- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിഐജി സുരേന്ദ്രന്റെ ഭാര്യയുടെ ബർത്ത് ഡേ പാർട്ടിയുടെ മുഖ്യസംഘാടകൻ മോൻസൻ മാവുങ്കൽ; പാർട്ടി നടന്നത് പാലാരിവട്ടത്തെ സ്റ്റാർ ഹോട്ടലിൽ; ഫുൾ ചെലവ് മോൻസൻ വക; പുറത്തുവരുന്നത് ഞെട്ടിക്കുന്ന പൊലീസ് കഥകൾ
എറണാകുളം: മോൻസൻ മാവുങ്കൽ കേസിൽ ആരോപണവിധേയനായ ഡിഐജി സുരേന്ദ്രനും മോൻസനും തമ്മിലുള്ള ഗാഢമായ ബന്ധം തെളിക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവരുന്നത്. ഡിഐജിയുടെ ഭാര്യയുടെ ബർത്ത്ഡേ പാർട്ടി സംഘടിപ്പിച്ചതും മോൻസൻ തന്നെയെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ നേരത്തെതന്നെ പ്രചരിച്ചിരുന്നു എന്നാൽ ആ പാർട്ടി സംഘടിപ്പിച്ചത് തന്നെ മോൻസനാണെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാർട്ടിയുടെ ചിത്രങ്ങൾ പുറത്ത്.
പാലാരിവട്ടത്തെ ഒരു സ്റ്റാർ ഹോട്ടലിൽ അത്യാർഭാഢത്തോടെ ആഘോഷിച്ച പാർട്ടിയുടെ മുഖ്യസംഘാടകൻ മോൻസൻ മാവുങ്കലാണെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. നടി ശ്രീലയ അടക്കം നിരവധി പ്രമുഖരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്.
താനുമായി ബന്ധമുള്ള പ്രമുഖ വ്യക്തികളുടെ വിശേഷദിവസങ്ങൾ ആഘോഷിച്ച് അവരെ കൂടുതൽ തന്നോടടുപ്പിക്കുന്നത് മോൻസന്റെ ശീലമായിരുന്നുവെന്ന് അയാളോട് അടുപ്പമുള്ളവർ പറയുന്നു. ഇത്തരത്തിൽ സിനിമാ- ഉദ്യോഗസ്ഥ- മാധ്യമരംഗത്തെ പ്രമുഖരുടെ കുടുംബാംഗങ്ങളുടെയടക്കം ബർത്ത് ഡേ പാർട്ടികൾ മോൻസൻ നടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. രണ്ട് സിനിമാനടിമാരുടെ വിവാഹം നടത്തിയത് മോൻസൻ ആയിരുന്നുവെന്നും വാർത്തകൾ വന്നിരുന്നു.
നിരവധി പ്രമുഖരുമായി ഇത്തരത്തിൽ പല തന്ത്രങ്ങളിലൂടെയും ബന്ധം സ്ഥാപിക്കാൻ മോൻസന് കഴിഞ്ഞിരുന്നു. താൻ 25 ലക്ഷം കൈമാുമ്പോൾ ഡിഐജി സുരേന്ദ്രനും അവിടെ ഉണ്ടായിരുന്നെന്ന് യാക്കൂബ് എന്നയാൾ നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്. മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ഇയാളുടെ വീട്ടിലെ സന്ദർശകനായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
അതിനിടെ പ്രവാസി സംഘടനയുമായി ബന്ധപ്പെട്ട അനിതാ പുല്ലയിലിന്റെ പിന്തുണയിലാണ് മോൻസൻ ഉന്നത ബന്ധങ്ങൾ ഉണ്ടാക്കിയത്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇയാളെ പരിചയപ്പെടുത്തി കൊടുത്തതും അനിത പുല്ലയിലായിരുന്നു. എന്നാൽ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി സ്ഥാനത്തിരുന്ന മോൻസന് പാസ്പോർട്ട് പോലുമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
പ്രവാസി മലയാളി ഫെഡറേഷൻ ഏറ്റെടുത്തു നടത്തിവന്നിരുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി മോൻസൺ മാവുങ്കൽ പിഎംഎഫിന്റെ പല ചാരിറ്റി പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു.
പുരാവസ്തു വിൽപ്പനക്കാരനെന്ന പേരിൽ പലരിൽ നിന്നായി മോൻസൺ മാവുങ്കൽ 10 കോടിയോളം തട്ടിയെടുത്തെന്നാണ് പരാതി. യുഎഇ രാജകുടുംബത്തിന് പുരാവസ്തു വിറ്റ വകയിൽ രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരം കോടി രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാൻ ചില നിയമതടസ്സങ്ങളുള്ളതിനാൽ കോടതി വ്യവഹാരത്തിനായി സഹായിക്കണമെന്നും പറഞ്ഞ് പലരിൽ നിന്നായി 10 കോടി രൂപ തട്ടിയെടുത്തെന്നാണ് മോൻസൺ മാവുങ്കലിനെതിരായ പരാതി.
അന്വേഷണം നടത്തിയ എറണാകുളം ക്രൈംബ്രാഞ്ച് സംഘം പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തു. തെളിവിനായി മോൺസൺ മാവുങ്കൽ കാണിച്ചിരുന്ന ബാങ്ക് രേഖകൾ വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ എറണാകുളം കലൂരിലുള്ള വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരെ ഇയാൾ തട്ടിപ്പിനിരയാക്കിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പുരാവസ്തു ശേഖരത്തിലുള്ള പല വസ്തുക്കളും അതിപുരാതനവും കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ളതാണെന്നും പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. ടിപ്പു സുൽത്താന്റെ സിംഹാസനം, മൈസൂർ കൊട്ടാരത്തിന്റെ ആധാരം, ബൈബിളിൽ പറയുന്ന മോശയുടെ അംശ വടി, തിരുവിതാംകൂർ രാജാവിന്റെ ഇരിപ്പിടം, ആദ്യത്തെ ഗ്രാമഫോൺ തുടങ്ങിയ പുരാവസ്തുക്കൾ തന്റെ കൈവശമുണ്ടെന്നും മോൺസൺ മാവുങ്കൽ അവകാശപ്പെട്ടിരുന്നു.
എന്നാൽ ടിപ്പുവിന്റെ സിംഹാസനം എന്നവകാശപ്പെട്ടത് ചേർത്തലയിലെ ആശാരി വ്യാജമായി നിർമ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരിൽ വിദേശത്ത് അക്കൗണ്ടില്ലെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു. ചേർത്തല മാവുങ്കൽ മോൻസൺ അറിയപ്പെട്ടിരുന്നത് ഡോ. മോൻസൺ മാവുങ്കൽ എന്ന പേരിലായിരുന്നു. എങ്ങനെയാണ് ഇയാൾ 'ഡോക്ടർ' ആയതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ഡിഗ്രി പാസായിട്ടുപോലുമില്ലാത്ത ഇയാൾ ഇന്ത്യവിട്ട് പുറത്തുപോയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ആളുകളെ പറഞ്ഞുവീഴ്ത്താനുള്ള വാക്ചാതുരിയും അഭിനയ പാടവുമായിരുന്നു കൈമുതൽ. കൂടെ, ആരും കണ്ടാൽ വീണുപോകുന്ന വീടും അന്തരീക്ഷവും. കലൂരിൽ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാൽ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ