്‌പോർട്ട് ആണ് ഫോക്‌സ് വാഗണിലെ കൃത്രിമം കണ്ടുപിടിച്ചത്. അമേരിക്കയിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ഇത്. അതുകൊണ്ടു തന്നെ ആദ്യം യുഎസിൽ ആയിരുന്നു ഫോക്‌സ് വാഗനെതിരേയുള്ള വിവാദം കത്തിത്തുടങ്ങിയത്. പിന്നീട് പല രാജ്യങ്ങളും ഈ കൃത്രിമത്വം പരിശോധനയിലൂടെ വെളിയിൽ കൊണ്ടുവന്നു.

സംഗതി പുറത്തായതോടെ അതു നിഷേധിക്കാനൊന്നും കമ്പനി നിന്നില്ല. കുറ്റസമ്മതം നടത്തുകയും ചെയ്തു.  മലിനീകരണ നിയന്ത്രണത്തിൽ കൃത്രിമം കാട്ടിയതിൽ കുറ്റസമ്മതം നടത്തിയതിന് പിന്നാലെ കമ്പനിയുടെ മേധാവി മാർട്ടിൻ വിന്റർകോൺ രാജിവച്ചു.

തട്ടിപ്പ് വാർത്ത പുറത്ത് വന്നതോടെ ഫോക്‌സ് വാഗണിന്റെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തു. ഏറ്റവുമൊടുവിൽ പുറത്തുവന്നിരിക്കുന്ന കണക്ക് അനുസരിച്ച് മുൻ വർഷത്തിൽ 2.971 ബില്യൺ യൂറോയുടെ ലാഭത്തിന്റെ സ്ഥാനത്താണ് ഭീമൻ നഷ്ടത്തിൽ കമ്പനി എത്തി നിൽക്കുന്നത്.