സിലിക്കൺ വാലിയിൽ നരേന്ദ്ര മോദിയും മാർക്ക് സുക്കർബർഗും കെട്ടിപ്പിടിച്ചതും സുക്കർബർഗ് തന്റെ പ്രൊഫൈൽ ചിത്രത്തിന് ത്രിവർണം പൂശിയതും ഇന്ത്യക്കാരെ പ്രലോഭിപ്പിച്ചോ? നെറ്റ് ന്യൂട്രാലിറ്റി വിഷയത്തിലെ വിവാദമായ ഇന്റർനെറ്റ് ഡോട്ട് ഓർഗിലേക്ക് ഇന്ത്യക്കാർ കൂട്ടത്തോടെ ചേക്കേറുകയാണെന്ന റിപ്പോർട്ടുകൾ കൂടി ചേർത്ത് വായിക്കുമ്പോൾ, ത്രിവർണ പ്രൊഫൈൽ വീണ്ടും സംശയത്തിന്റെ നിഴലിലാവുകയാണ്.

ഇന്റർനെറ്റ് ഡോട്ട് ഓർഗിന്റെ ഇന്ത്യയിലെ പങ്കാളികൾ റിലയൻസ് കമ്യൂണിക്കേഷൻസാണ്. ഇന്റർനെറ്റ് ഡോട്ട്ഓർഗിൽ ഇതിനകം പത്തുലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തുവെന്ന് റിലയൻസ് അവകാശപ്പെടുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഇന്റർനെറ്റ് ഡോട്ട് ഓർഗിലെത്തിയവരുടെ എണ്ണമാണിത്. സുക്കർബർഗിന്റെയും മോദിയുടെയും ആശ്ലേഷവും ത്രിവർണപ്രൊഫൈലും കൂടുതൽ പേരെ ഇതിലേക്ക് കൊണ്ടുവരുമെന്നാണ് റിലയൻസിന്റെ പ്രതീക്ഷ.

ഫ്രീ ബേസിക്‌സ് എന്ന് പേരുമാറ്റിയ ഇന്റർനെറ്റ് ഡോട്ട് ഓർഗും റിലയൻസുമായുള്ള പങ്കാളിത്തം കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ടെലിക്കോം ദാതാക്കളുമായി ചേർന്ന് ഇന്ത്യയെപ്പോലുള്ള മൂന്നാം ലോകരാജ്യങ്ങളിലുള്ളവർക്ക് സൗജന്യ ഇന്റർനെറ്റ് എന്നആശയമാണ് ഫ്രീ ബേസിക്‌സ് മുന്നോട്ടുവച്ചതെങ്കിലും, അതിന് പിന്നിലുള്ള കുതന്ത്രങ്ങൾ പെട്ടെന്ന് വെളിപ്പെട്ടു. നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള ആഗോള മുന്നേറ്റത്തിന്റെ ഭാഗമായി ഇന്റർനെറ്റ് ഡോട്ട് ഓർഗ് ഇന്ത്യയിലും തിരസ്‌കരിക്കപ്പെട്ടു.

ഇതിനിടെയാണ് സുക്കർബർഗിന്റെ ത്രിവർണ പ്രൊഫൈൽ വീണ്ടും ഇന്റർനെറ്റ് ഡോട്ട് ഓർഗ് വിവാദത്തിന് തിരികൊളുത്തിയത്. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യയെ പിന്തുണച്ചുകൊണ്ട് ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് തൻെ പ്രൊഫൈൽ ചിത്രത്തിന് ത്രിവർണം പൂശി. മോദിയും തന്റെ പ്രൊഫൈൽ ഇതേ മാതൃകയിലാക്കി. ഇതേത്തുടർന്ന് ഒട്ടേറെപ്പേർ ഈ മാതൃക പിന്തുടർന്നു. 

ത്രിവർണ പ്രൊഫൈലിന് പിന്നിൽ ഇന്റർനെറ്റ് ഡോട്ട് ഓർഗിന്റെ കള്ളക്കളികളുണ്ടെന്ന് പിന്നാലെ വെളിപ്പെട്ടു. എന്നാൽ, അത് ഒരു എഞ്ചിനിയർക്ക് പറ്റിയ പിഴവാണെന്നും പ്രൊഫൈൽ ചിത്രത്തിന് ഇന്റർനെറ്റ് ഡോട്ട് ഓർഗുമായി ബന്ധമില്ലെന്നും ഫേസ്‌ബുക്കിന് വിശദീകരണം ഇറക്കേണ്ടിവന്നു.