- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൻസൺ മാവുങ്കലുമായി അടുപ്പമുണ്ടായതുകൊച്ചിയിൽ കമ്മീഷണർ ആയിരിക്കവേ; മോൻസണിന്റെ ഇടപാടുകളിൽ സംശയം തോന്നിയെങ്കിലും പരാതി ലഭിക്കാത്തതിനാൽ അന്വേഷിച്ചില്ല; തന്റെ സാന്നിദ്ധ്യത്തിൽ പണമിടപാട് നടന്നിട്ടുമില്ല: വിശദീകരണവുമായി ഡിഐജി സുരേന്ദ്രൻ
കൊച്ചി: പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കലുമായി തനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നതായി സമ്മതിച്ചു ഡിഐജി സുരേന്ദ്രൻ. തന്റെ കുടുംബത്തിലെ മിക്ക ചടങ്ങുകളിലും മോൻസൻ പങ്കെടുക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി കമ്മിഷണർ ആയിരുന്ന അവസരത്തിലാണ് മോൻസണിനെ പരിചയപ്പെടുന്നതെന്നും അതിനു ശേഷം തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ മോൻസണിന്റെ ഇടപാടുകളിൽ തനിക്ക് ചില സംശയങ്ങൾ തോന്നിയതിനാൽ അടുത്ത കാലത്തായി ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്ന് ഡി ഐ ജി പറഞ്ഞു.
ആരിൽ നിന്നും പരാതികൾ ഒന്നും ലഭിക്കാത്തതിനാലാണ് മോൻസണിന്റെ ഇടപാടുകളെ കുറിച്ച് കൂടുതലായി അന്വേഷിക്കാത്തതെന്നും അയാളുടെ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും ഡി ഐ ജി വ്യക്തമാക്കി. അതേസമയം തന്റെ സാന്നിദ്ധ്യത്തിൽ പരാതിക്കാർ മോൻസണിന് പണം കൈമാറിയെന്ന് പറയുന്നത് ശരിയല്ലെന്നും തന്റെ സാന്നിദ്ധ്യത്തിൽ ആരും പണം കൈമാറ്റം നടത്തിയിട്ടില്ലെന്നും ഡി ഐ ജി പറഞ്ഞു.
നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികൾ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാൻ സഹായിച്ചാൽ 25 കോടി രൂപ പലിശരഹിത വായ്പ നൽകാമെന്നും വിശ്വസിപ്പിച്ചാണ് മോൻസൺ ആറ് പേരെ മൂന്നു വർഷത്തോളം വട്ടംകറക്കിയത്. കോഴിക്കോട് സ്വദേശി യാക്കോബ് പാറയിൽ, അനൂപ് വി അഹമ്മദ്, സലിം എടത്തിൽ, എം ടി ഷമീർ, സിദ്ദീഖ് പുറായിൽ, ഷിനിമോൾ എന്നിവരുടെ പരാതിയിലാണ് ചേർത്തല വല്ലിയിൽ വീട്ടിൽ മോൻസണിനെ ക്രൈംബ്രാഞ്ച് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തതത്.
കലൂർ ആസാദ് റോഡിലാണ് മോൻസൻ മാവുങ്കലിന്റെ കൊട്ടാര സമാനമായ വീട്. വലിയ ഗേറ്റും ചുറ്റും നിരവധി സിസിടിവി ക്യാമറകളും വീടിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. ഗേറ്റിൽ ഇയാൾ ഏതൊക്കെ ചുമതലകൾ വഹിക്കുന്നു എന്ന് വ്യക്തമാക്കുന്ന ബോർഡുകളും ഉണ്ട്. ഈ വീട് കേന്ദ്രീകരിച്ച് പുരാവസ്തുകേന്ദ്രം നടത്തുകയായിരുന്നു ഇയാൾ.
തൊഴിൽപരമായി മെഡിക്കൽ ഡോക്ടറാണെന്നും വിമാനയാത്രയിൽ പരിചയപ്പെട്ട മൈസൂർ രാജാവ് നരസിംഹ വൊഡയാറുമായുള്ള ബന്ധമാണു പുരാവസ്തു ശേഖര രംഗത്തേക്കു തന്നെ എത്തിച്ചതെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. ദിവസവും നിരവധി ഉന്നതരാണ് ഈ വീട്ടിൽ ആഡംബര വാഹനങ്ങളിൽ വന്നുപോകാറുണ്ടായിരുന്നത്. ആഡംബര വാഹനങ്ങൾ, പൊലീസ് വാഹനങ്ങൾ തുടങ്ങിയവ വന്നുപോകാറുണ്ടെന്നും ആരാണെന്നോ എന്താണെന്നോ തങ്ങൾക്ക് അറിയില്ലെന്നും സമീപ വാസികൾ പറയുന്നു.
തന്റെ പൂരാവസ്തുകേന്ദ്രത്തിലെ പല വസ്തുക്കളും അതിപുരാതനവും കോടിക്കണക്കിന് രൂപ വില വരുന്നതുമാണെന്നാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. യേശുക്രിസ്തുവിനെ ഒറ്റുകൊടുത്ത 30 വെള്ളിക്കാശ് , മോശയുടെ അംശ വടി, ടിപ്പുസുൽത്താന്റെ സിംഹാസനം അങ്ങനെ നിരവധി അതിപുരാതനമായ കോടിക്കണക്കിന് വിലവരുന്ന വസ്തുക്കളാണ് ഇവിടെയുള്ളതെന്നും രാജ കുടുംബങ്ങളുമായി അഭേദ്യമായ ബന്ധമാണ് ഇയാൾക്കുള്ളതെന്നുമടക്കമാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ പലതിലും തട്ടിപ്പുണ്ടെന്നാണ് ഇയാൾക്കെതിരായ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
സംസ്ഥാനത്തെ പല പ്രമുഖരേയും കലൂരിലെ ഈ വീട്ടിലേക്ക് വിളിച്ചു വരുത്തി വിരുന്ന നൽകുന്ന പതിവുണ്ടായിരുന്നു. അത്തരത്തിൽ ഉന്നതരായ പലരേയും ചൂണ്ടിക്കാണിച്ച് അവരുമായുള്ള ബന്ധം വ്യക്തമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. അതേസമയം ഇയാളുടെ അറസ്റ്റിന് പിന്നാലെ സിനിമ മേഖലയിലും പൊലീസ് ഉന്നതരുമായുമുള്ള ബന്ധങ്ങൾ വ്യക്തമാക്കുന്ന വീഡിയോകളും ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഈ ഉന്നത ബന്ധം മറയാക്കിയാണ് മോൻസൻ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്.
വിദേശത്തു നിന്നു ബാങ്കിൽ എത്തിയ 2.62 ലക്ഷം കോടി രൂപ ഫെമ നിയമ പ്രകാരം കേന്ദ്ര സർക്കാർ തടഞ്ഞു വച്ചിരിക്കുകയാണെന്നു പറഞ്ഞാണു പ്രതി പരാതിക്കാരെ വലയിൽ വീഴ്‌ത്തിയത്. ഈ പണം തിരികെ വാങ്ങാനുള്ള ആവശ്യത്തിനായാണു പരാതിക്കാരിൽ നിന്നു പണം കൈപ്പറ്റിയത്.
മറുനാടന് മലയാളി ബ്യൂറോ