- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിജിറ്റൽ മാധ്യമങ്ങളിലെ വിദേശ നിക്ഷേപത്തിന് നിയന്ത്രണം; പരമാവധി വിദേശ നിക്ഷേപം 26 ശതമാനം മാത്രം; കൂടുതൽ നിക്ഷേപം വാങ്ങിയവർ കുറക്കണമെന്ന് നിർദ്ദേശം; ഉത്തരവിറക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഡിജിറ്റൽ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ കേന്ദ്രസർക്കാറിന്റെ നീക്കം. ഡിജിറ്റൽ മാധ്യമങ്ങളിലെ വിദേശ നിക്ഷേപങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നു. ഡിജിറ്റൽ മാധ്യമങ്ങളിൽ 26 ശതമാനം മാത്രമെ വിദേശ നിക്ഷേപം അനുവദിക്കൂവെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഇതിൽ കൂടുതൽ നിക്ഷേപം വാങ്ങിയവർ കുറയ്ക്കണമെന്നാണ് നിർദ്ദേശം. വാർത്താവിതരണ പ്രക്ഷേപ മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
26 ശതമാനത്തിൽ കൂടുതൽ വിദേശ നിക്ഷേപം ഉള്ളവർ ഒരു വർഷത്തിനകം കുറയ്ക്കണമെന്നാണ് നിർദ്ദേശം. 26 ശതമാനത്തിൽ താഴെയാണ് നിക്ഷേപമെങ്കിൽ അത് വിശദമാക്കുന്ന രേഖകൾ ഒരുമാസത്തിനകം സമർപ്പിക്കണം. ഡിജിറ്റൽ മാധ്യമങ്ങളുടെ സിഇഒ ഇന്ത്യൻ പൗരന്മാരാകണം. 60 ദിവസങ്ങളിൽ കൂടുതൽ ഇന്ത്യയിൽ താമസിക്കുന്ന അത്തരം ഡിജിറ്റൽ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സുരക്ഷാ അനുമതി വാങ്ങണം തുടങ്ങിയ നിർദേശങ്ങളാണ് ഉത്തരവിലുള്ളത്.
നേരത്തെ ഒടിടി പ്ലാറ്റ്ഫോമുകൾക്കും ന്യൂസ് പോർട്ടലുകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾക്കും ന്യൂസ് പോർട്ടലുകൾക്കും നിയന്ത്രണം കൊണ്ടുവരാനാണ് സർക്കാർ തീരുമാനിച്ചത്. ഓൺലൈൻ സിനിമകൾക്കും പരിപാടികൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്രവാർത്താ വിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം, വാർത്താ പോർട്ടലുകൾ എന്നിവയെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് കീഴിലാക്കിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ സുപ്രീം കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ വന്നിരുന്നു.