ഫേസ്ബുക്കിലെ ത്രിവർണ പ്രൊഫൈൽ ചിത്രമുണ്ടാക്കിയ പൊല്ലാപ്പിലാണ് ലോകമെങ്ങുമുള്ള ഫേസ്‌ബുക്ക് ഉപഭോക്താക്കളും ഫേസ്‌ബുക്ക് തലവൻ മാർക്ക് സുക്കർബർഗും. ഡിജിറ്റൽ ഇന്ത്യയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ത്രിവർണം പൂശിയ പ്രൊഫൈൽ ചിത്രം ഫേസ്‌ബുക്ക് പുറത്തിറക്കിയിരുന്നു. മാർക്ക് സുക്കർബർഗും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുൾപ്പെടെ കോടിക്കണക്കിനാളുകൾ ത്രിവർണം പൂശി രാജ്യസ്‌നേഹം തുറന്നു പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ, പ്രൊഫൈൽ ചിത്രത്തിന് ത്രിവർണം പൂശിയതോടെ, ഡിജിറ്റൽ ഇന്ത്യയെയല്ല, ഫേസ്‌ബുക്കിന്റെ വിവാദമായ ഇന്റർനെറ്റ് ഓർഗിനെയാണ് യഥാർഥത്തിൽ പിന്തുണയ്ക്കുന്നതെന്ന വിശദീകരണവുമായി ടെക്ക് ലോകത്തെ വിദഗ്ദ്ധർ പിന്നാലെയെത്തി. ഫ്രീ ബേസിക്‌സ് അഥവാ ഇന്റർനെറ്റ് ഓർഗിന് പിന്തുണ തേടുന്നതിന്റെ ഭാഗമായുള്ള തന്ത്രമാണ് സുക്കർബർഗ് ഇതിലൂടെ നടത്തിയതെന്ന ആരോപണവുമുണ്ടായി.

പ്രൊഫൈൽ ചിത്രം മാറ്റുന്നതിനുള്ള ലിങ്കിന്റെ എച്ച്ടിഎംഎൽ കോഡിൽ ഇന്റർനെറ്റ് ഓർഗ് എന്ന വാക്കുണ്ടെന്ന കണ്ടെത്തലോടെയാണ് ഫേസ്‌ബുക്കിന്റെ ഡിജിറ്റൽ ഇന്ത്യ തന്ത്രം പൊളിഞ്ഞത്. ഇതോടെ, സോഷ്യൽ മീഡിയ സുക്കർബർഗിനെതിരെ തിരിഞ്ഞു. ഇതോടെ, പ്രൊഫൈൽ ചിത്രവും ഇന്റർനെറ്റ് ഓർഗുമായി യാതൊരു ബന്ധവുമില്ലെന്ന വിശദീകരണവുമായി ഫേസ്‌ബുക്ക് രംഗത്തെത്തി.

ഫേസ്‌ബുക്കിലെ പ്രൊഫൈൽ ചിത്രം മാറ്റുന്നതും ഇന്റർനെറ്റ് ഓർഗുമായി യാതൊരു ബന്ധവുമില്ല. പ്രൊഫൈൽ ചിത്രം മാറ്റുന്നതിന്റെ എച്ച്.ടി.എം.എൽ കോഡ് തയ്യാറാക്കിയ എൻജിനിയർക്ക് വന്ന പിഴവ് മാത്രമാണത്. ഇയാൾ കോഡിൽ ഇന്റർനെറ്റ്.ഓർഗ് പ്രൊഫൈൽ പിക്ചർ എന്ന് അബദ്ധത്തിൽ ചേർക്കുകയായിരുന്നു. പ്രൊഫൈൽ ചിത്രം മാറ്റുന്നതിന് ഇന്റർനെറ്റ് ഓർഗിനെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളുമായി യാതൊരു ബന്ധവുമില്ല-ഫേസ്‌ബുക്ക് വക്താവ് വ്യക്തമാക്കി.

മാർക്ക് സുക്കർബർഗാണ് തന്റെ പ്രൊഫൈൽ ചിത്രം ത്രിവർണമാക്കി ഈ പരിപാടിക്ക് തുടക്കമിട്ടത്. തന്നെ വിശ്വസിച്ച് പ്രൊഫൈൽ ചിത്രം മാറ്റിയ കോടിക്കണക്കിനാളുകളാണ് വഞ്ചിതരായെന്ന തോന്നലിൽ പ്രൊഫൈൽ ചിത്രത്തിൽ നോക്കിയിരിക്കുന്നത്. ഒരു എൻജിനിയർ വരുത്തിയ പിഴവ് തന്നെത്തന്നെ കുഴിയിൽ ചാടിക്കുമെന്ന തിരിച്ചറിവ് സുക്കർബർഗിനെപ്പോലും ഞെട്ടിച്ചുവെന്നാണ് റിപ്പോർട്ട്.