വാഷിങ്ങ്ടൺ: പിപികിറ്റണിഞ്ഞും ആൾക്കാരുടെ എണ്ണം കുറച്ച് നടത്തിയുമൊക്കെ കോവിഡ് കാലത്ത് ഒട്ടേറെ വിവാഹക്കഥകൾ നാം കേട്ടിട്ടുണ്ട്. വിവാഹങ്ങൾ നടക്കുന്നുണ്ടെങ്കിലും ചിലപ്പോൾ ഏറെ പ്രിയപ്പെട്ടവർക്കുപോലും അതിൽ പങ്കെടുക്കാൻ പറ്റുന്നില്ല എന്നതാണ് കോവിഡ് കല്യാണത്തിന്റെ മറ്റൊരുസങ്കടം.ഇ സമയത്ത് ഇതാ തികച്ചും വേറിട്ടൊരു കല്യാണ വാർത്ത..ബന്ധുക്കൾക്ക് ആർക്കും പങ്കെടുക്കാൻ പറ്റില്ല.കല്യാണം മാറ്റിവെക്കാനും പറ്റില്ല. അപ്പോൾ എന്താ ചെയ്യാ.. കിട്ടുന്നവരെ വച്ച് നടത്തുക തന്നെ. അതിനി അറിയുന്നവരായാൽ എന്താ അറിയാത്തവരായാൽ എന്താ.. ഇത്തരത്തിലാണ് ലെസ്സിസും ഡോനോവാൻ കൈസറും വിവാഹിതരായത്.യുഎസിലായിരുന്നു അപരിചിതരെ ബന്ധുക്കളാക്കിക്കൊണ്ടുള്ള ഈ വേറിട്ട കല്യാണം.

ഒഹിയോയിൽ നിന്ന് യു.എസിലെ ടെക്സാസിലേക്ക് മാറിക്കഴിഞ്ഞാണ് അലെസ്സിസും ഡോനോവാൻ കൈസറും വിവാഹിതരാവാൻ തീരുമാനിച്ചത്. എന്നാൽ കൊറോണ വീണ്ടും ശക്തമായതോടെ ബന്ധുക്കൾക്ക് ആർക്കും ഇവരുടെ വിവാഹത്തിന് എത്താൻ കഴിയില്ല എന്ന അവസ്ഥവന്നു. ഇരുപത്തിരണ്ടുകാരായ ഇരുവരും തങ്ങളുടെ വിവാഹദിനം അങ്ങനെ ആരുമില്ലാതെ, ആഘോഷങ്ങളൊന്നുമില്ലാതെ നടത്താൻ ഒരുക്കമായിരുന്നില്ല. അതിന് അവർ ഒരു പരിഹാരവും കണ്ടെത്തി. അപരിചിതരായ ഒരു കൂട്ടം ആളുകളെ വിവാഹത്തിന് ക്ഷണിക്കുക.

വധു അലെസ്സിസാണ് ഓൺലൈൻ പ്ലാറ്റ്ഫോമായ ബംബിളിൽ ഒരു ബെസ്റ്റ് ഫ്രണ്ട്സ് ഫോർഎവർ അക്കൗണ്ട് തയ്യാറാക്കിയത്. അതിൽ വിവാഹത്തിന് വരാൻ പറ്റുന്ന ആളുകളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഏതായാലും അവൾ അഞ്ച് സ്ത്രീകളെ കണ്ടെത്തി,അതും ബ്രൈഡ്സ്മെയ്ഡ്സായി. പിന്നെ ഒരു കൂട്ടം അപരിചിതരായ അതിഥികളെയും. ഏപ്രിൽ ഇരുപത്തഞ്ചിന് വിവാഹദിനം ഇവരെല്ലാം എത്തി വിവാഹം ആഘോഷമാക്കുകയും ചെയ്തു.

 

അലെസ്സിസിന്റെ അഞ്ച് ബ്രൈഡ്സ്മെയ്ഡ്സും മുമ്പ് യാതൊരു പരിചയവുമില്ലാത്തവരായിരുന്നു. വിവാഹ ആഘോഷങ്ങൾ വളരെ വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് അവർ മെട്രോ യൂക്കെയോട് പറയുന്നു.

'ഞങ്ങളുടെ അടുത്ത ബന്ധുക്കൾക്കെല്ലാം ഇത് വളരെ രസകരമായാണ് തോന്നിയത്. എല്ലാം ഭംഗിയായി നടന്നതിൽ അവർക്ക് സന്തോഷമുണ്ട്. എന്നാൽ ചിലർ വളരെ മോശം അഭിപ്രായവും പറഞ്ഞു. ഞങ്ങൾ അത് കാര്യമാക്കുന്നില്ല.' വരനും വധുവും പറയുന്നു.

' ഏതായാലും ഞങ്ങൾക്ക് കുറച്ച് പുതിയ സുഹൃത്തുക്കളെ കിട്ടി. ഇനി അവർക്ക് സുഹൃത്തുക്കളാവാൻ താൽപര്യമില്ലെങ്കിലും കുഴപ്പമില്ല. ഇങ്ങനെ ഒരു തീരുമാനമെടുത്തതിൽ ഒരു കുറ്റബോധവുമില്ല.' അലെസ്സിക്സ് വ്യത്യസ്തമായി നടന്ന വിവാഹത്തിന്റെ രസകരമായ അനുഭവങ്ങൾ പങ്കുവച്ചു.